പാലക്കാട്: മഹിളാ കോണ്ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ജയലക്ഷ്മി ബിജെപിയില്. ഷൊര്ണൂരില് കേന്ദ്രമന്ത്രി സുരേഷ് ഗോപി പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഷൊര്ണൂരിലെ ബിജെപി സ്ഥാനാര്ഥി ശങ്കു ടി ദാസിന്റെ പ്രചാരണ പരിപാടിക്കിടെയാണ് ജയലക്ഷ്മി ബിജെപി അംഗത്വം സ്വീകരിച്ചത്.
കോണ്ഗ്രസില് നിന്ന് നേരിട്ടത് വളരേ മോശം അനുഭവമെന്ന് ജയലക്ഷ്മി പ്രതികരിച്ചു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ വാട്സാപ്പിലും ഇന്സ്റ്റഗ്രാമിലും സ്റ്റോറിയിട്ടതിന്റെ പേരില് തന്നെയും കുടുംബത്തെയും കോണ്ഗ്രസ് നേതാക്കള് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു കുറിയിട്ടതിന്റെ പേരില് പോലും തന്നോട് മോശമായി പെരുമാറിയെന്നും ജയലക്ഷ്മി പ്രതികരിച്ചു.
തന്റെ മകളുടെ കല്യാണ ഫോട്ടോ പങ്കു വച്ചതിനാണ് ജയലക്ഷ്മിയെയും കുടുംബത്തെയും കോണ്ഗ്രസ് നേതാക്കള് അധിക്ഷേപിച്ചതെന്ന് സുരേഷ്ഗോപി പ്രതികരിച്ചു. നായനാരും വി എസും ഒക്കെ ഉണ്ടായിരുന്ന കാലത്തും രാഷ്ട്രീയ മത്സരം ഉണ്ടായിരുന്നു. പക്ഷെ കരുണാകരന്റെ കുടുംബത്തെ അവര് അധിക്ഷേപിച്ചിരുന്നില്ല. എന്നാല് ഇന്ന് അങ്ങനെയല്ല. ജയലക്ഷ്മിയോടും കുടുംബത്തോടും കാട്ടിയത് നെറികേടിന്റെ രാഷ്ട്രീയമാണ്. അതിന് പാലക്കാട്ടെ ജനങ്ങള് തിരിച്ചടി നല്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ വാട്സാപ്പിലും ഇന്സ്റ്റഗ്രാമിലും സ്റ്റോറിയിട്ടതിന്റെ പേരില് കോണ്ഗ്രസ് നേതാക്കള് അധിക്ഷേപിച്ചു….മഹിളാ കോണ്ഗ്രസ് നേതാവ് ബിജെപിയില്
കരുനാഗപ്പള്ളിയിൽ സി ആർ മഹേഷിന് കോൺഗ്രസ് റിബൽ വരുമോ
കരുനാഗപ്പള്ളി. നിയോജകമണ്ഡലത്തിൽ C.R. മഹേഷിന് എതിരായി സുഹൃത്തും കോൺഗ്രസ് നേതാവുമായ ബോബൻ ജി.നാഥ് സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഉപവരണാധികാരി തഹസിൽദാർ എസ്.സുജാത ദേവി മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. ഡോ: ബി.ആർ. അംബേകർ സ്റ്റഡി സെന്റര് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനാണ് ബോബൻ.ജി.നാഥ്. നേരത്തേ തന്നെ കരുനാഗപ്പള്ളിയിൽ മത്സരിക്കുമെന്ന് ബോബൻ വ്യക്തമാക്കിയിരുന്നു. കോണ്ഗ്രസിലെ പടലപ്പിണക്കങ്ങളാണ് ബോബനെ മല്സരത്തിനായി എത്തിച്ചതെന്ന് സൂചനയുണ്ട്. തൊടിയൂര് രാമചന്ദ്രന്റെ പാര്ട്ടി മാറ്റവും ഇതിന്റെ ഭാഗമായിരുന്നു.
