കെഎസ്ആർടിസി ഡ്രൈവർ യാത്രക്കാരന്റെ കരണത്തടിച്ചു

Advertisement

കൊല്ലം: ടിക്കറ്റ് എടുത്തില്ല എന്ന കാരണത്താൽ കെ.എസ്.ആർ.ടി.സി. ഡ്രൈവർ യാത്രക്കാരന്റെ കരണത്തടിച്ചു. കൊല്ലം ഏഴുകോണിലാണ് സംഭവം. യാത്രക്കാരന് പരാതി ഇല്ലാത്തതിനാൽ കേസ് എടുത്തിട്ടില്ല എന്ന് പോലീസ് വ്യക്തമാക്കി.

ബുധനാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ട വനിതാ കണ്ടക്ടറെ ഇയാൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ശേഷം ബസ്സിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഓടിയ യാത്രക്കാരനെ നാട്ടുകാർ പിടികൂടി ബസ്സിൽ എത്തിച്ചു.

നാട്ടുകാർ പിടികൂടി യാത്രക്കാരനെ ബസിലേക്കെത്തിച്ചു. അപ്പോഴാണ് കെ.എസ്.ആർ.ടി.സി. ഡ്രൈവർ യാത്രക്കാരന്റെ കരണത്തടിച്ചത്. പിന്നാലെ നാട്ടുകാരും യാത്രക്കാരനെ കൈയേറ്റം ചെയ്തു. എന്നാല്‍ വനിതാകണ്ടക്ടറോട് മോശമായി പെരുമാറിയതിനാണ് മര്‍ദ്ദനം എന്ന് മറുവാദമുണ്ട്.

ഏഴുകോൺ പോലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി മർദനത്തിൽ പരാതി ഇല്ലാത്തതിനാൽ കേസ് എടുത്തിട്ടില്ല എന്നും മാതാപിതാക്കളെ വിളിച്ചു വരുത്തി ഇയാളെ വിട്ടയച്ചു എന്നും പോലീസ് പറഞ്ഞു. കെ.എസ്.ആർ.ടി.സി. ബസിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്താൽ 500 രൂപയാണ് പിഴ. എന്നാൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരെ മർദിക്കാൻ നിയമമില്ലെന്ന് കെ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

Advertisement