Home News പത്രം | മലയാള ദിനപത്രങ്ങളിലൂടെ |2026 | ജൂൺ 8, തിങ്കൾ

പത്രം | മലയാള ദിനപത്രങ്ങളിലൂടെ |2026 | ജൂൺ 8, തിങ്കൾ

Advertisement

ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു

പാചകവാതക ഗാർഹിക സിലിണ്ടറിന് 29 രൂപ വർധിപ്പിച്ചു. തിരുവനന്തപുരത്ത് സിലിണ്ടറിന് 951 രൂപയായി. മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹിക സിലിണ്ടറിന് വില കൂട്ടുന്നത്. മാർച്ച് ഏഴിന് 60 രൂപ വർധിപ്പിച്ചിരുന്നു.

ഇസ്രായേലിൽ ഇറാന്റെ കനത്ത മിസൈൽ ആക്രമണം

ഇസ്രായേലിൽ ഇറാന്റെ കനത്ത മിസൈൽ ആക്രമണം. വടക്കൻ മേഖലയിൽ പലയിടത്തും സ്ഫോടനങ്ങളുണ്ടായി. സൈറൺ മുഴങ്ങി. ആക്രമണത്തിന്റേയും നാശനഷ്ടങ്ങളുടേയും വ്യാപ്തി വ്യക്തമല്ല. ലബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനു തിരിച്ചടിയായാണ് ഇറാൻ ഇസ്രയേലിൽ ആക്രമണം നടത്തിയത്.

നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

നടൻ സലിംകുമാർ ഓർമയായി. പറവൂർ ടൗൺഹാളിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ, സിനിമാ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ അതികായർ ആദരാഞ്ജലികളർപ്പിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ ടൗൺഹാളിലെത്തി സലിം കുമാറിന്റെ മക്കളെ ആശ്ലേഷിച്ച് ആശ്വസിപ്പിച്ചു.

വൈദ്യുതി മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമനം: ബെന്നി തോമസ് രാജിവച്ചു

പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമന വിവാദത്തിനൊടുവിൽ രാജി. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റ പേഴ്സണൽ സ്റ്റാഫിൽനിന്ന് അളിയനും കോൺഗ്രസ് നേതാവുമായ ബെന്നി തോമസ് രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി വിഡി സതീശന് കൈമാറി. ബന്ധു നിയമനച്ചൊല്ലി പ്രതിപക്ഷം പ്രതിഷേധം ഉയർത്തുകയും കെപിസിസി യോഗത്തിൽ കടുത്ത വിമർശനം ഉയരുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല ബാധിച്ചെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. കോഴിക്കോട് മൂന്നു കുട്ടികൾക്ക് രോഗബാധയുണ്ടായിരുന്നു. ഇതിൽ രണ്ടു കുട്ടികളെ ഡിസ്ചാർജ് ചെയ്തു.

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെന്റ് ഇന്ന്

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് ഇന്ന്. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഇന്നുണ്ടാകും. 15 നാണ് ഒന്നാം അലോട്ട്മെന്റ്, ജൂലൈ രണ്ടിനു ക്ലാസ് തുടങ്ങും. 4,39,184 സീറ്റുകളിലേക്ക് 4,44,124 അപേക്ഷകരുണ്ട്.

മാസപ്പടി കേസ്: വീണ വിജയനെതിരായ തെളിവുകൾ തേടി ഇഡി കോടതിയിൽ

മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണ വിജയനെതിരെ എസ്എഫ്ഐഒ കസ്റ്റഡിയിലെടുത്ത തെളിവുകൾ ലഭിക്കാൻ ഇഡി എറണാകുളം പിഎംഎൽഎ കോടതിയെ സമീപിച്ചു. 134 രേഖകൾ വേണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കാഫിർ സ്ക്രീൻഷോട്ട് കേസ്: മൂന്നു പേർക്ക് കൂടി നോട്ടീസ്

കാഫിർ സ്ക്രീൻഷോട്ട് കേസിൽ മൂന്നു പേരെകൂടി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം നോട്ടീസ് നൽകി. റിബേഷ് രാമകൃഷ്ണൻ, മനേഷ്, അതുൽ എന്നിവർക്കാണു ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. സ്ക്രീൻഷോട്ടിന്റെ യഥാർത്ഥ ഉറവിടവും ഡിജിറ്റൽ തെളിവുകളും കണ്ടെത്താൻ ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റയ്ക്ക് അന്വേഷണ സംഘം വീണ്ടും കത്തയക്കും.

കാഫിർ കേസ് അന്വേഷണത്തിൽ പോലീസിനെതിരെ യൂത്ത് കോൺഗ്രസ്

കാഫിർ സ്ക്രീൻ ഷോട്ട് കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ സിപിഎമ്മിനോട് ആഭിമുഖ്യമുള്ള സഖാക്കളാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് വി പി ദുൽഖിഫിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കു പരാതി നൽകി.

