കാപികോ റിസോർട്ട് പൊളിക്കൽ ഉടൻ തുടങ്ങിയേക്കും

പൂച്ചാക്കൽ: സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോർട്ട് പൊളിക്കൽ നടപടികൾ ഉടൻ തുടങ്ങിയേക്കും. ഘട്ടം ഘട്ടമായി നടക്കുന്ന പൊളിക്കലിൽ ആദ്യം രണ്ടു വില്ലകളാണ് പൊളിക്കുക.

കയ്യേറിയ സർക്കാർ പുറമ്പോക്ക് ഭൂമി തിങ്കളാഴ്ച കളക്ടർ വി.ആർ. കൃഷ്ണതേജ ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചിരുന്നു. ഇവിടെ ആകെയുള്ള 7.0212 ഹെക്ടർ ഭൂമിയിൽ റിസോർട്ടിന് പട്ടയമുള്ളതിന്റെ ബാക്കിയുള്ള 2.9397 ഹെക്ടർ സ്ഥലമാണ് കളക്ടർ ഏറ്റെടുത്തത്. തീരപരിപാലന നിയമം ലംഘിച്ച് നിർമിച്ച റിസോർട്ട് പൊളിക്കുന്നതിന് 2020 ജനുവരിയിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അ‌ടിസ്ഥാനത്തിൽ പൊളിക്കൽ നടപടിക്ക് അധികൃതർ തീരുമാനിച്ചു.

35900 ചതുരശ്ര അടി വിസ്തീർണത്തിലുള്ള കെട്ടിട സമുച്ചയമാണ് പൊളിക്കേണ്ടത്. ഇതിൽ നീന്തൽക്കുളങ്ങൾ ഉൾപ്പെടെ 54 വില്ലകളും അനുബന്ധ സൗകര്യങ്ങളുമുണ്ട്. രണ്ട് വില്ലകൾ ആദ്യവും ബാക്കി പിന്നാലെയും പൊളിക്കും. റിസോർട്ട് ഉടമകളുടെ ചെലവിലാണ് പൊളിക്കുന്നത്. പൊളിച്ച സാധനങ്ങൾ കൊണ്ടുപോകുന്നതിന് ഉ‌ടമകൾ കരാർ നൽകിയതായാണ് വിവരം. പൊളിക്കുന്ന അവശിഷ്ടങ്ങൾ റിസോർട്ട് ഉടമകളുടെ നേതൃത്വത്തിൽ നീക്കം ചെയ്യും. കായലിലേക്ക് വീണും മറ്റും പരിസര മലിനീകരണം പാടില്ലെന്നു നിർദേശിച്ചിട്ടുണ്ട്.

ഘട്ടം ഘട്ടമായി പൊളിക്കുന്നതിന്റെ മാസ്റ്റർ പ്ലാൻ റിസോർട്ട് ഉടമകൾ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിക്കും കലക്ടർക്കും നൽകിയിട്ടുണ്ട്. ഇത് പരിശോധിച്ച് അനുമതി നൽകുന്നതോടെ പൊളിക്കൽ തുടങ്ങും. ഇന്നലെ കലക്ടറേറ്റിൽ ഇത് സംബന്ധിച്ച് കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. റവന്യൂ, മലിനീകരണ നിയന്ത്രണ ബോർഡ്, പഞ്ചായത്ത്, ദുരന്ത നിവാരണ വകുപ്പ് അധികൃതരും റിസോർട്ട് ഉടമകളുടെ പ്രതിനിധികളും പങ്കെടുത്തു.

കളക്ടറുടെ നേതൃത്വത്തിൽ സബ് കളക്ടർ സൂരജ് ഷാജി നോഡൽ ഓഫിസറായി പഞ്ചായത്ത് – വില്ലേജ് അധികൃതരുടെ സമിതി പൊളിക്കൽ നടപടികൾക്ക് മേൽനോട്ടം വഹിക്കും. റിസോർട്ടിന്റെ പൂർണരൂപവും അവിടെയുള്ള സാധനങ്ങളുടെയും വിവരങ്ങൾ സംബന്ധിച്ച് വിഡിയോ മഹസർ തയാറാക്കൽ ഇന്നലെ തുടങ്ങി. ഇന്നു പൂർത്തിയാകും. പാണാവള്ളി വില്ലേജ് ഓഫിസർ കെ. ബിന്ദു, പഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ്, പഞ്ചായത്തം​ഗം ജി. ധനേഷ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement