Home Blog Page 501

പ്രായത്തെ തോൽപ്പിക്കാൻ ബോട്ടോക്സ്: മലയാളികളുടെ സൗന്ദര്യ സങ്കൽപ്പങ്ങൾ മാറുന്നു

പ്രായം കൂടുമ്പോൾ മുഖത്തുണ്ടാകുന്ന ചുളിവുകളും വരകളും മാറ്റി, ചർമ്മത്തിന് ഇറുക്കവും തിളക്കവും നൽകാൻ ഉപയോഗിക്കുന്ന ഒരു പ്രോട്ടീൻ കുത്തിവെപ്പാണ് ബോട്ടോക്സ്. ‘ബൊട്ടുലിനം ടോക്സിൻ’ (Botulinum toxin) എന്ന ബാക്ടീരിയയിൽ നിന്നാണ് ഇത് നിർമ്മിക്കുന്നത്.
സൗന്ദര്യ സംരക്ഷണം എന്നത് ഇന്ന് കേവലം പ്രകൃതിദത്തമായ വഴികളിൽ മാത്രം ഒതുങ്ങുന്നില്ല. പ്രായമാകുമ്പോൾ മുഖത്തുണ്ടാകുന്ന ചുളിവുകളെ പേടിച്ച് കണ്ണാടിക്ക് മുന്നിൽ വിഷമിച്ചു നിൽക്കുന്നവരുടെ കാലം കഴിഞ്ഞു. ലോകമെമ്പാടും തരംഗമായ ‘ബോട്ടോക്സ്’ ചികിത്സ ഇന്ന് കേരളത്തിലെ സാധാരണക്കാർക്കിടയിലും സജീവ ചർച്ചയാവുകയാണ്. താരങ്ങളുടെയും സമ്പന്നരുടെയും മാത്രം രഹസ്യമായിരുന്ന ഈ കുത്തിവെപ്പ് രീതി ഇന്ന് നഗരങ്ങളിലെ ക്ലിനിക്കുകളിൽ ലഭ്യമായതോടെ മധ്യവയസ്കരെന്നോ യുവാക്കളെന്നോ വ്യത്യാസമില്ലാതെ പലരും ഇതിലേക്ക് ആകർഷിക്കപ്പെടുന്നു.

ബോട്ടുലിനം ടോക്സിൻ എന്ന പ്രോട്ടീൻ ഉപയോഗിച്ച് മുഖത്തെ പേശികളെ താൽക്കാലികമായി വിശ്രമിപ്പിക്കുന്ന രീതിയാണിത്. ചിരിക്കുമ്പോഴും നെറ്റി ചുളിക്കുമ്പോഴും ഉണ്ടാകുന്ന വരകൾ മാറ്റി മുഖത്തിന് യുവത്വം നൽകുന്നു എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. സെൽഫികളുടെയും സോഷ്യൽ മീഡിയയുടെയും കാലത്ത് എപ്പോഴും സുന്ദരമായിരിക്കുക എന്ന ആഗ്രഹം യുവാക്കളെ പോലും ഇരുപതുകളുടെ അവസാനത്തിൽ തന്നെ ബോട്ടോക്സ് പരീക്ഷിക്കാൻ പ്രേരിപ്പിക്കുന്നു. ഇതിനെ ‘പ്രിവന്റീവ് ബോട്ടോക്സ്’ എന്നാണ് വിദഗ്ധർ വിളിക്കുന്നത്.

മുഖത്തെ ചുളിവുകൾക്ക് പുറമെ ‘ഹെയർ ബോട്ടോക്സ്’ എന്ന പുത്തൻ ട്രെൻഡും ഇന്ന് വിപണി കീഴടക്കിയിട്ടുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ കുത്തിവെപ്പല്ലെങ്കിലും, മുടിക്ക് തിളക്കവും ആരോഗ്യവും നൽകുന്ന ഈ ചികിത്സാരീതിക്ക് യുവതികൾക്കിടയിൽ വലിയ ഡിമാന്റാണ്. എങ്കിലും, ഈ തിളക്കത്തിന് പിന്നിൽ ചില മുൻകരുതലുകൾ ആവശ്യമാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

