ജർമനിയിലേക്ക് നഴ്സിങ് റിക്രൂട്ട്മെന്റ്: രണ്ടാം ഘട്ട അഭിമുഖം നവംബർ 2 മുതൽ

ബർലിൻ∙ ജർമനിയിലെ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും നോർക്ക റൂട്ട്സും സംയുക്തമായി നടത്തുന്ന നഴ്സിങ്ങ് റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തിലേക്ക് അപേക്ഷിച്ച 600 പേരുടെ ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ഇവർക്കായുള്ള അഭിമുഖം നവംബർ 2 മുതൽ 11 വരെ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ നടക്കും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവർക്ക് അവരവരുടെ ഇൻറർവ്യൂ സ്ലോട്ടുകൾ ഇ മെയിൽ മുഖേന അറിയിച്ചിട്ടുണ്ട്. ലഭിക്കാത്തവർ നോർക്ക-റൂട്ട്സിൻറെ ടോൾ ഫ്രീ നമ്പറായ 1800-425-3939 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നു നോർക്ക സിഇഒ അറിയിച്ചു.

ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട നഴ്സുമാർക്കായി നോർക്കയും ജർമൻ ഏജൻസികളും സംയുക്തമായി നടത്തുന്ന ഓൺലൈൻ ഏകദിന അവബോധ പരിപാടി ഒക്ടോബർ 25 ന് (ചൊവ്വാഴ്ച) 2 മണിക്ക് നടക്കും. നോർക്ക റൂട്ട്സ് റസിഡൻറ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

ജർമനിയിലെ തൊഴിൽ സാഹചര്യം, ജീവിതപങ്കാളിക്കും കുട്ടികൾക്കുമുള്ള വീസ സംബന്ധിച്ച വിവരങ്ങൾ റജിസ്റ്റേർഡ് നഴ്സ് ആയി മാറുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയയെല്ലാം ജർമൻ അധികൃതരിൽ നിന്നു തന്നെ ചോദിച്ചറിയാനുള്ള അവസരം ഈ പരിപാടിയിൽ നിന്നു ലഭിക്കും.

ജർമൻ ഭാഷയിൽ ബി1, ബി2 ലെവൽ അംഗീകൃത യോഗ്യതയുള്ളവരും എന്നാൽ ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവരുമായ ഉദ്യോഗാർഥികൾക്കു വേണ്ടി പ്രത്യേക ഇൻറർവ്യൂകൾ നടത്തുന്നതിനു ജർമൻ ഏജൻസി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആയതിനാൽ ജർമൻ ഭാഷയിൽ ബി1/ബി2 ലെവൽ അംഗീകൃത സർട്ടിഫിക്കറ്റുകൾ (സ്പീക്കിങ്, ലിസണിങ്, റീഡിങ്, റൈറ്റിങ് എന്നീ നാലു മൊഡ്യൂളുകളും പാസ്സായവർ മാത്രം) അവരുടെ സിവി, ജർമൻ ഭാഷാ സർട്ടിഫിക്കറ്റ് എന്നിവ അയക്കാവുന്നതാണെന്നും നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.

Advertisement