27.5 C
Kollam
Monday 19th October, 2026 | 10:54:05 PM
Home News Breaking News കൊല്ലത്ത് ഹാര്‍ബര്‍ ശുചിമുറി ടാങ്കിലെ മൃതദേഹാവശിഷ്ടം കൊലപാതകം; പ്രതി പിടിയില്‍

കൊല്ലത്ത് ഹാര്‍ബര്‍ ശുചിമുറി ടാങ്കിലെ മൃതദേഹാവശിഷ്ടം കൊലപാതകം; പ്രതി പിടിയില്‍

കൊല്ലം: ശക്തികുളങ്ങര ഹാർബറിലെ ശുചിമുറി ടാങ്കിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ചവറ കൊട്ടുകാട് സ്വദേശി നിസാർ (55) കൊല്ലപ്പെട്ട സംഭവത്തിൽ കൊട്ടിയം സ്വദേശി ശ്യാംജിത്ത് പിടിയിലായി. നിസാറിനെ കൊലപ്പെടുത്തി ടാങ്കിൽ തള്ളിയതാണെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇയാളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

കഴിഞ്ഞ മാസം 30ന് ഹാർബറിലെ ശുചിമുറി മാലിന്യം നീക്കുന്നതിനായി സ്ലാബ് തുറന്നപ്പോഴാണ് തൊഴിലാളികൾ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ആദ്യം മൃഗത്തിന്റേതാണെന്ന് കരുതിയ അവശിഷ്ടങ്ങൾ വെറ്ററിനറി സർജൻ പരിശോധിച്ചപ്പോഴാണ് മനുഷ്യന്റേതല്ലെന്ന സംശയം മാറിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ തലയോട്ടിയും കണ്ടെത്തി.

ഹാർബറിലെ ശുചിമുറികൾ വാടകയ്ക്ക് നൽകുന്നയാളായ നിസാർ അവിടെത്തന്നെയായിരുന്നു താമസം. ശുചിമുറിയുടെ കരാർ ഏറ്റെടുത്തിരുന്നയാളുടെ ഡ്രൈവറാണ് അറസ്റ്റിലായ ശ്യാംജിത്ത്.

സംഭവദിവസം നിസാർ ചീത്തവിളിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. ഇതേച്ചൊല്ലിയുള്ള തർക്കത്തിനിടെ പ്രതി ആദ്യം കൈകൊണ്ട് മർദിക്കുകയും പിന്നീട് ശുചിമുറിയിലുണ്ടായിരുന്ന കമ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മരണം ഉറപ്പാക്കിയശേഷം മൃതദേഹം പായയിൽ പൊതിഞ്ഞ് സമീപത്തെ ടാങ്കിൽ തള്ളിയെന്നാണ് മൊഴി.

കൊലപാതകത്തിനുശേഷവും പ്രതി ജോലി തുടർന്നു. സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്യാംജിത്ത് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here