ചുരുങ്ങിയ ചിലവിൽ അനധികൃതമായി പ്രവർത്തിക്കുന്ന സെന്ററുകളിൽ ഇത്തരം ചികിത്സ തേടുന്നത് പലപ്പോഴും ദോഷകരമായി ബാധിക്കാം. മുഖത്തെ സ്വാഭാവിക ഭാവങ്ങൾ നഷ്ടപ്പെടാനോ താൽക്കാലികമായ ആരോഗ്യപ്രശ്നങ്ങൾക്കോ ഇത് കാരണമായേക്കാം. കൃത്യമായ വൈദ്യോപദേശത്തോടെയും മികച്ച ക്ലിനിക്കുകൾ തിരഞ്ഞെടുത്തും മാത്രം ഇത്തരം പരീക്ഷണങ്ങൾക്ക് മുതിരുന്നതാണ് ഉചിതം. മാറ്റങ്ങൾ സ്വാഭാവികമാണെങ്കിലും, കൃത്രിമമായ വഴികളിലൂടെ യുവത്വം നിലനിർത്താനുള്ള ഈ പരക്കംപാച്ചിൽ 2026-ലെ മലയാളിയുടെ മാറുന്ന ജീവിതശൈലിയുടെ അടയാളം കൂടിയാണ്.

മൂന്നാമത് ശോഭാ ശേഖര്‍ മെമ്മോറിയല്‍ വനിതാ മാധ്യമ പുരസ്‌കാരം

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യുസിലെ സീനിയര്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയിരുന്ന ശോഭാ ശേഖറിന്റെ സ്മരണാര്‍ത്ഥം ശോഭാ ശേഖര്‍ മെമ്മോറിയല്‍ ഫാമിലി ട്രസ്റ്റ് തിരുവനന്തപുരം പ്രസ് ക്ലബിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. സാമൂഹ്യ പ്രതിബദ്ധത,സ്ത്രീ ശാക്തീകരണം,ശിശു ക്ഷേമം, ഭിന്നശേഷി ക്ഷേമം എന്നിവയിലേതെങ്കിലും പ്രമേയമാക്കി 2025 ല്‍ വനിതകള്‍ സംവിധാനം ചെയ്ത് സംപ്രേഷണം ചെയ്ത പരിപാടിയും ടെലിവിഷന്‍ വാര്‍ത്താ പരമ്പരകളുമാണ്‌ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്.

2025 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ സംപ്രേഷണം ചെയ്തതാകണം പരിപാടി. പത്ര-ടെലിവിഷന്‍ ചാനലുകളുടെ ഡിജിറ്റല്‍ സ്‌പേസില്‍ വന്ന പ്രോഗ്രാമുകളും പരിഗണിക്കും. ജേതാവിന് 25001 രൂപയും പ്രശസ്തിപത്രവും നല്‍കും. എന്‍ട്രികള്‍ പെന്‍ഡ്രൈവില്‍ (വാര്‍ത്താപരമ്പരകള്‍ സംയോജിപ്പിച്ച് ഒറ്റ ഫയലായി നല്‍കണം) സംപ്രേഷണ തീയതി വ്യക്തമാക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം 2026 ജനുവരി 20 ന് മുന്‍പായി സെക്രട്ടറി, പ്രസ് ക്ലബ് , തിരുവനന്തപുരം -1 എന്ന വിലാസത്തില്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2331642, 2080371

കേരളത്തിലെ കെ ടെറ്റ് പ്രതിസന്ധി: കേന്ദ്ര ഇടപെടൽ തേടി ദേശീയ അധ്യാപക പരിഷത്ത്; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി

ന്യൂഡൽഹി: കേരളത്തിലെ അധ്യാപക യോഗ്യതാ പരീക്ഷയുമായി (കെ ടെറ്റ്) ബന്ധപ്പെട്ട് നിലനിൽക്കുന്ന അതീവ ഗുരുതരമായ പ്രതിസന്ധി പരിഹരിക്കണമെന്നും, സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾക്ക് അധ്യാപകരെ ബലിയാടാക്കരുതെന്നും ആവശ്യപ്പെട്ട് ദേശീയ അധ്യാപക പരിഷത്ത് (എൻ ടി യു – കേരളം) ജനറൽ സെക്രട്ടറി ടി അനൂപ് കുമാർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ നേരിൽ കണ്ട് നിവേദനം നൽകി. സുപ്രീം കോടതി വിധിയിലൂടെ സംജാതമായ പ്രതിസന്ധിക്ക് കാരണം, സംസ്ഥാനം മാറി മാറി ഭരിച്ച യു ഡി എഫ്, എൽ ഡി എഫ് സർക്കാരുകൾ നടത്തിയ നിയമവിരുദ്ധമായ ഇടപെടലുകളാണെന്ന് എൻ ടി യു നിവേദനത്തിൽ ചൂണ്ടിക്കാട്ടിയെന്ന് ദേശീയ അധ്യാപക പരിഷത്ത് ജനറൽ സെക്രട്ടറി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

നിവേദനത്തിലെ പ്രധാന ഭാഗങ്ങൾ

കുട്ടികളുടെ മൗലികാവകാശമായ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്ന 2009 ലെ വിദ്യാഭ്യാസ അവകാശ നിയമവും (RTE Act), 2010 ലെ എൻ സി ടി ഇ (NCTE) വിജ്ഞാപനവും കാറ്റിൽ പറത്തിയാണ് കേരള സർക്കാർ കഴിഞ്ഞ 15 വർഷമായി പ്രവർത്തിക്കുന്നത്. കേന്ദ്ര സർക്കാരും ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ചെയ്യാത്ത വിധത്തിൽ സെറ്റ് (SET), നെറ്റ് (NET), എം എഡ് (M.Ed), എം ഫിൽ (M.Phil), പി എച്ച് ഡി (Ph.D) തുടങ്ങിയ ഉന്നത യോഗ്യതകളുള്ളവർക്കും C-TET, K-TET കാറ്റഗറി നിർബന്ധമാക്കാതെ, അതാത് തസ്തികയക്ക് അതാത് വിഭാഗങ്ങളിലെ കെ ടെറ്റ് (K-TET) മാത്രം എന്ന NCTE നിശ്ചയിച്ച യോഗ്യതയിൽ നിന്നും ഇളവ് നൽകി സംസ്ഥാന സർക്കാർ ഭരണഘടനാ വിരുദ്ധമായ ഉത്തരവുകൾ ഇറക്കി. എൻ സി ടി ഇ വിജ്ഞാപനത്തെ പൂർണ്ണമായും മറികടന്നുകൊണ്ടുള്ള ഈ നടപടിയാണ് സുപ്രീം കോടതി വിധിയിലൂടെ 23/08/2010-ന് ശേഷം നിയമനം ലഭിച്ച ആയിരക്കണക്കിന് അധ്യാപകരുടെ ജോലി സുരക്ഷിതത്വം ഇപ്പോൾ അപകടത്തിലാക്കിയത്. 2025 സെപ്റ്റംബർ ഒന്നിലെ സുപ്രീം കോടതി വിധിപ്രകാരം രാജ്യത്ത് ടെറ്റ് യോഗ്യത നിലവിൽ വന്ന 23/08/2010-ന് മുൻപ് നിയമനം ലഭിച്ചവർക്ക് യോഗ്യത നേടാൻ വിധി വന്ന തീയതി മുതൽ 2 വർഷം സമയം അനുവദിക്കുന്നുണ്ടെങ്കിലും, 23/08/2010ന് ശേഷം നിയമനം ലഭിച്ചവരിൽ ടെറ്റ് യോഗ്യതയില്ലാത്തവരുടെ കാര്യത്തിൽ യാതൊരു ഇളവും അനുവദിച്ചിട്ടില്ല. അതിനാൽ നിയമനങ്ങൾ നിയമ വിരുദ്ധമാണ് എന്ന കാരണത്താൽ അയോഗ്യരായ അധ്യാപകർക്ക് ജോലി നഷ്ടമാകുന്ന അവസ്ഥയുണ്ട്. യോഗ്യതയില്ലാത്തവരെ നിയമിച്ചതും അവർക്ക് ഇളവുകൾ നൽകിയതും സംസ്ഥാന സർക്കാരിന്റെ ഗുരുതര വീഴ്ചയാണ്.