ദുബായിൽ ആശുപത്രി പൂട്ടിയ സംഭവം: പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി

ദുബായിലെ പ്രമുഖ ആശുപത്രി അപ്രതീക്ഷിതമായി പൂട്ടിയതിനെത്തുടർന്ന് നിരവധി മലയാളി നഴ്സുമാർ തൊഴിൽരഹിതരായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര ഇടപെടണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തൊഴിൽ നഷ്ടപ്പെട്ട നഴ്സുമാർക്കും കുടുംബങ്ങൾക്കും സുരക്ഷിതത്വം ഉറപ്പാക്കാൻ യു.എ.ഇ ഭരണകൂടവുമായി ചർച്ച നടത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കോഴിക്കോട് വോളിബോൾ ചാമ്പ്യൻഷിപ്പ്: സാമ്പത്തിക ക്രമക്കേടിൽ സിപിഎം നേതാവിനെതിരെ കേസ്

2018 ൽ കോഴിക്കോട്ട് നടന്ന അഖിലേന്ത്യാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് അടക്കമുള്ളവർ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് എഫ്.ഐ.ആർ. മുസ്ലിംലീഗ് നേതാവും പെരിന്തൽമണ്ണ മുനിസിപ്പൽ കൗൺസിലറുമായ നാലകത്ത് ബഷീറാണ് ഒന്നാംപ്രതി. സി. സത്യൻ, അഹമ്മദ് കുട്ടി, മൊയ്തീൻ കോയ തുടങ്ങിയവരാണ് മറ്റു പ്രതികൾ. വിജിലൻസ് 2025-ൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 1.24 കോടിയോളം രൂപ ശേഖരിച്ച് ക്രമക്കേട് നടത്തിയെന്നാണ് ആരോപണം.

ഇടുക്കി മലയോര മേഖലയിൽ രാത്രിയാത്രാ നിരോധനം

ഇടുക്കി ജില്ലയിൽ രാത്രിയാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. മലയോര മേഖലയിൽ വൈകീട്ട് ഏഴു മുതൽ രാവിലെ ആറു വരെയാണ് യാത്രാ നിരോധനം.

അച്ചു ഉമ്മനെ അധിക്ഷേപിച്ച സംഭവം: ഐ.എച്ച്.ആർ.ഡി ഉദ്യോഗസ്ഥനെ മാറ്റി

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ഐ.എച്ച്.ആർ.ഡി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും സി.പി.എം. സംഘടനാ നേതാവുമായ നന്ദകുമാർ കൊളത്താപ്പിള്ളിയെ മാറ്റി. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കേ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ലത പണിക്കരാണ് പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ.

കീം പ്രവേശനം: പ്ലസ് ടു മാർക്ക് സമർപ്പിക്കാനുള്ള തീയതി നീട്ടി

എൻജിനീയറിംഗ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് പ്ലസ് ടു മാർക്ക് സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 14 വരെ നീട്ടി. കീം എൻജിനിയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കാൻ പ്ലസ് ടു മാർക്ക് ലിസ്റ്റ് സമർപ്പിക്കേണ്ട അവസാന തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ധവളപത്രം എഐ നിർമ്മിതമല്ലെന്ന് വിദഗ്ധസമിതി അധ്യക്ഷൻ

മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ധവളപത്രം എഐ നിർമ്മിതമാണെന്ന തോമസ് ഐസക്കിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വിദഗ്ധസമിതി അധ്യക്ഷൻ ഡോ. ചന്ദ്രശേഖർ. ധവളപത്രം കേരളത്തിന്റെ യഥാർത്ഥ ധനസ്ഥിതിയാണ് കാണിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് തോൽവി: സ്വയം വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ സ്വയം വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വെള്ളാപ്പള്ളി നടേശനെ കൂടെക്കൂട്ടിയതു വോട്ടു നഷ്ടപ്പെടുത്തിയെന്നു യോഗം വിലയിരുത്തി. തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വം പിഴച്ചുവെന്നും സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തീരുമാനിച്ചത് ഏകകണ്ഠമായാണെന്നും പ്രായോഗിക തിരുത്തൽ നടപടികൾ പിന്നീട് നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.

നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ

നിയമസഭയിൽ മുഖ്യമന്ത്രി വി ഡി സതീശൻ പ്രസംഗിക്കുമ്പോൾ മറുപടി പറയാൻ പ്രതിപക്ഷത്തെ ഒരാൾക്കും കഴിയുന്നില്ലെന്ന് ജി സുധാകരൻ എംഎൽഎ. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ നനഞ്ഞ കോഴിയാണെന്നും ജി സുധാകരൻ പറഞ്ഞു. ഇടത്തോട്ടു മുണ്ടുടുത്താൽ ഇടതുപക്ഷമാകില്ലെന്നും രാജ്യത്ത് കോൺഗ്രസിന്റെ ഊന്നുവടിയിൽ നിൽക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം പരിഹസിച്ചു.

പാലക്കാട് കെഎസ്ആർടിസി ബസ് മോഷ്ടിച്ച് കടന്നയാൾ ഒളിവിൽ

പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽനിന്നു ബസ് മോഷ്ടിച്ചു. ടൗണിൽ കറങ്ങിയ ശേഷം പ്രതി ബസ് ഉപേക്ഷിച്ച് മുങ്ങി. ബസ് പലയിടത്തും ഇടിച്ചു. കെഎസ്ആർടിസി ജീവനക്കാർ പിന്തുടർന്നതോടെ പാലക്കാട് നഗരത്തിലെ മംഗളം ടവറിന് സമീപം ഇയാൾ ബസ് ഉപേക്ഷിച്ച് മുങ്ങി.