വടുതല കൂട്ടമരണം,വിളപ്പിൽശാലയിലെ അയൽവാസികൾക്കും ഭർത്താവിന്റെ ബന്ധുക്കൾക്കെതിരെയും ഗുരുതര ആരോപണങ്ങൾ
കൊച്ചി.വടുതലയിൽ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഞ്ച് പേരുടെ പോസ്റ്റ്മോർട്ടം ഇന്ന്. വിളപ്പിൽശാല സ്വദേശി അശ്വതി നായർ അമ്മ ശാന്തകുമാരി മൂന്ന് കുട്ടികളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കൾക്ക് ജ്യൂസിൽ വിഷം കലക്കി നൽകി കൊലപ്പെടുത്തിയ ശേഷം അശ്വതിയും അമ്മയും ജീവനൊടുക്കിയെന്നാണ് നിഗമനം. വിളപ്പിൽശാലയിലെ അയൽവാസികൾക്കും ഭർത്താവിന്റെ ബന്ധുക്കൾക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചു.

ഭർത്താവിന് മദ്യപാനിയാക്കി മരണത്തിലേക്ക് തള്ളിവിട്ടത് വിളപ്പിൽശാലയിലെ സുഹൃത്തുക്കളാണെന്ന് കുറിപ്പിൽ ആരോപിക്കുന്നു. ഭർത്താവിന്റെ അമ്മയുൾപ്പെടെയുള്ള ബന്ധുക്കൾ മാനസികമായി പീഡിപ്പിച്ചുവെന്നും കുറിപ്പിലുണ്ട്. മാലിന്യം ഒഴുക്കിയത് തടഞ്ഞതിനെ തുടർന്ന് അയൽവാസികളുമായുണ്ടായ തർക്കത്തെ കുറിച്ചും കുറിപ്പിൽ പരാമർശമുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുറിപ്പിൽ പരാമർശിക്കുന്നവരിൽ നിന്ന് പൊലീസ് മൊഴിയെടുക്കും.
also read:
അശ്വതിയുടെ പേരിലുള്ള വിളപ്പിൽശാലയിലെ വീട് അവിടുത്തെ
അനാഥാലയത്തിന്റെ പേരിൽ എഴുതിവച്ചതായും കണ്ടെത്തി. ആ വീട് വാടകയ്ക്ക് നൽകിയ ശേഷമാണ് അശ്വതിയും കുടുംബവും രണ്ട് മാസം മുൻപ് കൊച്ചിയിലെത്തിയത്.
ഹോർമൂസ് തുറന്നില്ലെങ്കിൽ 48 മണിക്കൂറിനകം ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഡോണാൾഡ് ട്രംപ്
വാഷിങ്ടൺ: ഹോർമൂസ് തുറന്നില്ലെങ്കിൽ 48 മണിക്കൂറിനകം ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. ഇതുവരെ നടന്നതിൽ ഏറ്റവും വലുതാകും ആക്രമണമെന്നും മുന്നറിയിപ്പ്. ഇതിനിടെ വെടിനിർത്തലിന് ട്രംപ് പിൻവാതിൽ വഴി ശ്രമം തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. ആക്രമണങ്ങൾ തുടരുന്നതിനിടെ സൗദിയിലെ ഇറാൻ എംബസിയിലെ ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദേശം.
സൈനിക പ്രതിനിധി, സഹായി, മിഷൻ സ്റ്റാഫിലെ മൂന്ന് ഉദ്യോഗസ്ഥർ എന്നിവരോടാണ് നിർദേശം. ഇവരെ രാജ്യത്ത് തുടരാൻ അർഹതയില്ലാത്തവരായി പ്രഖ്യാപിച്ചു. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഇന്നലെ രാത്രി മുതൽ സൗദിയിലേക്കെത്തിയത് ഇരുപതോളം ഡ്രോണുകളാണ്.