പ്രധാന ആവശ്യങ്ങളും കണ്ടെത്തലുകളും

ഭരണഘടനാ ലംഘനം: 2010 ഏപ്രിൽ ഒന്നിന് വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നെങ്കിലും, കേരളത്തിൽ ആദ്യമായി കെ ടെറ്റ് യോഗ്യതാ പരീക്ഷയുടെ വിജ്ഞാപനം ഇറങ്ങുന്നത് 2012 ജൂലൈ 17 നാണ്. പരീക്ഷ നടത്താൻ രണ്ടുവർഷത്തോളം വൈകിയ സർക്കാർ, 25/07/2012 മുതൽ തുടരുന്ന നിയമവിരുദ്ധ ഇളവുകൾ നൽകി നിയമനങ്ങൾ നടത്തിയത് ഭരണഘടനയോടും 35 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളോടും ചെയ്ത വെല്ലുവിളിയാണ്.

വാക്വം പീരിയഡ് (Vacuum Period) സംരക്ഷണം: 23/08/2010 ൽ എൻ സി ടി ഇ വിജ്ഞാപനം വന്നെങ്കിലും 2012 ജൂലൈ 17 നാണ് കേരളത്തിൽ ആദ്യമായി കെ ടെറ്റ് പരീക്ഷ വിജ്ഞാപനം ചെയ്തത്. ഈ കാലയളവിൽ (23/08/2010 – 17/07/2012) നിയമിതരായ അധ്യാപകർക്ക് സംസ്ഥാനത്ത് നിലവിലില്ലാത്ത ഒരു പരീക്ഷ പാസാകാൻ കഴിയില്ല. അതിനാൽ, ‘Lex Non Cogit Ad Impossibilia’ (അസാധ്യമായത് ചെയ്യാൻ നിയമം നിർബന്ധിക്കില്ല) എന്ന നിയമതത്വം മുൻനിർത്തി, 2012 ജൂലൈ 17 വരെ നിയമിതരായവരെ ടെറ്റ് യോഗ്യതയിൽ നിന്നും ഒഴിവാക്കാൻ വിദ്യാഭ്യാസ അവകാശ നിയമത്തിൻ്റെ (ആർ ടി ഇ ആക്ട്) സെക്ഷൻ 23 ൽ ഭേദഗതി വരുത്തണമെന്ന് എൻ ടി യു ആവശ്യപ്പെട്ടു.

ഉദ്യോഗാർത്ഥികളോടുള്ള വഞ്ചന: ടെറ്റ് നിർബന്ധമാക്കിയ കേന്ദ്ര നിയമം 23/08/2010 മുതൽ രാജ്യത്ത് നിലനിൽക്കെ, 2025 ഡിസംബർ 30-ന് വരെ ഇറങ്ങിയ നിരവധി പി എസ് സി വിജ്ഞാപനങ്ങളിൽ പോലും നിയമവിരുദ്ധമായ ഇളവുകൾ നൽകി ഉദ്യോഗാർത്ഥികളെ നിയമക്കുരുക്കിലേക്ക് തള്ളിവിടുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.

തുടരുന്ന അനിശ്ചിതത്വം: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ 2026 ജനുവരി 1 ന് ഇറക്കിയ കെ ടെറ്റ് ഭാഗികമായി നിർബന്ധമാക്കിയ ഉത്തരവ്, വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി ജനുവരി 3 ന് മരവിപ്പിച്ചത് സർക്കാരിന്റെ ഭരണപരമായ പരാജയത്തെയാണ് കാണിക്കുന്നത്.