തണ്ണിത്തോട് കാറ്റിലും മഴയിലും സ്കൂളിന്റെ മേൽക്കൂര പറന്നുപോയി

ശക്തമായ കാറ്റിലും മഴയിലും സ്കൂളിന്റെ മേൽക്കൂര പറന്നുപോയി. തണ്ണിത്തോട് സെന്റ് ബെനഡിക്ട് എം.എസ്.സി.ഹൈസ്കൂളിന്റെ രണ്ടാംനില കെട്ടിടത്തിന്റെ മേൽക്കൂരയാണ് പറന്നുപോയത്.

കനത്ത മഴ: പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു

കനത്ത മഴയെ തുടർന്ന് പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. കനത്ത മഴമൂലം പൊന്മുടിയിൽ മണ്ണിടിച്ചിൽ ഭീഷണിയുണ്ട്.

ആലപ്പുഴയിൽ വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി കരാർ തൊഴിലാളി മരിച്ചു

ആലപ്പുഴയിൽ വൈദ്യുതി ലൈൻ പുനഃസ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വൈദ്യുതി വകുപ്പ് കരാർ തൊഴിലാളി മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡ് നളന്ദ ജങ്ഷനു സമീപം കൊച്ചുതയ്യിൽ പരേതനായ മണിയുടെ മകൻ എം രഞ്ജിത്ത് (42) ആണ് മരിച്ചത്.

കുസാറ്റ് ജോയിന്റ് രജിസ്ട്രാർ ഷോക്കേറ്റ് മരിച്ചു

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ജോയിന്റ് രജിസ്ട്രാർ ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് മരണപ്പെട്ടത്. ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പിൽ വെച്ചാണ് ഇദ്ദേഹത്തിന് ഷോക്കേറ്റത്.

സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രമുഖർ

സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും അനുശോചിച്ചു. സിനിമക്കകത്തും പുറത്തും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന പ്രിയ സുഹൃത്താണ് സലിം കുമാറെന്ന് മോഹൻലാൽ പറഞ്ഞു. ഹൃദയത്തിൽ സൂക്ഷിക്കുന്നവർ കടന്നുപോകുമ്പോൾ ആഘാതം വളരെയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

സിപിഎം നേതാക്കൾ കാലഹരണപ്പെട്ട വിഷയങ്ങളിൽ ജീവിക്കുന്നു: രാജീവ് ചന്ദ്രശേഖർ

ലോകം അതിവേഗം എഐ യുഗത്തിലേക്ക് മുന്നേറുകയും പുതിയ നിക്ഷേപ-തൊഴിൽ സാധ്യതകൾ രൂപപ്പെടുകയും ചെയ്യുമ്പോൾ കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കൾ കാലഹരണപ്പെട്ട വിഷയങ്ങളിലാണ് ജീവിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എംഎൽഎ. സാമ്പത്തിക ധവളപത്രത്തെ എതിർക്കുന്ന സിപിഎം നേതാക്കൾ സർക്കാർ രേഖകൾ രഹസ്യമാണെന്നു വാദിച്ചതു വിചത്രമായി തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

എകെജി സെന്ററിന് മുന്നിൽ ഒറ്റയാൾ സമരം

സിപിഎം സംസ്ഥാന ഓഫീസായ എകെജി സെന്ററിൽ ജസ്റ്റിസ് ഫോർ സിപിഎം എന്നു മുദ്രാവാക്യം എഴുതിയ ബോർഡുമായി ഒറ്റയാൾ സമരം. പത്തനംതിട്ട ലോക്കൽ കമ്മിറ്റി അംഗമെന്ന് അവകാശപ്പെട്ട ഇയാൾ ഏറെനേരം മുദ്രാവാക്യം വിളിച്ചു. ഒടുവിൽ ഇപി ജയരാജൻ എത്തി അനുനയിപ്പിച്ച് ഇയാളെ തിരിച്ചയക്കുകയായിരുന്നു.

തൃശ്ശൂർ മണ്ണുത്തിയിൽ വൻ കവർച്ച: 40 പവൻ സ്വർണ്ണവും പണവും കവർന്നു

തൃശ്ശൂർ മണ്ണുത്തിയിൽ ഗൃഹനാഥനെ കെട്ടിയിട്ട് 40 പവൻ സ്വർണവും 50,000 രൂപയും കവർന്നു. പുലർച്ചെ മൂന്ന് മണിയോടെ ഒല്ലൂക്കര ഡോൺ ബോസ്കോ സ്കൂളിനു സമീപത്ത് താമസിക്കുന്ന സോമശേഖരന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഹിന്ദി സംസാരിക്കുന്ന മൂന്ന് പേർ വീടിന് പിറകിലെ ഗ്രില്ല് കുത്തിത്തുറന്നാണ് വീടിനകത്തു കയറിയത്.

പോക്സോ കേസിൽ പ്രായം നിർണ്ണയിക്കാൻ എസ്എസ്എൽസി ബുക്ക് മതിയായ രേഖയെന്ന് ഹൈക്കോടതി

പോക്സോ കേസിൽ കുട്ടിയുടെ പ്രായം നിർണയിക്കുന്നതിന് എസ്എസ്എൽസി ബുക്കും സ്കൂൾ പ്രവേശന രജിസ്റ്ററും മതിയായ രേഖയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. മഞ്ചേരി പോക്സോ കോടതി പ്രതിയെ 10 വർഷം തടവിന് ശിക്ഷിച്ച വിധി ഹൈക്കോടതി ശരിവെച്ച ഉത്തരവിലാണ് ജസ്റ്റിസ് എ ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്.

