ബ്രിട്ടനിൽ രാജഭരണ വിരുദ്ധ വികാരം ശക്തമാകുന്നു

Advertisement

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ രാജഭരണം അവസാനിപ്പിക്കണമെന്ന ആവശ്യം ബ്രിട്ടീഷ് ജനതയ്ക്കിടയിൽ ശക്തമാകുന്നു.

ഒരു കുടുംബത്തിന് ജനങ്ങൾക്കുമേൽ രാഷ്ട്രീയാധികാരം നൽകുന്ന പ്രാകൃത സംവിധാനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ പ്രക്ഷോഭങ്ങൾ അരങ്ങേറുകയാണ്. രാജ്ഞി മരിച്ചതോടെ മകൻ ചാൾസിനെ രാജാവായി പ്രഖ്യാപിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ജനസമ്മതിയില്ലാത്ത രാജാവാണെന്നും പ്രക്ഷോഭകർ പറയുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

രാജഭരണം അവസാനിപ്പിക്കണമെന്നും മറ്റ് ജനാധിപത്യ രാജ്യങ്ങളിലെന്നപോലെ പ്രസിഡന്റ് രാഷ്ട്രത്തലവനാകുന്ന സംവിധാനം കൊണ്ടുവരണമെന്നും സമൂഹമാധ്യമങ്ങളിലടക്കം ക്യാംപയിൻ തുടങ്ങി. അതിനിടെ, പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്തതും പ്രതിഷേധത്തിനിടയാക്കി. ബ്രിട്ടീഷ് രാജ്ഞി/ രാജാവ് രാഷ്ട്രത്തലവനായുള്ള മറ്റ് രാഷ്ട്രങ്ങളിലും ഈ സംവിധാനം അവസാനിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. കഴിഞ്ഞദിവസം ഓസ്ട്രേലിയൻ പാർലമെന്റിലും ഇത് ചർച്ചയായി.

അതേസമയം, എലിസബത്തിന്റെ മൃതദേഹം ബക്കിങ്ഹാം കൊട്ടാരത്തിൽനിന്ന് വെസ്റ്റ്മിൻസ്റ്റർ ഹാളിൽ എത്തിച്ചു. സംസ്കാരം നടക്കുന്ന 19ന് രാവിലെവരെ പൊതുദർശനത്തിനുവയ്ക്കും. വിവിധ രാഷ്ട്രത്തലവന്മാരുടെയും ലോകനേതാക്കളുടെയും സാന്നിധ്യത്തിലാകും സംസ്കാരചടങ്ങ്. ചടങ്ങിൽ പങ്കെടുക്കാനായി രാഷ്ട്രപതി ദ്രൗപദി മുർമു 17ന് ലണ്ടനിലെത്തും. രാഷ്ട്രപതിയായശേഷമുള്ള ആദ്യ വിദേശ സന്ദർശനമാകുമിത്.

Advertisement