മാറി മാറി വന്ന സർക്കാരുകൾ നൽകിയ നിയമവിരുദ്ധമായ ഉറപ്പുകളിൽ വിശ്വസിച്ചാണ് 2012 മുതൽ ഇളവുകളോടെ അധ്യാപകർ ജോലിയിൽ പ്രവേശിച്ചത്. അതിനാൽ, സുപ്രീം കോടതിയിൽ എൻ ടി യു ഉൾപ്പെടെയുള്ളവർ നൽകിയിട്ടുള്ള റിവ്യൂ ഹർജികളിൽ അധ്യാപകരുടെ ഭാഗം കേന്ദ്ര സർക്കാർ അംഗീകരിക്കണമെന്നും, കേരളത്തിലെ ആദ്യ കെ ടെറ്റ് വിജ്ഞാപന തീയതിയായ 2012 ജൂലൈ 17 ന് മുൻപ് നിയമനം ലഭിച്ച എല്ലാ അധ്യാപകരെയും കെ ടെറ്റ് നിർബന്ധത്തിൽ നിന്നും ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും ടി അനൂപ് കുമാർ കേന്ദ്ര മന്ത്രിയോട് അഭ്യർത്ഥിച്ചു.

കുട്ടികളുടെ ഭരണഘടനാ മൗലിക അവകാശം, വിദ്യാഭ്യാസ അവകാശ നിയമം, കേന്ദ്ര, സംസ്ഥാന ചട്ടങ്ങൾ എന്നിവ പാലിക്കുന്നതിന് കേരള സർക്കാരിന്‍റെ ഭാഗത്ത് നിന്നും 2010 മുതൽ ഗുരുതര വീഴ്ചയാണ് സംഭവിക്കുന്നത്. ഒന്നാം ക്ലാസ്സിലെ പ്രവേശനം 6 വയസ്സ് നിർബന്ധമാക്കുന്നത്, ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് സ്കൂൾ ഘടനാ മാറ്റം, ധാരണാ പത്രത്തിൽ ഒപ്പുവെച്ചെങ്കിലും പി എം ശ്രീ പദ്ധതി, ദേശീയ വിദ്യാഭ്യാസ നയം എന്നിവ നടപ്പിലാക്കാത്ത്, 40 വർഷത്തിലധികമായി സ്കൂൾ അനുവദിക്കാൻ പരിശ്രമം നടത്തി സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ച ഏലംബ്രയിലെ കുട്ടികൾക്ക് സർക്കാർ സ്കൂൾ അനുവദിക്കാത്തത് എന്നിവയുൾപ്പെടെ കാലങ്ങളായി കേരള സർക്കാർ കുട്ടികളുടെ ഭരണഘടനാ മൗലിക അവകാശ സംരക്ഷണത്തിന് എതിരായുള്ള നടപടികൾ ആണ് എക്കാലവും സ്വീകരിക്കുന്നത്. കെ ടെറ്റ്, എൻ സി ടി റ്റി നിശ്ചയിച്ച പ്രകാരം നടപ്പാക്കാതെ ഗുരുതര വീഴ്ച വരുത്തിയ സംസ്ഥാന സർക്കാർ നടപടികളിൽ നിന്നും കുട്ടികൾക്കും അധ്യാപകർക്കും അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് കേന്ദ്രമന്ത്രി അനുഭാവപൂർണ്ണമായ നടപടി ഉറപ്പുനൽകി.

സാമ്പത്തിക ക്രമക്കേട് പരാതി; യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു, താത്കാലിക കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. സംസ്ഥാന കമ്മിറ്റി ഇടപെട്ടാണ് നടപടി. സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെയുള്ള പരാതികൾ നേതൃത്വത്തിന് ലഭിച്ചിരുന്നു. പിന്നാലെ താൽക്കാലിക കയിറ്റിയും രൂപീകരിച്ചു.

പാക്കിസ്ഥാൻ രക്ഷ തേടി അമേരിക്കയുടെ കാൽക്കൽ വീണു, വെളിപ്പെടുത്തലുമായി യുഎസ് രേഖകൾ, ഓപ്പറേഷൻ സിന്ദൂര്‍ തടയാൻ അപേക്ഷിച്ചത് 50ലേറെ തവണ

ന്യൂഡൽഹി: കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ പാക് ഭീകരർ നടത്തിയ ക്രൂരമായ ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ പാകിസ്ഥാനെ കടുത്ത ഭീതിയിലാഴ്ത്തിയെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ സൈന്യത്തിന്റെ അതിശക്തമായ പ്രത്യാക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ പാകിസ്ഥാൻ അമേരിക്കയുടെ സഹായം തേടുകയും പകരം വിലപ്പെട്ട വാഗ്ദാനങ്ങൾ നൽകുകയും ചെയ്തതായി യുഎസ് രേഖകൾ വ്യക്തമാക്കുന്നു.