“ഈ നിമിഷം മുതൽ 48 മണിക്കൂറിനകം ഇറാൻ ഹോർമുസ് കടലിടുക്ക് യാതൊരുവിധ ഭീഷണികളുമില്ലാതെ പൂർണ്ണമായി തുറന്നുനൽകിയില്ലെങ്കിൽ, അമേരിക്കൻ ഇറാന്റെ വിവിധ വൈദ്യുത നിലയങ്ങളെ ആക്രമിച്ചു നാമാവശേഷമാക്കും. അതിൽ ഏറ്റവും വലിയ പവർ പ്ലാൻ്റിൽ നിന്നായിരിക്കും തുടക്കം” ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
കര്ഷകനെ കൊലപ്പെടുത്തിയ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു
കല്പ്പറ്റ: വയനാട് വടക്കനാട് കര്ഷകനെ കൊലപ്പെടുത്തിയ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു. മുട്ടിക്കൊമ്പന് എന്ന് വിളിക്കുന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യമാണ് വനം വകുപ്പിന്റെയും ആര് ആര് ടി സംഘത്തിന്റെയും നേതൃത്വത്തില് പുരോഗമിക്കുന്നത്. കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമമാണ് നടക്കുന്നത്. കല്ലൂര്ക്കുന്ന് ഭാഗത്ത് വെച്ച് കാട്ടാനയ്ക്ക് നേരെ മയക്കുവെടിവെയ്ക്കാനുള്ള ശ്രമം നടന്നെങ്കിലും ഫലം കണ്ടില്ല.
ആന നിലവിൽ കാട്ടിലേക്ക് കയറിയിരിക്കുകയാണ്. ട്രാക്ക് ചെയ്യാനുള്ള വനംവകുപ്പ് ശ്രമം തുടരുന്നു. രാവിലെ അഞ്ച് മണിക്കാണ് ദൗത്യം ആരംഭിച്ചത്. രാവിലെ തന്നെ മയക്കുവെടിവെയ്ക്കാന് കഴിഞ്ഞില്ലെങ്കില് ഇന്നത്തെ ശ്രമം അവസാനിപ്പിക്കും. ദൗത്യത്തിനായി നിലവില് രണ്ട് കുങ്കിയാനകളെ എത്തിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ മൂന്നിന് രാത്രിയോടെയാണ് വടക്കനാട് പച്ചാടിയിലെ കര്ഷകനായ രാജീവ് കൃഷിയിടത്തില്വെച്ച് കാട്ടാന ആക്രമണത്തില് കൊല്ലപ്പെടുന്നത്. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്ന്ന് കാട്ടാനയെ ഉടന് പിടികൂടാമെന്ന വൈല്ഡ് ലൈഫ് വാര്ഡന്റെ ഉറപ്പിന്മേലാണ് മൃതദേഹം ഏറ്റുവാങ്ങിയത്. എന്നാല് നടപടികള് വീണ്ടും വൈകിയതോടെ ബത്തേരി ഡി എഫ് ഒ ഓഫീസിലേക്ക് പ്രതിഷേധ മാര്ച്ചും നടന്നു.
കടുത്ത ചൂട് തുടരുന്നു, 11 ജില്ലകളില് താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. 11 ജില്ലകളില് താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട് ഉള്പ്പെടെ 11 ജില്ലകളിലാണ് യെല്ലോ അലര്ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. പാലക്കാടും പുനലൂരും കഴിഞ്ഞദിവസം താപനില 37 ഡിഗ്രി കടന്നിരുന്നു. പാലക്കാട് 38 ഡിഗ്രി സെല്ഷ്യസാണ് രേഖപ്പെടുത്തിയത്.
പുനലൂരില് കഴിഞ്ഞദിവസം 37.2 ഡിഗ്രി സെല്ഷ്യസും രേഖപ്പെടുത്തി. എറണാകുളം, ആലപ്പുഴ, തൃശൂര്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്, കാസര്കോട് ജില്ലകളില് താപനില 36 ഡിഗ്രി വരെ ഉയര്ന്നേക്കാമെന്നും മുന്നറിയിപ്പില് പറയുന്നു. സാധാരണ താപനിലയേക്കാള് രണ്ടു മുതല് മൂന്നു ഡിഗ്രി വരെ ഉയര്ന്ന താപനില രേഖപ്പെടുത്തിയേക്കും. രണ്ടു ദിവസം കൂടി ഉയര്ന്ന താപനില തുടരുമെന്നും മുന്നറിയിപ്പില് പറയുന്നു.