ചികിത്സാ പിഴവ്: കൈ നഷ്ടപ്പെട്ട കുട്ടിക്ക് സർക്കാർ ജോലി നൽകാൻ ഉത്തരവ്

സർക്കാർ സംവിധാനങ്ങളുടെ വീഴ്ചയിൽ കൈ നഷ്ടപ്പെട്ട പാലക്കാട് സ്വദേശിനി വിനോദിനിക്ക് പ്രായപൂർത്തിയാകുമ്പോൾ സർക്കാർ ജോലി നൽകാൻ ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. കുട്ടിയുടെ തുടർപഠനവും ചികിത്സാ ചെലവും സർക്കാർ ഉറപ്പുവരുത്തണമെന്നും കമ്മീഷൻ ശുപാർശ ചെയ്തു. മാധ്യമവാർത്തയെ തുടർന്ന് കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.

പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി യോഗം ഇന്ന് ഡൽഹിയിൽ

ഡൽഹിയിലെ കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിൽ ഇന്ന് ഉച്ചയ്ക്ക് പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ യോഗം. ഡിഎംകെ യോഗത്തിൽ പങ്കെടുക്കില്ല. സിപിഎമ്മും പിണക്കത്തിലാണ്. എന്നാൽ തൃണമൂൽ കോൺഗ്രസ് ഇത്തവണ കൂടുതൽ സജീവമായേക്കും.

പൈക്ക പദ്ധതി ഫണ്ട് തട്ടിപ്പ്: കേന്ദ്ര സ്പോർട്സ് വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

പൈക്ക പദ്ധതി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സ്പോർട്സ് വകുപ്പ്. കേന്ദ്ര സർക്കാരിന്റെ പഞ്ചായത്ത് യുവക്രീഡ ഓർ ഖേൽ അഭിയാൻ പദ്ധതിക്കായി അനുവദിച്ചതിൽ 11.91 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം.

ഇന്ധന വിലക്കുറവ് ഇന്ത്യയിലെന്ന് പെട്രോളിയം മന്ത്രാലയം

അയൽ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ധന വില കുറവ് ഇന്ത്യയിലാണെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ന്യായീകരണം. ഉപഭോക്താക്കൾക്ക് സബ്സിഡി പരിരക്ഷ തുടരുമെന്നും നിലവിൽ രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നും പെട്രോളിയം മന്ത്രാലയം.

അനധികൃത പിരിവ് പാടില്ലെന്ന് ടാസ്മാക് ഉദ്യോഗസ്ഥർക്ക് ജോസഫ് വിജയ്‌യുടെ നിർദ്ദേശം

പാർട്ടി ഫണ്ടിലേക്ക് തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷനിൽ നിന്നും (ടാസ്മാക്) അനധികൃതമായി പിരിവ് നടത്തരുതെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ്. മദ്യവിൽപ്പനയിലൂടെ ലഭിക്കുന്ന പണം സംസ്ഥാന ഖജനാവിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും വിജയ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

അംഗൻവാടി പോഷകാഹാരപ്പൊതിയിൽ ചത്ത പാമ്പ്; അന്വേഷണം പ്രഖ്യാപിച്ചു

അംഗൻവാടിയിൽ നിന്ന് ലഭിച്ച പോഷകാഹാരപ്പൊതിയിൽ ചത്ത പാമ്പിൻകുഞ്ഞ്. മധ്യപ്രദേശിലെ പാണ്ഡുർണയിൽ ഗർഭിണിക്കാണ് ഈ അനുഭവം. സംഭവത്തിൽ ഗ്രാമവാസികൾ പ്രതിഷേധിച്ചതോടെ, അധികൃതർ അന്വേഷണ സമിതിയെ നിയോഗിച്ചു.

നവജാത ശിശുവിന് പാർട്ടിയുടെ പേരിട്ട് ടിവികെ എംഎൽഎ

തമിഴക വെട്രി കഴകം എംഎൽഎ എംആർ. പല്ലവി തന്റെ നവജാത പുത്രന് പാർട്ടിയുടെ പേരിനു സമാനമായി പേരിട്ടു. കഴിഞ്ഞ ആഴ്ച പ്രസവിച്ച തന്റെ ആൺകുഞ്ഞിന് ടിവികെ – തമിഴ് വെട്രി കൊണ്ടാൻ’ എന്നാണ് പേരിട്ടത്.

യുവാക്കളെ തെറ്റായ ദിശയിലേക്ക് നയിക്കാൻ അനുവദിക്കില്ലെന്ന് നിതിൻ നബിൻ

ഡിജിറ്റൽ യുഗത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് രാജ്യത്തെ യുവാക്കളെ തെറ്റായ ദിശയിലേക്ക് നയിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ബെയ്റൂട്ടിൽ ഇസ്രായേലിന്റെ വൻ വ്യോമാക്രമണം

ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ സൈന്യം വൻ വ്യോമാക്രമണം നടത്തി. ഹിസ്ബുള്ളയുടെ തന്ത്രപ്രധാനമായ ഭൂഗർഭ കമാൻഡ് സെന്ററാണ് ലക്ഷ്യമിട്ടതെന്നും അത് തകർത്തതായും ഇസ്രായേൽ അവകാശപ്പെട്ടു. ആക്രമണത്തെത്തുടർന്ന് മേഖലയിൽ കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല, യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുകയാണ്.