ഓപ്പറേഷൻ സിന്ദൂർ നടന്ന സമയത്ത് പാകിസ്ഥാനിലെ നയതന്ത്രജ്ഞരും പ്രതിരോധ ഉദ്യോഗസ്ഥരും യുഎസ് ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയും 50-ലേറെ തവണയാണ് ഇമെയിൽ വഴിയും ഫോൺ വഴിയും നേരിട്ടും ബന്ധപ്പെട്ടത്. ‘സ്‌ക്വയർ പാറ്റൺ ബോഗ്‌സ്’ എന്ന യുഎസ് ലോബിയിംഗ് സ്ഥാപനം പാക് സർക്കാരിന് വേണ്ടി സമർപ്പിച്ച രേഖകളിലാണ് ഈ വിവരങ്ങളുള്ളത്. ഏപ്രിൽ, മെയ് മാസങ്ങളിൽ അമേരിക്കയിൽ തങ്ങൾക്കനുകൂലമായി ലോബിയിംഗ് നടത്താൻ പാകിസ്ഥാൻ വൻതുക ചെലവഴിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

മെയ് 6, 7 തീയതികളിൽ രാത്രിയാണ് ഇന്ത്യൻ സായുധ സേന പാകിസ്ഥാനിലെ ഒമ്പത് കേന്ദ്രങ്ങളിൽ മിന്നലാക്രമണം നടത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , കൃത്യതയാർന്ന മിസൈലുകൾ, ഡ്രോണുകൾ, ഉപഗ്രഹ നിരീക്ഷണം എന്നിവ ഉപയോഗിച്ച് അതിർത്തി കടക്കാതെ തന്നെ ഇന്ത്യ ഭീകരതാവളങ്ങൾ തകർത്തു. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തോയിബ തുടങ്ങിയ സംഘടനകളുടെ ബഹാവൽപൂർ, മുരിദ്‌കെ, മുസാഫറാബാദ്, കോട്ട്‌ലി എന്നിവിടങ്ങളിലെ പരിശീലന കേന്ദ്രങ്ങളും ലോജിസ്റ്റിക്സ് ഹബ്ബുകളും ഇന്ത്യ തകർത്തു. സാധാരണക്കാരെയോ സൈനിക താവളങ്ങളെയോ ബാധിക്കാതെ ഭീകരരെ മാത്രമാണ് ഇന്ത്യ ലക്ഷ്യം വെച്ചത്.

പാകിസ്ഥാൻ യുഎസിന് മുന്നിൽ വെച്ച വാഗ്ദാനങ്ങൾ

ഇന്ത്യയുമായുള്ള യുദ്ധം ഒഴിവാക്കാൻ പാകിസ്ഥാൻ അമേരിക്കയ്ക്ക് മുന്നിൽ വലിയ ഓഫറുകൾ നിരത്തി. അമേരിക്കൻ കയറ്റുമതികൾക്ക് (ഊർജ്ജം, കൃഷി) പാകിസ്ഥാൻ മുൻഗണന നൽകുമെന്നും വ്യാപാര തടസ്സങ്ങൾ നീക്കുമെന്നും അറിയിച്ചു. പാക് പ്രധാനമന്ത്രിയും ആർമി ചീഫും നേതൃത്വം നൽകുന്ന സ്പെഷ്യൽ ഇൻവെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷൻ കൗൺസിലിൽ (SIFC) യുഎസ് നിക്ഷേപകർക്ക് പ്രത്യേക പരിഗണന നൽകാമെന്ന് പാകിസ്ഥാൻ പറഞ്ഞു. കോപ്പർ, ലിഥിയം, കൊബാൾട്ട് തുടങ്ങിയ വിലപ്പെട്ട ഖനിജങ്ങളുടെ ഖനനത്തിൽ അമേരിക്കയെ പങ്കാളികളാക്കാമെന്നും പാകിസ്ഥാൻ വാഗ്ദാനം ചെയ്തു. നാല് ദിവസം നീണ്ട സൈനിക ഏറ്റുമുട്ടലിന് ശേഷം മെയ് 10-ന് ഇരുരാജ്യങ്ങളിലെയും ഡിജിഎംഒമാർ (DGMO) ഹോട്ട്ലൈൻ വഴി സംസാരിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ചു. താൻ മധ്യസ്ഥത വഹിച്ചതായും വ്യാപാര കരാറുകൾ വാഗ്ദാനം ചെയ്തതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടെങ്കിലും, ഇന്ത്യ ഇത് പലതവണ നിഷേധിച്ചു. ഭീകരതയെക്കുറിച്ച് പാകിസ്ഥാനുമായി നേരിട്ട് സംസാരിക്കാമെന്ന നിലപാടിലാണ് ഇന്ത്യ ഉറച്ചുനിന്നത്.

