ന്യൂഡൽഹി: തിരംഗാ മാർച്ചിന് തൊട്ടുമുൻപ് സിജെപി നേതാവ് അഭിജീത് ദീപ്കെയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊണാട്ട് പ്ലേസിലേക്ക് മാർച്ചിൽ പങ്കെടുക്കാൻ പുറപ്പെട്ടപ്പോഴാണ് നടപടി. മാർച്ചിൽ പങ്കെടുക്കരുതെന്ന് നേരത്തേ ദീപ്കെയുടെ താമസസ്ഥലത്തെത്തി പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മാർച്ചുമായി മുന്നോട്ടുപോകുമെന്ന നിലപാടിലായിരുന്നു ദീപ്കെ.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ദേശീയപതാകയേന്തി മാർച്ച് നടത്താനായിരുന്നു സിജെപിയുടെ തീരുമാനം. പ്രതിഷേധം തടയാൻ കരോൾബാഗിലെ ദീപ്കെയുടെ താമസസ്ഥലത്തും പരിസരങ്ങളിലും പൊലീസ് വിന്യസിച്ചിരുന്നു. ദേശീയപതാക ഉയർത്തുന്നത് കുറ്റമാണെങ്കിൽ ജയിലിൽ പോകാനും തയ്യാറാണെന്ന് ദീപ്കെ പ്രഖ്യാപിച്ചിരുന്നു.
മാർച്ച് തടയാൻ കൊണാട്ട് പ്ലേസിലും പരിസരങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. 25,000ത്തിലേറെ പൊലീസ്, അർധസൈനിക ഉദ്യോഗസ്ഥരെ വിന്യസിച്ചു. പ്രതിഷേധവേദിയായി പ്രഖ്യാപിച്ച സെൻട്രൽ പാർക്ക് രണ്ടുദിവസത്തേക്ക് അടച്ചിട്ടു. ബാരിക്കേഡുകളും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ച് നിയന്ത്രണങ്ങൾ ശക്തമാക്കി.
ജന്തർ മന്തറിൽ ദേശീയപതാക ഉയർത്തി പ്രതിഷേധിച്ചതിന് അറസ്റ്റിലായ സിജെപി സഹകൺവീനർമാരായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ മോചനം ആവശ്യപ്പെട്ടാണ് തിരംഗാ മാർച്ച് പ്രഖ്യാപിച്ചത്.


