also read:
ഉയര്ന്ന താപനിലയും ഈര്പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്, മലയോര മേഖലകളിലൊഴികെ, 2026 മാര്ച്ച് 23 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. കനത്ത ചൂട് കണക്കിലെടുത്ത് ജനങ്ങള് അതീവ ജാഗ്രത പാലിക്കണം. നിര്ജ്ജലീകരണം ഒഴിവാക്കാന് ധാരാളം വെള്ളം കുടിക്കണം. പകല് 11 am മുതല് 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില് കൂടുതല് സമയം തുടര്ച്ചയായി സൂര്യപ്രകാശം ഏല്ക്കുന്നത് ഒഴിവാക്കണമെന്നും നിര്ദേശിച്ചിട്ടുണ്ട്
വീട്ടില് പ്രസവിച്ചതിന് പിന്നാലെ യുവതി മരിച്ച സംഭവത്തില് ഭര്ത്താവ് അറസ്റ്റില്
തൃശൂര്: വീട്ടില് പ്രസവിച്ചതിന് പിന്നാലെ യുവതി മരിച്ച സംഭവത്തില് ഭര്ത്താവ് അറസ്റ്റില്. ഏഴാമത്തെ പ്രസവത്തിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടര്ന്ന് മരിച്ച മുഹ്സിന(37)യുടെ ഭര്ത്താവ് ഇബ്രാഹിമിനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇയാള്ക്കെതിരെ മനഃപൂര്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയിട്ടുണ്ട്. മുഹ്സിനയുടെ മരണ കാരണം പ്രസവശേഷം പരിചരണം ലഭിക്കാത്തതാണെന്ന് പോസ്റ്റ്മോര്ട്ടത്തില് കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ മരണ കാരണം ഇപ്പോഴും അവ്യക്തമാണ്. മരിച്ച നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താന് പൊലീസ് സര്ജന് ശുപാര്ശ ചെയ്തിട്ടുണ്ട്. ജനുവരിയിലാണ് മുഹ്സിനയുടെ പ്രസവം നടന്നത്. ആറ് ദിവസത്തിന് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു.
മുഹ്സിനയുടെ ഗര്ഭപാത്രം മുതല് എല്ലാ ഭാഗങ്ങളിലും അണുബാധയുണ്ടായെന്നാണ് പ്രാഥമിക പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്. മുതുകിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു. മറ്റൊരു യുവതിയാണ് അശാസ്ത്രീയ അക്യുപങ്ചര് ചികിത്സ നല്കിയത്. ഇവരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഇറാന്റെ നതാൻസ് ആണവകേന്ദ്രം ഇസ്രയേലും അമേരിക്കയും വീണ്ടും ആക്രമിച്ചു
ഇറാന്റെ നതാൻസ് ആണവകേന്ദ്രം ഇസ്രയേലും അമേരിക്കയും വീണ്ടും ആക്രമിച്ചു. ഇറാനുമായി വെടിനിർത്തൽ ഇല്ലെന്ന് അമേരിക്കയുടെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഹോർമൂസ് കടലിടുക്കിലെ ദ്വീപുകളെ ആക്രമിച്ചാൽ തിരിച്ചടി യുഎഇയുടെ റാസൽ ഖൈമയിൽ ആയിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
യുദ്ധം തുടങ്ങിയ ശേഷം ഇതു രണ്ടാം തവണയാണ് ഇസ്രായേലും അമേരിക്കയും നതാൻസ് ആക്രമിക്കുന്നത്. കഴിഞ്ഞവർഷവും തനാൻസിൽ അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. ഇന്നത്തെ ആക്രമണത്തിൽ എത്രമാത്രം നാശമുണ്ടായി എന്ന വിവരം പുറത്തുവന്നിട്ടില്ല. ആണവവികിരണം ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. ഇസ്രായേൽ, അമേരിക്കൻ ആക്രമണം അതിശക്തമായി തുടരുന്നതിനിടെ തിരിച്ചടിയും ശക്തമാക്കുകയാണ് ഇറാൻ. ഇന്ന് എട്ട് ഡ്രോണുകളാണ് സൌദി ലക്ഷ്യമിട്ട് പറന്നത്. ഡിയാഗോ ഗാർഷ്യ ലക്ഷ്യമിട്ട് രണ്ടു മധ്യദൂര മിസൈലുകൾ ഇറാൻ അയച്ചു. രണ്ടും അമേരിക്കയുടേയും ബ്രിട്ടന്റേയും സൈനിക താവളങ്ങളിൽ എത്തിയില്ല എന്നാണ് റിപ്പോർട്ട്. സിറിയയ്ക്കെതിരേ വീണ്ടും ഇസ്രായേൽ യുദ്ധം ആരംഭിച്ചതിൽ സൌദി പ്രതിഷേധം അറിയിച്ചു. ഹോർമൂസ് കടലിടുക്കിലെ ദ്വീപുകൾ ആക്രമിച്ചാൽ തിരിച്ചടി യുഎഇയുടെ റാസൽ ഖൈമയിൽ ആയിരിക്കുമെന്നാണ് ഇറാന്റെ മറുപടി.