പ്രസിഡന്റ്സ് ട്രോഫി വള്ളംകളി 10ന്, ജലരാജാക്കന്മാര്‍ക്കായി അഷ്ടമുടി ഒരുങ്ങുന്നു..

ദേശിംഗനാടിന്റെ ജലകേളീരവത്തിന് നാടൊരുങ്ങി. അഷ്ടമുടിയുടെ ഓളപരപ്പിലേക്ക് ആവേശത്തിന്റെ തുഴപ്പാടുകള്‍ പതിയാന്‍ ഇനി രണ്ടുനാള്‍. പുതുവര്‍ഷത്തിലെ പത്താംനാളിലാണ് ഇത്തവണത്തെ പ്രസിഡന്റ്സ് ട്രോഫി വള്ളംകളി. ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ കലാശപോരാട്ടവും ഇതോടൊപ്പമുണ്ട്.
തേവള്ളികൊട്ടാരത്തിന് സമീപത്തുനിന്നാണ് പ്രസിഡന്റ്സ് ട്രോഫി-സി.ബി.എല്‍ മത്സരാരംഭം. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനു സമീപത്തെ ബോട്ട്ജെട്ടിവരെ 1,100 മീറ്ററിലാണ് അവസാനിക്കുക. വനിതകളുടെ വള്ളങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് വള്ളങ്ങള്‍ പങ്കെടുക്കും. ഫലപ്രഖ്യാപനത്തില്‍ ആധുനികസാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാണ് കൃത്യത ഉറപ്പാക്കുന്നത്.
പരിപാടിയുടെപ്രചരണാര്‍ഥം കലാ-കായികപരിപാടികള്‍ നടത്തുന്നുണ്ട്. കഥാപ്രസംഗം, വഞ്ചിപ്പാട്ട് ഉള്‍പ്പെടെ സാംസ്‌കാരിക ഘോഷയാത്രയും സംഘടിപ്പിക്കും. ജനപ്രതിനിധികളുടേയും ജില്ലാ കലക്ടറുടേയും നേതൃത്വത്തിലുള്ള ടീമുകള്‍ പങ്കെടുക്കുന്ന ഫുട്ബോള്‍, വടംവലി, കബഡി മത്സരങ്ങളാണ് വിളംബരമാകുക.

വിജയ്യുടെ രാഷ്ട്രീയപ്രവേശനത്തിന് മുമ്പുള്ള അവസാന ചിത്രം ജനനായകന്റെ റിലീസ് അനിശ്ചിതത്വത്തില്‍

