ഇനിയില്ല ആ കൊളോണിയൽ രാജവീഥി, പകരം കർത്തവ്യപഥ്

ന്യൂഡൽഹി: പഴയ കൊളോണിയൽ അവശേഷിപ്പികൾ പേരുകളിൽ നിന്ന് നീക്കം ചെയ്യുകയാണ് ഇന്ത്യ. ഏറ്റവുമെടുവിലായി രാജ്യത്തിൻറെ ഭരണസിരാ കേന്ദ്രമായ ഡൽഹിയിലെ പ്രധാനപാതയുടെ പേരും കേന്ദ്ര സർക്കാർ മാറ്റിയിരിക്കുന്നു.

രാജ്പഥിൻറെ പേര് കർത്തവ്യപഥ് (കടമയുടെ പാത) എന്നാണ് മാറ്റിയത്. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യ ഗേറ്റ് വരെയുള്ള ഭാഗമാണ് ഇനി മുതൽ കർത്തവ്യപഥ് എന്ന് അറിയപ്പെടുക. നവീകരിച്ച സെൻട്രൽ വിസ്ത അവന്യൂ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമാണ് അവന്യൂ, പദ്ധതിയുടെ ഭാഗമായി പുതിയ ത്രികോണ പാർലമെൻറ് മന്ദിരവും സെൻട്രൽ സെക്രട്ടേറിയറ്റും പ്രധാനമന്ത്രിക്കായി പ്രത്യേക വസതിയും മറ്റ് നിരവധി സർക്കാർ ഓഫീസുകളും പുനർനിർമ്മിക്കുന്നു.

റിപ്പബ്ലിക് ദിന പരേഡ് കടന്നു പോകുന്ന ഈ പാത ഇന്ത്യയുടെ സ്വാതന്ത്ര ചരിത്രത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന പല ചരിത്രസംഭവങ്ങൾക്കും സാക്ഷിയാണ്.

കിംഗ് ജോർജ്ജ് അഞ്ചാമൻറെ കാലത്താണ് ഈ പാതയ്ക്ക് കിംഗ്‌സ് വേ എന്ന പേര് നൽകിയത്. സ്വാതന്ത്രാനന്തരം കിംഗ്സ് വേ ഹിന്ദിവത്ക്കരിക്കപ്പെട്ട് രാജ്പഥ് ആയി.

രാജ്പഥിൻറെ പേരിലുള്ള ബ്രിട്ടീഷ് സ്വാധീനം ഒഴിവാക്കുന്നതിൻറെ ഭാഗമായാണ് പാതയ്ക്ക് കർത്തവ്യപഥ് എന്ന പേര് നൽകിയത്.

ഈ വർഷത്തെ സ്വാതന്ത്രദിന പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി കൊളോണിയൽ മാനസികാവസ്ഥയുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ ഇല്ലാതിൻറെ ഭാഗമായി പേര് മാറ്റം നിർദ്ദേശിച്ചിരുന്നു.

നേരത്തെയും ഇന്ത്യയിൽ പേര് മാറ്റം നടപ്പാക്കിയിരുന്നു. മുമ്പ് റേസ് കോഴ്‌സ് റോഡ് എന്നറിയപ്പെട്ടിരുന്ന പാത 2016 ൽ ലോക് കല്യാൺ മാർഗ് എന്ന പേരിൽ പുനനാമകരണം ചെയ്തിരുന്നു. അത് പോലെ തന്നെ ഔറംഗസേബ് റോഡ്, 2015 ൽഎപിജെ അബ്ദുൾ കലാം റോഡ് എന്നും പേര് മാറ്റിയിരുന്നു.

മുഗൾ ചക്രവർത്തി ഷാജഹാൻറെ മൂത്ത പുത്രനോടുള്ള ആദരസൂചകമായി 2017 ൽ ഡൽഹൗസി റോഡിൻറെ പേര് ദാരാ ഷിക്കോ റോഡ് എന്നാക്കി മാറ്റിയിരുന്നു. 2014 ൽ ആദ്യത്തെ എൻഡിഎ സർക്കാർ അധികാരമേറ്റതിന് ശേഷമാണ് ദില്ലിയിലെ പേരുകളിൽ പലതും മാറ്റപ്പെട്ടതെന്നതും ശ്രദ്ധേയമാണ്.

അതിന് മുമ്പ് 1996 ൽ മദ്രാസ് നഗരത്തിൻറെ പേര് ചെന്നൈ എന്ന് മാറ്റി തമിഴ്നാട് സർക്കാരും 2014 ൽ ബാംഗ്ളൂർ നഗരം ബെംഗളൂരുവാക്കി കർണ്ണാടക സർക്കാരും മുന്നോട്ട് വന്നിരുന്നു.

കൊളോണിയൽ കാലത്തെ പേര് മാറ്റത്തിൻറെ പേരിൽ മുഗൾ കാലഘട്ടത്തിലെ പേരുകൾ പോലും മാറ്റുകയാണെന്ന് ആരോപണവും ഇതിനിടെ ഉയർന്നിരുന്നു. സെപ്തംബർ എട്ടിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ തലസ്ഥാന നഗരം പുതിയ നിർമ്മാണത്തിൽ ഏറെ ശ്രദ്ധേയമാകും. സെപ്തംബർ ഒമ്പത് മുതൽ പൊതുജനങ്ങൾക്കായി കർത്തവ്യപഥ് തുറന്ന് കൊടുക്കും.

1911-ൽ ബ്രിട്ടീഷ് ഗവൺമെൻറെ അവരുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റാൻ തീരുമാനിച്ചതിൻറെ ഭാഗമായാണ് ന്യൂഡൽഹിയിൽ പാർലമെൻറ് നിർമ്മാണം തുടങ്ങിയത്. 1920-ൽ ആർക്കിടെക്റ്റുമാരായ എഡ്വിൻ ലൂട്ടിയൻസിനും ഹെർബർട്ട് ബേക്കറിനുമായിരുന്നു ഇതിൻറെ നിർമ്മാണ ചുമതല.

Advertisement