also read:
ഇറാനുമായി വെടിനിർത്തൽ ഉണ്ടാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാന്റെ സൈനിക ശേഷി ഇല്ലാതാകുന്നതുവരെ ആക്രമിക്കുമെന്നാണ് മുന്നറിയിപ്പ്. ഇറാനിൽ ഭരണമാറ്റം ഉണ്ടാകാത്തിടത്തോളം വെടിനിർത്തൽ സാധ്യമല്ലെന്ന് ഇസ്രായേലും പറയുന്നു. ഹോർമൂസ് കടലിടുക്ക് സംരക്ഷിക്കാൻ ഇറങ്ങാത്ത നാറ്റോ സഖ്യകക്ഷികളെ ഭീരുക്കൾ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. പാശ്ചാത്യ സൈന്യം വെറും കടലാസ് പുലിയാണെന്നും പരിഹസിച്ചു. യുദ്ധം നാലുമുതൽ ആറ് ആഴ്ച വരെ നീളാം എന്നാണ് ട്രംപിന്റെ ഒടുവിലത്തെ കണക്ക്.
ശത്രുക്കൾക്ക് ഇറാൻ കനത്ത തിരിച്ചടി നൽകിയതായി പരമോന്നത നേതാവ് മുജ്തബ ഖമനെയി. ഇറാന്റെ ശക്തി കുറച്ചുകണ്ടാണ് ഇസ്രായേലും അമേരിക്കയും യുദ്ധത്തിനിറങ്ങിയതെന്നും മുജ്തബ പ്രസ്താവനയിലൂടെ അറിയിച്ചു. അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങൾ ഇറങ്ങാൻ ശ്രീലങ്ക അനുമതി നിഷേധിച്ചതിലും വിവാദം തുടരുകയാണ്. കപ്പലുകളെ വെടിവയ്ക്കാനുള്ള സന്നാഹങ്ങളുള്ള രണ്ട് വിമാനങ്ങളാണ് ശ്രീലങ്കയിൽ ഇറക്കാൻ ശ്രമിച്ചത്. ഇന്ത്യയും ശ്രീലങ്കയും ഓരോ ഇറാനിയൻ കപ്പലുകൾക്ക് അഭയം നൽകിയിട്ടുണ്ട്. ഇറാൻ യുദ്ധം തുടരുന്നതിനിടെ അമേരിക്കയിലേക്കുള്ള ആയുധകയറ്റുമതി സ്വിറ്റ്സർലൻഡ് നിർത്തിവച്ചു.
ഗുരുവായൂരിലെ എന്ഡിഎ സ്ഥാനാര്ത്ഥി ബി ഗോപാലകൃഷ്ണന് വര്ഗീയപ്രസ്താവന നടത്തി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി പരാതി
തൃശൂര്. ഗുരുവായൂരിലെ എന്ഡിഎ സ്ഥാനാര്ത്ഥി ബി ഗോപാലകൃഷ്ണന് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വര്ഗീയ പ്രസ്താവന നടത്തിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയെന്ന് സിപിഎം തൃശൂര് ജില്ലാ സെക്രട്ടറി കെ വി അബ്ദുല് ഖാദര് പറഞ്ഞു.
