28.3 C
Kollam
Tuesday 18th August, 2026 | 10:16:52 AM
Home News Breaking News ‘ഈ വര്‍ഷങ്ങളിലെല്ലാം സംഭവിച്ച ഏറ്റവും മനോഹരമായ കാര്യം നമ്മള്‍ നേടിയ കിരീടങ്ങള്‍ മാത്രമല്ല, നമ്മള്‍ ഒരുമിച്ച്...

‘ഈ വര്‍ഷങ്ങളിലെല്ലാം സംഭവിച്ച ഏറ്റവും മനോഹരമായ കാര്യം നമ്മള്‍ നേടിയ കിരീടങ്ങള്‍ മാത്രമല്ല, നമ്മള്‍ ഒരുമിച്ച് പിന്നിട്ട ആ യാത്ര തന്നെയാണ്’

ന്യൂയോര്‍ക്ക്: ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന ലോകകപ്പ് ഫൈനലില്‍ സ്‌പെയിനെ നേരിടാന്‍ ഒരുങ്ങുന്നതിനിടെ, സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ വികാരനിര്‍ഭര സന്ദേശം. ഇന്‍സ്റ്റഗ്രാമില്‍ ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മെസ്സി കുറിച്ച വാക്കുകള്‍, താരം ലോകകപ്പിനു പിന്നാലെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുകയാണോ എന്ന ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് കിരീടമെന്ന സ്വപ്നത്തിലേക്ക് അര്‍ജന്റീനയെ നയിക്കുന്ന മെസി, മത്സരത്തിന് മുന്നോടിയായി സഹതാരങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കാനും ഈ കുറിപ്പിലൂടെ ശ്രമിച്ചിട്ടുണ്ട്.


‘ഈ വര്‍ഷങ്ങളിലെല്ലാം സംഭവിച്ച ഏറ്റവും മനോഹരമായ കാര്യം നമ്മള്‍ നേടിയ കിരീടങ്ങള്‍ മാത്രമല്ല, നമ്മള്‍ ഒരുമിച്ച് പിന്നിട്ട ആ യാത്ര തന്നെയാണ്. ഈ സംഘത്തോടൊപ്പം ഓരോ ദിവസവും പങ്കിടുക, ഒരുമിച്ച് പോരാടുക, പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരുമിച്ച് എഴുന്നേല്‍ക്കുക, ഓരോ ചുവടും ആസ്വദിക്കുക… ഇതൊക്കെയാണ് പ്രധാനം. ഈ ടീമിനെ ഒരു കുടുംബമായി നിലനിര്‍ത്താന്‍ ദിവസവും അധ്വാനിക്കുന്ന എന്റെ സഹതാരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും എല്ലാ ജീവനക്കാര്‍ക്കും നന്ദി. നാളെ എന്തുതന്നെ സംഭവിച്ചാലും, ആര്‍ക്കും ഒരിക്കലും മായ്ക്കാനാകാത്ത, ആരും മറക്കാത്ത ഒരു ചരിത്രം ഇതിനോടകം തന്നെ നാം എഴുതിക്കഴിഞ്ഞു. വാമോസ് അര്‍ജന്റീന’ -മെസി കുറിച്ചു.