എയർകണ്ടീഷൻ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ക്ഷേമപെൻഷൻ നിഷേധിച്ചതായി പരാതി

എയർകണ്ടീഷൻ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ക്ഷേമപെൻഷൻ നിഷേധിച്ചതായി പരാതി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ 2019 മുതൽ ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ പട്ടികയിൽ നിന്ന് യോഗ്യതയില്ലാത്ത അഞ്ച് ലക്ഷത്തോളം ആളുകളെയാണ് വിവിധ ഘട്ടങ്ങളിലായി നീക്കം ചെയ്തത്.
മരിച്ചവർ, മോട്ടോർ വാഹന ഉടമകൾ, ആദായനികുതിദായകർ തുടങ്ങിയ വിവിധ ഡാറ്റാബേസുകൾ ഉപയോഗിച്ചാണ് ധനവകുപ്പ് അയോഗ്യരെ കണ്ടെത്തിയത്.

ഏറ്റവും ഒടുവിലത്തേത് റബർ സബ്സിഡി ലഭിക്കുന്ന കർഷകരുടെ ഡാറ്റാബേസ് ഉപയോഗിച്ച്‌ നടത്തിയ പരിശോധന ആയിരുന്നു. റബർ സബ്സിഡി ലഭിക്കുന്നവർക്ക് കുറഞ്ഞത് രണ്ടേക്കർ ഭൂമിയുള്ളതിനാൽ പെൻഷന് അർഹതയില്ല. അത്തരത്തിലുള്ള ഏകദേശം 9,000 കർഷകരെയാണ് കണ്ടെത്തിയത്. അവരുടെ വിശദാംശങ്ങൾ വീണ്ടും പരിശോധിക്കുന്നതിനും യോഗ്യതയില്ലെങ്കിൽ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയിരുന്നു.

വീട്ടുമുറ്റത്ത് കാറും എയർകണ്ടീഷൻ ചെയ്ത വീടുമെല്ലാം ഒരു വ്യക്തിയുടെ ഉയർന്ന സാമ്പത്തിക സ്ഥിതിയുടെ അടയാളമായാണ് കണക്കാക്കുന്നത്. എന്നാൽ, ഇത്തരം പുറംമോടികളൊന്നും തന്നെ ആ വ്യക്തിയുടെ സാമ്പത്തിക നിലയെ പ്രതിഫലിപ്പിക്കണമെന്നില്ലെന്ന് ചില ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ പറയുന്നു.

അനർഹരാണെന്ന് കണ്ടെത്തി പെൻഷൻ തടഞ്ഞ ആളുകളിൽ നിന്ന് നിരവധി നിവേദനങ്ങൾ സർക്കാരിനും തദ്ദേശ സ്ഥാപനങ്ങൾക്കും ലഭിക്കുന്നുണ്ട്. വീട്ടിൽ എയർകണ്ടീഷൻ മുറികൾ ഉള്ളതിനാൽ പെൻഷൻ പദ്ധതിയിൽ നിന്ന് തന്റെ പേര് ഒഴിവാക്കിയതായി മലപ്പുറം സ്വദേശിയായ ഒരാൾ നൽകിയ പരാതിയിൽ പറയുന്നു. എയർകണ്ടീഷൻ ഒരു ആഡംബരമല്ലെന്നും കാലാവസ്ഥ മാറുന്നതിനനുസരിച്ച്‌ അത് വീട്ടിൽ അത്യാവശ്യമാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.

പെൻഷൻ പദ്ധതിയുടെ മാനദണ്ഡമനുസരിച്ച്‌, 2,000 ചതുരശ്ര അടിയിൽ കൂടുതലുള്ള വീടുകളുള്ളവർ, എയർകണ്ടീഷൻ മുറികളുള്ള വീടുകളുള്ളവർ, 1000 സിസിക്ക് മുകളിൽ വാഹനങ്ങൾ ഉള്ളവർ തുടങ്ങിയവർ പദ്ധതിക്ക് അർഹരല്ല. മാത്രമല്ല, ഗുണഭോക്താവിന്റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.

അതിനിടെ, പെൻഷൻ ഗുണഭോക്താക്കൾ വില്ലേജ് ഓഫീസറിൽ നിന്ന് പുതിയ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയാണെന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണിത്. 50 ലക്ഷത്തിലധികം വരുന്ന ഗുണഭോക്താക്കളിൽ നാലിലൊന്ന് പേർക്കെങ്കിലും സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്ന് ധനവകുപ്പ് വകുപ്പ് പറയുന്നു.

സർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പ് കൃത്യമായ പരിശോധന നടത്താൻ വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ധനവകുപ്പ് കഴിഞ്ഞയാഴ്ച റവന്യൂ വകുപ്പിന് കത്ത് നൽകിയിരുന്നു. വില്ലേജ് ഓഫീസർമാർ ഗുണഭോക്താവിന്റെ റേഷൻ കാർഡിനെ മാത്രം മാനദണ്ഡമാക്കരുതെന്നും കത്തിൽ പറയുന്നു. പകരം കുടുംബാംഗങ്ങളുടെ വരുമാനവും കുടുംബ സ്വത്തുക്കളിൽ നിന്നുള്ള വരുമാനവും കൂടി കണക്കാക്കണം. പ്രതിമാസം ശരാശരി 25,000 പേരാണ് പെൻഷൻ പദ്ധതിയിൽ ചേരുന്നത്. ഓഗസ്റ്റിൽ 50.53 ലക്ഷം പേർക്ക് പെൻഷൻ നൽകുന്നതിനായി സർക്കാർ 771.75 കോടി രൂപയാണ് ചെലവഴിച്ചത്.

Advertisement