ഇറാന്റെ ആണവശേഖരം നശിപ്പിക്കാൻ അമേരിക്കൻ സൈന്യത്തെ അയക്കുമെന്ന് ഡോണൾഡ് ട്രംപ്

ഇറാന്റെ ആണവശേഖരം നശിപ്പിക്കുന്നതിന് ആവശ്യമെങ്കിൽ അമേരിക്കൻ സൈന്യത്തെ നേരിട്ട് അയക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രയേലുമൊന്നിച്ച് ഈ ദൗത്യം നിർവ്വഹിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളം ഇറാൻ തകർത്തതായി അമേരിക്കയുടെ സ്ഥിരീകരണം

പശ്ചിമേഷ്യയിലെ യുഎസ് സൈനിക തന്ത്രങ്ങളുടെ സിരാകേന്ദ്രമായിരുന്ന ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളം ഇറാനിയൻ മിസൈൽ ആക്രമണത്തിൽ തകർന്നതായി യുഎസ് സ്ഥിരീകരിച്ചു. യുദ്ധം തുടങ്ങി ആദ്യ ആഴ്ചകളിൽ തന്നെ ആക്രമണം നടന്നെങ്കിലും നാല് മാസങ്ങൾക്ക് ശേഷമാണ് യുഎസ് ഈ വലിയ നഷ്ടം സമ്മതിക്കുന്നത്.

അമേരിക്കൻ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാൻ ഇസ്രയേൽ ശ്രമിച്ചതായി യുഎസ് ഇന്റലിജൻസ്

ഇറാനുമായുള്ള ചർച്ച നടത്തുന്ന അമേരിക്കൻ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനും വിവരങ്ങൾ ചോർത്താനും ഇസ്രയേൽ ശ്രമിച്ചതായി യുഎസ് രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തിയെന്ന് റിപ്പോർട്ട്.

ആണവായുധ ശേഖരം ഇനിയും വ്യാപിപ്പിക്കുമെന്ന് ഉത്തര കൊറിയ

ഉത്തര കൊറിയയെ ആണവവിമുക്തമാക്കാനുള്ള അമേരിക്കൻ നീക്കങ്ങൾ കാലഹരണപ്പെട്ട വ്യാമോഹമാണെന്ന് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. യുഎസ് നേതൃത്വത്തിലുള്ള സുരക്ഷാ ഭീഷണികൾക്കെതിരെ രാജ്യത്തിന്റെ ആണവായുധ ശേഖരം ഇനിയും വ്യാപിപ്പിക്കുമെന്നും അവർ പ്രഖ്യാപിച്ചു.

ജർമ്മനി വഴി യാത്ര ചെയ്യാൻ ഇന്ത്യക്കാർക്ക് എയർപോർട്ട് ട്രാൻസിറ്റ് വിസ ആവശ്യമില്ല

ജർമ്മൻ വിമാനത്താവളങ്ങൾ വഴി മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ യാത്രക്കാർക്ക് ഇനി മുതൽ എയർപോർട്ട് ട്രാൻസിറ്റ് വിസയുടെ ആവശ്യമില്ല.

‘ഗോഡ്സില്ല എൽ നിനോ’ സെപ്റ്റംബറോടെ രൂപംകൊള്ളുമെന്ന് മുന്നറിയിപ്പ്

പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന ‘എൽ നിനോ’ പ്രതിഭാസം സെപ്റ്റംബർ മാസത്തോടെ ചരിത്രത്തിലെ ഏറ്റവും ശക്തിപ്രാപിച്ച് ‘ഗോഡ്സില്ല എൽ നിനോ’ ആകുമെന്നു റിപ്പോർട്ട്. അമിതമായി ചൂടുതരംഗമുണ്ടാകുകയും കടുത്ത വരൾച്ചയുണ്ടാക്കുകയും ചെയ്യുന്ന പ്രതിഭാസമാണിത്.

അഫ്ഗാനിസ്താനെതിരായ ടെസ്റ്റ്: കൂറ്റൻ സ്കോറുമായി ഇന്ത്യ

അഫ്ഗാനിസ്താനെതിരായ ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ. 564 ന് 8 എന്ന നിലയിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്ത മത്സരത്തിന്റെ രണ്ടാംദിനം സ്റ്റമ്പെടുക്കുമ്പോൾ അഫ്ഗാനിസ്താൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 113 എന്ന നിലയിലാണ്. സെഞ്ച്വറി നേടിയ ശുഭ്മാൻ ഗില്ലിന്റേയും കെ.എൽ.രാഹുലിന്റേയും അർദ്ധസെഞ്ച്വറി നേടിയ സായ് സുദർശന്റേയും റിഷഭ് പന്തിന്റേയും വാഷിംഗ്ടൺ സുന്ദറിന്റേയും ഇന്നിംഗ്‌സുകളുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ സ്വന്തമാക്കിയത്.