ഗോപാലകൃഷ്ണന്റെ പ്രസ്താവന വര്ഗീയത ലക്ഷ്യംവച്ചാണ്. ഗുരുവായൂരിന്റെ മതനിരപേക്ഷ പാരമ്പര്യം തകര്ക്കാന് ബിജെപിക്കാവില്ല. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വര്ഗീയ പ്രസ്താവന നടത്തിയതിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയിട്ടുണ്ട്. നിയമപരമായും നേരിടുമെന്ന് സിപിഎം തൃശൂര് ജില്ലാ സെക്രട്ടറി കെ വി അബ്ദുള് ഖാദര് പ്രസ്താവനയില് പറഞ്ഞു.
also read:
ഗോപാലകൃഷ്ണന് എതിരെ തെരഞ്ഞെടുപ്പ് അയോഗ്യത ഉള്പ്പടെ ആവശ്യപ്പെട്ടുകൊണ്ട് കെഎസ്യു തൃശ്ശൂര് ജില്ലാ കമ്മിറ്റി ഹൈക്കോടതിയില് റിട്ട് ഫയല് ചെയ്തു.
ഗുരുവായൂരില് 48 ശതമാനത്തോളം ഹൈന്ദവ ജനസംഖ്യ ഉണ്ടായിട്ടും കഴിഞ്ഞ 50 വര്ഷമായി ഇടത്-വലത് മുന്നണികള് ഒരു ഹിന്ദു എംഎല്എയെ പോലും നിയമസഭയിലേക്ക് അയച്ചിട്ടില്ലെന്ന ഗോപാലകൃഷ്ണന്റെ പരാമര്ശമാണ് വിവാദമായത്. കൊടുങ്ങല്ലൂരമ്മയുടെ നടയില്നിന്ന് താന് ഗുരുവായൂരിലേക്ക് എത്തിയത് ഭഗവാന് ഗുരുവായൂരപ്പന്റെ വിളി കേട്ടാണെന്നും ഈ വരവ് ഒരു നിയോഗമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 50 വര്ഷമായി ഗുരുവായൂരപ്പന്റെ മണ്ണ് അമ്പലക്കൊള്ളക്കാരുടെയും അമ്പലവിരോധികളുടെയും വര്ഗീയ മതരാഷ്ട്ര വാദികളുടെയും തടവറയിലാണ്. ഇത്തരം ശക്തികളെ ആട്ടി ഓടിച്ച് ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയെ മോചിപ്പിക്കാനാണ് തന്നെ ഭഗവാന് വിളിച്ചിരിക്കുന്നതെന്നും ഈ പോരാട്ടത്തില് മണ്ഡലത്തിലെ വോട്ടര്മാര് തന്നോടൊപ്പം ഉണ്ടാകണമെന്നുമാണ് ഗോപാലകൃഷ്ണന് അഭ്യര്ത്ഥിച്ചത്.
കുന്നത്തൂരിലെ ത്രികോണമത്സരത്തിൽ കളം നിറഞ്ഞ് ചിരപരിചിത മുഖങ്ങൾ
ശാസ്താംകോട്ട:നിയമസഭാ തെരഞ്ഞെടുപ്പിൽ ത്രികോണ മത്സരം നടക്കുന്ന കുന്നത്തൂർ നിയോജക മണ്ഡലത്തിലെ മുന്നണി സ്ഥാനാർത്ഥികളെല്ലാം ജനങ്ങൾക്ക് ചിരപരിചിതർ.എൽഡിഎഫ് – യുഡിഎഫ് – എൻഡിഎ സ്ഥാനാർത്ഥികളായ കോവൂർ കുഞ്ഞുമോൻ,ഉല്ലാസ് കോവൂർ എന്നിവരെ അറിയാത്തവരായി ആരുമുണ്ടാകില്ല.എൽഡിഎഫിൽ തുടരുന്ന ആർഎസ്പി (ലെനിനിസ്റ്റ്) പാർട്ടി നേതാവായ കോവൂർ കുഞ്ഞുമോൻ 25 വർഷമായി ഈ നാടിൻ്റെ സ്പന്ദനങ്ങൾ അറിയാവുന്ന എംഎൽഎയാണ്.
