ഒൻപതും അഞ്ചും വയസുള്ള മക്കളെ കെട്ടിയിട്ട് ടാറ്റൂ ചെയ്തു, കേസായപ്പോൾ ചർമ്മം മുറിച്ചു മാറ്റി

ടെക്സസ്: മക്കളുടെ ദേഹത്ത് ബലംപ്രയോഗിച്ച് ടാറ്റൂ അടിച്ച കേസിൽ അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി അറിഞ്ഞപാടെ കുട്ടികളുടെ ദേഹത്ത് ടാറ്റൂ അടിച്ച അത്രയും ഭാഗത്തെ ചർമ്മം ഇരുവരും ചേർന്ന് മുറിച്ചുമാറ്റി

. നാരങ്ങാനീര് കൊണ്ട് ശരീരത്തിൽ ഉരച്ചും ചുരണ്ടിയും ടാറ്റൂ നീക്കം ചെയ്യാനാണ് ഇരുവരും ആദ്യം ശ്രമിച്ചത്. ഇത് കുട്ടികളുടെ ദേഹത്ത് മുറിവുണ്ടാക്കിയിട്ടുണ്ട്. എന്നിട്ടും ടാറ്റൂ നീക്കം ചെയ്യാനാവാതെ വന്നതോടെയാണ് ചർമ്മം മുറിച്ചുമാറ്റിയത്.

അമേരിക്കയിലെ ടെക്സസിലാണ് സംഭവം. ഒൻപതും അഞ്ചും വയസുള്ള കുട്ടികളെ കെട്ടിയിട്ടാണ് അമ്മയും രണ്ടാനച്ഛനും ചേർന്ന് ടാറ്റൂ അടിച്ചത്. ഒരാളുടെ തോളിലും മറ്റേയാളുടെ കയ്യിലുമായിരുന്നു ടാറ്റൂ ചെയ്തത്. കുട്ടികളുടെ ശരീരത്തിലെ ടാറ്റൂ ശ്രദ്ധയിൽപെട്ടതോടെ ഇവരുടെ അച്ഛനും രണ്ടാനമ്മയുമാണ് സംഭവം ശിശു സംരക്ഷണ സേവനങ്ങൾ ലഭ്യമാക്കുന്ന സി.പി.എസിൽ (ചൈൽഡ് പ്രൊട്ടക്ടീവ് സർവീസസ്) അറിയിച്ചത്.

പരാതി ലഭിച്ചതറിഞ്ഞതോടെയാണ് പ്രതികൾ അറസ്റ്റ് ഒഴിവാക്കാനും തെളിവ് നശിപ്പിക്കാനുമായി കുട്ടികളുടെ ദേഹത്ത് മുറിവുണ്ടാക്കിയത്. കുട്ടികളെ മുറിവേൽപ്പിച്ചതിനും അനധികൃതമായി തടഞ്ഞുവെച്ചതിനുമടക്കം കേസെടുത്താണ് അമ്മയേയും രണ്ടാനച്ഛനേയും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.

Advertisement