ഇറാൻ ഫുട്ബോൾ ടീമിന് കർശന നിബന്ധനകളോടെ അമേരിക്ക വിസ അനുവദിച്ചു

ഫിഫ ലോകകപ്പിൽ പങ്കെടുക്കാനെത്തുന്ന ഇറാൻ ഫുട്ബോൾ ടീം അംഗങ്ങൾക്ക് കർശന നിബന്ധനകളോടെ അമേരിക്ക വിസ അനുവദിച്ചു. മത്സരം നടക്കുന്ന ദിവസം മാത്രം രാജ്യത്ത് പ്രവേശിക്കാനും, മത്സരം കഴിഞ്ഞ ഉടൻ തന്നെ രാത്രിയിൽ രാജ്യം വിടാനുമാണ് അമേരിക്ക ഇറാൻ കളിക്കാർക്കും ഒഫീഷ്യലുകൾക്കും അനുമതി നൽകിയത്.

ലോകകപ്പ് ഫുട്ബോൾ ആവേശത്തിലേക്ക്; ഉദ്ഘാടന മത്സരം വ്യാഴാഴ്ച

ലോക കപ്പ് ഫുട്ബോളിനായി ആവേശാരവങ്ങളോടെ കാത്തിരിപ്പ്. 48 ടീമുകളാണു മൽസരിക്കുന്നത്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ മൂന്നു രാജ്യങ്ങളിലെ 16 സ്റ്റേഡിയങ്ങളിലായി 104 മൽസരങ്ങൾ. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയ്ക്ക് മെക്സിക്കോ സിറ്റ് സ്റ്റേഡിയത്തിൽ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മൽസരം. ജൂലൈ 19 ന് അമേരിക്കയിലെ ന്യൂജേഴ്സി മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണു ഫൈനൽ.

ലോകകപ്പ് ഫുട്ബോൾ പന്തിന് ‘ട്രിയോൻഡ’ എന്ന് പേരിട്ടു

ലോക കപ്പ് ഫുട്ബോൾ മൽസരത്തിനുള്ള പന്തിനു പേര് ട്രിയോൻഡ. മൂന്നു തിരമാലകൾ എന്നാണർത്ഥം. മൽസരങ്ങൾക്ക് മൂന്നു രാജ്യങ്ങൾ ആതിഥേയരാകുന്ന ആദ്യ ലോകകപ്പ് എന്ന സവിശേഷതയുമുണ്ട്. സീ നെറ്റ് വർക്കിന്റെ യുണൈറ്റഡ് 8 സ്പോർട്സ് ചാനലിൽ കളി തൽസമയം കാണാം.

ഫ്രഞ്ച് ഓപ്പൺ ടെന്നീസ്: അലക്സാണ്ടർ സ്വരേവിന് കന്നി ഗ്രാൻഡ് സ്ലാം

ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ കന്നി ഗ്രാൻഡ് സ്ലാമിൽ മുത്തമിട്ട് ജർമൻ താരം അലക്സാണ്ടർ സ്വരേവ്. ഫൈനലിൽ ഇറ്റലിയുടെ ഫ്ളാവിയോ കൊബോളിയെ അഞ്ച് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ലോക മൂന്നാം നമ്പർ താരം ചരിത്രനേട്ടം കൈവരിച്ചത്.

ഓഹരി വിപണിയിൽ മുൻനിര കമ്പനികളുടെ മൂല്യത്തിൽ വൻ ഇടിവ്

ഓഹരി വിപണിയിൽ പത്തു മുൻനിര കമ്പനികളിൽ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തിൽ ഇടിവ്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയിൽ ഈ കമ്പനികളുടെ വിപണി മൂല്യത്തിൽ ഒന്നടങ്കം 1.25 ലക്ഷം കോടിയുടെ ഇടിവാണ് നേരിട്ടത്. കഴിഞ്ഞയാഴ്ച സെൻസെക്‌സ് 532 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 0.76 ശതമാനമാണ് ഇടിഞ്ഞത്. റിലയൻസിന് മാത്രം 39,718 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 17,47,321 കോടിയായാണ് റിലയൻസിന്റെ വിപണി മൂല്യം താഴ്ന്നത്. ടിസിഎസ് 20,134 കോടി, ഭാരതി എയർടെൽ 18,736 കോടി, എൽആന്റ്ടി 16,880 കോടി, എൽഐസി 14,610 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തിൽ ഉണ്ടായ ഇടിവ്. അതേസമയം എസ്ബിഐയുടെ വിപണി മൂല്യത്തിൽ 12,692 കോടിയുടെ വർധന രേഖപ്പെടുത്തി. 9,02,523 കോടിയായാണ് എസ്ബിഐയുടെ വിപണി മൂല്യം ഉയർന്നത്. വിപണി മൂല്യത്തിൽ ഇത്തവണയും റിലയൻസ് തന്നെയാണ് മുന്നിൽ.

പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം പ്ലസ് പെയ്ഡ് സബ്സ്ക്രിപ്ഷൻ പുറത്തിറക്കി മെറ്റ

ഇൻസ്റ്റഗ്രാം ആപ്പുകൾക്കായി പെയ്ഡ് സബ്‌സ്‌ക്രിപ്ഷൻ (ഇൻസ്റ്റഗ്രാം പ്ലസ്) പുറത്തിറക്കി മെറ്റ. പ്രതിമാസം 299 രൂപയാണ് വില, കൂടാതെ മൂന്ന് മേഖലകളിലായി ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ സ്റ്റോറികൾ സുഹൃത്തുക്കൾ എത്ര തവണ ‘റിവാച്ച്’ ചെയ്തു, ഒരു പ്രത്യേക വ്യക്തി അത് കണ്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള ‘സെർച്ച് വ്യൂവർ ലിസ്റ്റ്’, സ്റ്റോറികൾ സുഹൃത്തുക്കളുടെ ഫീഡിൽ ആദ്യം തന്നെ കാണിക്കുന്ന ‘സ്റ്റോറി സ്‌പോട്ട്ലൈറ്റ്’, സ്‌ക്രീനിലുടനീളം തെറിക്കുന്ന ‘സൂപ്പർ ഹാർട്ട്‌സ്’, ഓഡിയൻസ് ലിസ്റ്റുകൾ ഉണ്ടാക്കാൻ സഹായിക്കുന്ന ‘മൾട്ടിപ്പിൾ സ്റ്റോറി ഓഡിയൻസ്’, സ്റ്റോറികൾ 48 മണിക്കൂർ വരെ നീട്ടി നൽകാൻ സഹായിക്കുന്ന ‘സ്റ്റോറി എക്‌സ്റ്റെൻഡ്’, നിങ്ങളുടെ പ്രൊഫൈലിലേക്ക് മാത്രമായി നേരിട്ട് പോസ്റ്റുകൾ പങ്കുവെക്കാനുള്ള ‘പോസ്റ്റ് ഡയറക്ട്ലി ടു പ്രൊഫൈൽ’, ‘കസ്റ്റം ആപ്പ് ഐക്കൺ’, ‘കസ്റ്റം ബയോ ഫോണ്ട്’, ‘മോർ പ്രൊഫൈൽ പിൻസ്’ ഫീച്ചറും ഇതിലൂടെ ലഭിക്കും.

ഇന്ദ്രജിത്തിന്റെ 100-ാമത് ചിത്രം ‘കാലന്റെ തങ്കക്കുടം’; നായികയായി നീതുകൃഷ്ണ

ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി നിതീഷ് കെ.ടി.ആർ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാലന്റെ തങ്കക്കുടം’ എന്ന ചിത്രത്തിൽ നീതുകൃഷ്ണ. നിവിൻ പോളി നായകനായ പ്രതിഛായയിൽ നായികയായ താരം ആണ് നീതുകൃഷ്ണ. പാലക്കാട് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ഇന്ദ്രജിത്തും അൽത്താഫ് സലിമും ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്തിന്റെ 100 -ാമത്തെ ചിത്രം ഫാന്റസി കോമഡി ഗണത്തിൽപ്പെടുന്നു. ചിത്രത്തിൽ കാലന്റെ വേഷം ആണ് ഇന്ദ്രജിത്തിന്. ഇന്ദ്രൻസ്, പ്രശാന്ത് മുരളി, വിജയ് ബാബു, ജോമോൻ ജ്യോതിർ, പ്രമോദ് വെളിയനാട്, നയന എത്സ, ആനന്ദ് മൻമഥൻ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ, അഖിൽ കവലയൂർ, ഷൈജു ശ്രീധർ എന്നിവരാണ് മറ്റു താരങ്ങൾ. കള്ളനും ഭഗവതിയിലൂടെ ശ്രദ്ധ നേടിയ ബംഗാളി താരം മോക്ഷ അതിഥി വേഷത്തിൽ എത്തുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു, വിജയ് സുബ്രഹ്‌മണ്യം എന്നിവർ ചേർന്നാണ് നിർമ്മാണം.

ജോജു ജോർജിന്റെ ‘പരിപാടി’യിൽ ചിത്ര പ്രദീപ് നായിക

ജോജു ജോർജ് നായകനായി അഭിനയിച്ച് സംവിധാനം ചെയ്യുന്ന ‘പരിപാടി’ എന്ന ചിത്രത്തിൽ ചിത്ര പ്രദീപ് നായിക. ഫെനി എന്ന വെബ് സീരിസിലും അറ്റ് വാർ വിത്ത് ദ വേൾഡ് തുടങ്ങി നിരവധി ഹ്രസ്വചിത്രങ്ങളിലും തിളങ്ങിയ താരം ആണ് ചിത്ര പ്രദീപ്. ചാലക്കുടിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ രചനയും ജോജു ജോർജ് ആണ്. ജോജു ജോർജിനൊപ്പം നൂറിലധികം പുതുമുഖങ്ങളും അണിനിരക്കുന്നു. സൈജു കുറുപ്പ് അതിഥി വേഷത്തിൽ എത്തുന്നു. ഡീലക്സ് ബെന്നി എന്ന കഥാപാത്രത്തെയാണ് ജോജു ജോർജ് അവതരിപ്പിക്കുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ് നിർമ്മാണം. തമിഴ് സംഗീത സംവിധായകൻ യുവൻ ശങ്കർ രാജ ആദ്യമായി മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്.