വിജയ്യുടെ രാഷ്ട്രീയപ്രവേശനത്തിന് മുമ്പുള്ള അവസാന ചിത്രം ജനനായകന്റെ റിലീസ് അനിശ്ചിതത്വത്തില്‍. ചിത്രം രണ്ടാമതും സെന്‍സറിങ്ങിന് വിധേയമായതോടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസില്‍ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞില്ല. ജനനായകന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്ന 9ന് രാവിലെ വിധി പ്രസ്താവിക്കാനാണ് സാധ്യത.
എച്ച് വിനോധാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊങ്കല്‍ ദിനത്തില്‍ രാവിലെ 10ന് മുമ്പുള്ള എല്ലാ ഷോകളും റദ്ദാക്കിയേക്കാം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സിബിഎഫ്സി) പുതിയ കമ്മിറ്റി ജനനായകന്‍ പുനഃപരിശോധിക്കുമെന്ന് ബുധനാഴ്ചത്തെ വാദം കേള്‍ക്കുന്നതിനിടെ കോടതി അറിയിച്ചു.
ചിത്രം വിദഗ്ധര്‍ കാണണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് വാദം. ജനനായകന് 27 കട്ടുകള്‍ വരുത്തിയതായി നിര്‍മാതാക്കള്‍ പറഞ്ഞു. ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകള്‍ക്ക് അനുമതി നല്‍കുന്നതിനുമുമ്പ് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്. ഈ കാലതാമസം ‘ജനനായകന്‍ന്റെ റിലീസ് പ്രതിസന്ധിയിലാക്കി.
സിനിമ സെന്‍സര്‍ഷിപ്പ് വിവാദത്തില്‍പ്പെട്ടതോടെ ചില നഗരങ്ങളില്‍ ബുക്ക് മൈഷോയില്‍ നിന്നും ജനനായകന് ഇപ്പോള്‍ ടിക്കറ്റ് ബുക്കിങ് അനുവദിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. ജനനായകനില്‍ വിജയ്‌യ്ക്ക് പുറമെ പൂജ ഹെഗ്ഡെ, ബോബി ഡിയോള്‍, മമിത ബൈജു, ഗൗതം വാസുദേവ് മേനോന്‍, പ്രിയാമണി, നരേന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

കെഎസ്ആര്‍ടിസി ബസിലേക്ക് ക്രെയിന്‍ ഇടിച്ചുകയറി അപകടം

തിരുവനന്തപുരം: മംഗലപുരത്ത് കെഎസ്ആര്‍ടിസി ബസിലേക്ക് ക്രെയിന്‍ ഇടിച്ചുകയറി അപകടം. ആളപായമില്ല. ഇന്ന് രാവിലെ 12.15 നാണ് സംഭവം. സര്‍വീസ് റോഡില്‍ നിന്നും വന്ന ക്രെയിന്‍ കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശത്തെ ചില്ല പൂര്‍ണ്ണമായും തകര്‍ന്നു. വശങ്ങളിലും കേടുപാടുണ്ടായി. അപകടത്തില്‍ അര മണിക്കൂറോളം ഗതാഗതം തടസപെട്ടു.

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ചുമാസം പ്രായമായ കുഞ്ഞുമരിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ചുമാസം പ്രായമായ കുഞ്ഞുമരിച്ചു. കോഴിക്കോട് താമരശേരിയില്‍ അടിവാരം സ്വദേശികളായ ആഷിഖ്-ഷഹല ഷെറിന്‍ ദമ്പതികളുടെ ഏക മകള്‍ ജന്ന ഫാത്തിമയാണ് മരിച്ചത്. അസ്വസ്ഥത പ്രകടിപ്പിച്ച കുഞ്ഞിനെ കൈതപ്പൊയിലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കമിതാക്കളെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ലോഡ്ജില്‍ യുവാവും യുവതിയും ജീവനൊടുക്കിയ നിലയില്‍. വിതുരയിലാണ് സംഭവം നടന്നത്. മാരായമുട്ടം സ്വദേശി സുബിന്‍(28) ആര്യന്‍കോട് സ്വദേശിനി മഞ്ജു(31) എന്നിവരാണ് മരിച്ചത്. വിവാഹിതരായ ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ബന്ധം ഇരുവരുടെയും വീട്ടില്‍ അറിഞ്ഞതില്‍ പ്രശ്‌നം ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സുബിനെ കാണാതായതിന് മാരായമുട്ടത്തും മഞ്ജുവിനെ കാണാതായതിന് ആര്യങ്കോടും പൊലീസ് കേസ് എടുത്തിരുന്നു.