ഓരോ വോട്ടറുടെയും പേരെടുത്ത് വിളിക്കാൻ കഴിയുന്ന നേതാവ്.ആർവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് കൂടിയായ ഉല്ലാസ് കോവൂരും മണ്ഡലത്തിൽ സുപരിചിതൻ.നാടൻപാട്ട് കലാകാരൻ കൂടിയായ ഉല്ലാസ് വോട്ട് തോടിയെത്തിയാൽ ഒരു പാട്ട് പാടിപ്പിക്കാതെ അദ്ദേഹത്തെ പോകാൻ വോട്ടർമാർ അനുവദിക്കാറില്ല.എൻഡിഎ സ്ഥാനാർത്ഥിയായ രാജി പ്രസാദ് ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാപ്രസിഡൻ്റു കൂടിയായതിനാൽ മണ്ഡലത്തിലും പുറത്തുമുള്ള ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന നേതാവു കൂടിയാണ്.സ്ത്രീ വോട്ടർമാരുടെ മനസ് കവരാൻ ഇവർക്ക് കഴിയുമെന്നാണ് പ്രതീക്ഷ 2021ൽ നടന്ന തിരഞ്ഞെടുപ്പിൽ
കോവൂർ കുഞ്ഞുമോനും ഉല്ലാസ് കോവൂരും രാജി പ്രസാദും തന്നെയായിരുന്നു സ്ഥാനാർത്ഥികൾ.എൽഡിഎഫ് സ്ഥാനാർത്ഥിയായ കോവൂർ കുഞ്ഞുമോൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.എൻഡിഎ,യുഡിഎഫ് സ്ഥാനാർത്ഥികൾ തിങ്കളാഴ്ച പത്രിക സമർപ്പിക്കും.ഇതിനു ശേഷമാകും ശക്തമായ പ്രചാരണം ആരംഭിക്കുക.ഉല്ലാസ് കോവൂരും രാജി പ്രസാദും നാടിളക്കി റോഡ് ഷോ നടത്തിയെങ്കിലും കോവൂർ കുഞ്ഞുമോൻ കേന്ദ്രങ്ങൾ അത് വേണ്ടെന്ന നിലപാടിലാണ്.പകരം കുടുംബയോഗങ്ങളിലും തൊഴിലുറപ്പ് പ്രദേശങ്ങളിലും കശുവണ്ടി ഫാക്ടറികളിലും പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പ്രധാന ജംഗ്ഷനുകളിലുമെത്തി പരമാവധി വോട്ടർമാരെ നേരിട്ട് കാണുന്ന തിരക്കിലാണ് അദ്ദേഹം.
ശനിയാഴ്ച കുമരംചിറ ദേവീ ക്ഷേത്രത്തിൽ നടന്ന പൊങ്കാലയിൽ മൂന്ന് സ്ഥാനാർത്ഥികളും പങ്കെടുത്തിരുന്നു.ഉല്ലാസ് കോവൂർ ഇന്ന് ശൂരനാട് തെക്ക്,ശൂരനാട് വടക്ക് പഞ്ചായത്തുകളിലെ പ്രധാന കേന്ദ്രങ്ങളിൽ കവലകളും മറ്റും സന്ദർശിച്ച് പരമാവധി വോട്ടർമാരെ നേരിട്ട് കാണുന്ന തിരക്കിലാണ്.ചുവരെഴുത്ത്,ബോർഡ് സ്ഥാപിക്കൽ,പോസ്റ്റർ പതിക്കൽ എന്നിവയിൽ യുഡിഎഫ്,എൻഡിഎ സ്ഥാനാർത്ഥികളാണ് മുന്നിൽ.മൂന്ന് മുന്നണികളും വാർഡ്,ബൂത്ത്,പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കൺവൻഷനുകൾ നടത്താനുള്ള ഒരുക്കത്തിലാണ്.
ഇതിനു ശേഷമാകും നിയോജക മണ്ഡലംതല കൺവൻഷനുകൾ നടക്കുക.യുഡിഎഫ് പഞ്ചായത്ത്തല കൺവൻഷനുകൾ 26ന് സമാപിക്കും.27ന് പകൽ 3ന് നിയോജക മണ്ഡലം കൺവൻഷൻ ഭരണിക്കാവ് തറവാട് ഓഡിറ്റോറിയത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും.ഏപ്രിൽ 5ന് മുമ്പായി സ്ഥാനാർത്ഥികളുടെ പഞ്ചായത്തുതല സ്വീകരണ പരിപാടികൾ നടത്താനാണ് തീരുമാനം.




