ടാറ്റ മോട്ടോഴ്സ് വിൽപ്പനയിൽ ഒന്നാം സ്ഥാനം നിലനിർത്തി ടാറ്റ പഞ്ച്

2026 മെയ് മാസത്തിൽ ടാറ്റ മോട്ടോഴ്‌സിന്റെ മോഡൽ തിരിച്ചുള്ള വിൽപ്പനയിൽ ടാറ്റ പഞ്ച് ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ മാസം ടാറ്റ പഞ്ച് ആകെ 20,208 യൂണിറ്റ് എസ്യുവികൾ വിറ്റു. ഈ വിൽപ്പന പട്ടികയിൽ ടാറ്റ നെക്‌സോൺ രണ്ടാം സ്ഥാനത്താണ്. ഈ കാലയളവിൽ ടാറ്റ നെക്‌സോൺ ആകെ 19,100 യൂണിറ്റ് എസ്യുവികൾ വിറ്റു, 46% വാർഷിക വളർച്ച. ടാറ്റ സിയറ മൂന്നാം സ്ഥാനത്താണ്. ആകെ 6,606 യൂണിറ്റ് എസ്യുവികൾ വിറ്റു. ടാറ്റ ടിയാഗോ നാലാം സ്ഥാനത്താണ്. ആകെ 4,178 യൂണിറ്റ് കാറുകൾ വിറ്റു, വാർഷിക 35% ഇടിവ്. ടാറ്റ ആൾട്രോസ് അഞ്ചാം സ്ഥാനത്താണ്. ആകെ 2,915 യൂണിറ്റ് കാറുകൾ വിറ്റു, 5 ശതമാനം വാർഷിക വളർച്ച. തുടർന്നുള്ള സ്ഥാനങ്ങളിൽ യഥാക്രമം ടാറ്റ ഹാരിയർ, ടാറ്റ കർവ്, ടാറ്റ സഫാരി, ടാറ്റ ടിഗോർ എന്നിവയാണ്.

എം. മുകുന്ദന്റെ പുതിയ പുസ്തകം ‘കുട്ടൻ അമേരിക്കയിൽ’ പുറത്തിറങ്ങി

കുട്ടനും ഭഗവതിയും ന്യൂയോർക്ക് വിമാനത്താവളത്തിൽനിന്ന് പുറത്തുവന്നു. ഭഗവതിയെ ആരും തിരിച്ചറിയില്ല. അവർ മദാമ്മയുടെ വേഷത്തിൽത്തന്നെയാണ്. മദാമ ഭഗവതി! മയ്യഴിയുടെ കഥാകാരൻ എം. മുകുന്ദൻ കുട്ടികൾക്കുവേണ്ടിയെഴുതിയ ‘കുട്ടൻ അമേരിക്കയിൽ’ അടക്കം നാലു കഥകൾ. ഇനി കുട്ടനെന്താ കാണേണ്ടത്? എനിക്ക് ഡ്രൈവറില്ലാത്ത കാറിൽ കയറണം.? ഓ, ഞാനത് മറന്നു. വാ, നമ്മക്ക് ഡ്രൈവറില്ലാത്ത കാറിൽ കയറാം.അവർ മാൻഹാട്ടനിലൂടെ നടന്നു. ലളിതവും ഹൃദ്യവുമായ രചനാരീതി. ‘കുട്ടൻ അമേരിക്കയിൽ’. എം.മുകുന്ദൻ. പൂർണ പബ്ളിക്കേഷൻസ്. വില 138 രൂപ.

പ്രായമായവരിലെ രക്തസമ്മർദ്ദം കുറയ്ക്കാൻ ബീറ്റ്റൂട്ട് ജ്യൂസ് ഫലപ്രദമെന്ന് പഠനം

പ്രായമായവരിലെ രക്തസമ്മർദ്ദം ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നതുവഴി കുറയ്ക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പുതിയ പഠനം. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് എക്സെറ്റർ നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തൽ. നൈട്രേറ്റ് അടങ്ങിയ ബീറ്റ്‌റൂട്ട് ജ്യൂസ് തുടർച്ചയായി കുടിച്ച പ്രായമായവരിൽ രക്തസമ്മർദ്ദം കുറഞ്ഞതായാണ് പഠനത്തിന്റെ കണ്ടെത്തൽ. എന്നാൽ യുവാക്കളിൽ അതായത് 30 വയസിന് താഴെയുള്ളവരിൽ ഇത് കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. ബീറ്റ്‌റൂട്ടിൽ നൈട്രേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിനുള്ളിൽ എത്തുമ്പോൾ ‘നൈട്രിക് ഓക്സൈഡ്’ ആയി മാറുകയും രക്തക്കുഴലുകളെ വികസിപ്പിക്കാനും രക്തയോട്ടം സുഗമമാക്കാനും സഹായിക്കുകയും ചെയ്യുന്നു. പ്രായമായവരുടെ ശരീരത്തിൽ സ്വാഭാവികമായി നൈട്രിക് ഓക്സൈഡ് ഉൽപ്പാദനം കുറയുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വായയ്ക്കുള്ളിലുള്ള ചില നല്ല ബാക്ടീരിയകളാണ് നൈട്രേറ്റുകളെ നൈട്രിക് ഓക്സൈഡാക്കി മാറ്റുന്നത്. ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് വഴി വായയിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കുകയും നൈട്രിക് ഓക്സൈഡ് ഉണ്ടാക്കാൻ സഹായിക്കുന്ന നല്ല ബാക്ടീരിയകളെ വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി പഠനത്തിൽ കണ്ടെത്തി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here