മോഹൻജൊദാരോയെ ലോക പൈതൃക പട്ടികയിൽ നിന്നും ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്

ഇസ്ലാമബാദ്: സിന്ധു നദീതട സംസ്കാരവുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശമായ മോഹൻജൊദാരോയെ ലോക പൈതൃക പട്ടികയിൽ നിന്ന് ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്.

പാകിസ്താനിൽ സ്ഥിതി ചെയ്യുന്ന മോഹൻജൊദാരോ കടുത്ത പ്രതിസന്ധി നേരിടുകയാണ്. മാസങ്ങളായി പെയ്യുന്ന മഴ മൂലം മോഹൻജൊദാരോയുടെ അവശിഷ്ടങ്ങൾ ഭാഗീകമായി തകർന്നു കൊണ്ടിരിക്കുകയാണ്.

സാംസ്കാരിക ബിംബങ്ങൾ സംരക്ഷിക്കാൻ കഴിയാത്തത് കാരണം ലോക പൈതൃക പട്ടികയിൽ നിന്നും നീക്കം ചെയ്യുമെന്ന പുരാവസ്തു വകുപ്പിന്റെ റിപ്പോർട്ട് ഇതിനോടകം പുറത്ത് വന്നിരിക്കുകയാണ്. മോഹൻജൊദാരോയിൽ അവശേഷിക്കുന്ന പൈതൃക ബിംബങ്ങൾ സംരക്ഷിക്കാൻ വേണ്ട നടപടികൾ പാകിസ്താൻ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കടക്കാൻ കാരണം.

മോഹൻജൊദാരോ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് റെക്കോർഡ് മഴ പെയ്യുന്നത് കാരണം മതിലുകളും മറ്റു പല നിർമ്മിതികളും പൊളിഞ്ഞു വീഴുകയാണ്. ഡ്രോൺ ഉപയോഗിച്ച്‌ നടത്തിയ പരിശോധനയിൽ മോഹൻജൊദാരോയുടെ നിരവധി ഭാഗങ്ങൾ നശിച്ചതായി കണ്ടെത്തിയെന്ന് സൈറ്റിന്റെ ക്യൂറേറ്റർ ആന്റിക്വിറ്റീസ് ആൻഡ് ആർക്കിയോളജി ഡയറക്ടർക്ക് അയച്ച കത്തിൽ പറയുന്നു. 1980ലാണ് യുനെസ്‌കോ ലോക പൈതൃക കേന്ദ്രമായി മോഹൻജൊദാരോയെ പട്ടികയിൽ ഉൾപ്പെടുത്തിയത്. കൃത്യമായ സംരക്ഷണം ഒരുക്കാതെ നിസ്സംഗത പാലിച്ചാൽ ഇല്ലാതാകുന്നത് വലിയൊരു നാഗരികതയുടെ അവശേഷിക്കുന്ന സാംസ്കാരിക മൂല്യങ്ങളാകും.

Advertisement