സിവില്‍ സര്‍വീസ് ഫലം; 2012ന് ശേഷമുള്ള ഏറ്റവും ചെറിയ പട്ടിക

Advertisement

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമാണ് ഇക്കൊല്ലത്തെ സിവില്‍ സര്‍വീസ് പരീക്ഷാഫലം പുറത്ത് വന്നത്. മലയാളികളടക്കമുള്ളവര്‍ പട്ടികയില്‍ ഇടംപിടിച്ചു ആദ്യ റാങ്കുകാരിലേറെയും പെണ്‍കുട്ടികളാണെന്ന പ്രത്യേകതയും ഇക്കൊല്ലത്തെ പട്ടികയയ്ക്ക് ഉണ്ട്.

ഇതിലും ഏറെ ശ്രദ്ധേയമായ മറ്റൊരു വസ്തുതയും ഇക്കൊല്ലത്തെ പട്ടിക പരിശോധിച്ചാല്‍ മനസിലാകും. 2012ന് ശേഷം പുറത്ത് വന്ന പട്ടികയില്‍ ഏറ്റവും കുറവ് ഉദ്യോഗാര്‍ത്ഥികള്‍ ഇടംപിടിച്ച പട്ടിക കൂടിയാണിത്. കേവലം 685 പേര്‍ മാത്രമാണ് ഇത്തവണത്തെ പട്ടികയില്‍ ഉള്ളത്. ഐഎഎസ്, എപിഎസ്, ഐഎഫ്എസ് തുടങ്ങിയവയ്ക്ക് പുറമെ കേന്ദ്രസര്‍ക്കാരിന്റെ ഗ്രൂപ്പ് എ, ബി തസ്തികകളിലേക്കുള്ള നിയമനത്തിന് കൂടിയുള്ള പട്ടികയാണ് ഇത്. ഇത് പെട്ടെന്ന് സംഭവിച്ച ഒരു വെട്ടിച്ചുരുക്കല്‍ അല്ലെന്ന് മുന്‍ വര്‍ഷങ്ങളിലെ പട്ടികകള്‍ പരിശോധിച്ചാല്‍ നമുക്ക് മനസിലാക്കാവുന്നതാണ്.

2014ല്‍ 1236 ഉദ്യോഗാര്‍ത്ഥികളാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. 2012ല്‍ ഇത് 998 ആയിരുന്നു. 2013, 2015, 2016,2017, 2018,2019, 2020 വര്‍ഷങ്ങളില്‍ യഥാക്രമം 1,122,1,078,1,099,990,759,829,761 എന്നിങ്ങനെ ആയിരുന്നു പട്ടികയിലുള്‍പ്പെട്ടവരുടെ എണ്ണം. തെരഞ്ഞെടുക്കപ്പെടുന്നവരുടെ എണ്ണത്തിലും പരസ്യപ്പെടുത്തുന്ന ഒഴിവുകളുടെ എണ്ണത്തിലും വന്‍ ഇടിവാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സംഭവിക്കുന്നത്.

2021ല്‍ 749 ഒഴിവുകളാണ് സര്‍ക്കാര്‍ പരസ്യപ്പെടുത്തിയത്. 2020ല്‍ 836 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും 761 പേരെ മാത്രമാണ് തെരഞ്ഞെടുത്തത്. 2019ല്‍ 927 ഒഴിവുകള്‍ ഉണ്ടായപ്പോള്‍ കേവലം 829 പേരെ മാത്രമാണ് തെരഞ്ഞെടുത്തത്. മനുഷ്യ വിഭവ ശേഷി ശരിയായി ഉപയോഗിക്കുക എന്ന കേന്ദ്ര നയത്തിന്റെ ഭാഗമാണ് ഈ പരിഷ്‌കാരങ്ങള്‍ എന്നാണ് ഔദ്യോഗിക വിശദീകരണം. 2021 ഒക്ടോബറില്‍ അഞ്ച് ലക്ഷത്തോളം പേരാണ് പ്രാഥമിക പരീക്ഷ എഴുതിയത്. ഇതില്‍ 9,214പേര്‍ മുഖ്യപരീക്ഷയ്ക്ക് യോഗ്യത നേടി. 1,824 പേര്‍ പിന്നീട് പേഴ്‌സണാലിറ്റി പരിശോധനയ്ക്ക് എത്തി. പത്ത് ലക്ഷത്തോളം പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഇക്കൊല്ലം ആദ്യം എഐഎസ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി പേഴ്‌സണണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥകള്‍ കേന്ദ്രസര്‍ക്കാരിന് നിശ്ചയിക്കാനാകും വിധമായിരുന്നു ഭേദഗതികള്‍. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഡെപ്യൂട്ടേഷനില്‍ വിട്ടുനല്‍കാത്ത സ്ഥിതി ഉണ്ടായ പശ്ചാത്തലത്തിലാണ് ഇത്തരം ഉത്തരവ് എന്ന വിശദീകരണവും ഉണ്ടായി.

Advertisement