Home Blog Page 456

നിയമസഭയിലെ നിർമാണ പ്രവൃത്തികളിൽ ഊരാളുങ്കലിനെ വെട്ടി സ്പീക്കർ

തിരുവനന്തപുരം.നിയമസഭയിലെ നിർമാണ പ്രവൃത്തികളിൽ ഊരാളുങ്കലിനെ വെട്ടി സ്പീക്കർ. പണം അനുവദിച്ച ഉത്തരവുകളും റദ്ദാക്കി. ഡേറ്റാ സെന്ററിന്റെ വാർഷിക പരിപാലന ചുമതലയിൽ നിന്നും ഊരാളിനെ നീക്കി പകരം കെൽട്രോണിന് ചുമതലയും നൽകി

ഊരാളുങ്കലിന് പൊതുമരാമത്ത് മന്ത്രി നിയമസഭയിൽ ക്ളീൻ ചിറ്റ് കൊടുക്കുകയും അതിനു പിന്നാലെ ടെൻഡർ ഇല്ലാതെ സർക്കാർ പദ്ധതികളുടെ കരാർ ഏറ്റെടുക്കുന്നതിനുള്ള ഊരാളുങ്കലിന്റെ അവകാശം ധനവകുപ്പ് പുതുക്കി നൽകുകയും ചെയ്തിരുന്നു. അപ്പോഴാണ് ചെയ്ത പ്രവൃത്തികളിലും ഏല്പിച്ച പരിപാലനത്തിലും വീഴ്ച ഉണ്ടെന്ന് ബോധ്യപ്പെട്ട് നിയമസഭയിൽ നിന്നും ഊരാളുങ്കലിന് സ്പീക്കറുടെ വെട്ട് വന്നത്.

സഭയിലെ നിർമാണ പ്രവൃത്തികളിൽ നിന്ന്
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയെ ഒഴിവാക്കി. ഊരാളുങ്കലിന് കരാർ നൽകിയതിൽ അടക്കം വലിയ അഴിമതി നടന്നിട്ടുണ്ട് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
ഇതേ തുടർന്നാണ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ തീരുമാനം. സഭയിലെ ഡൈനിങ് ഹാൾ നവീകരിക്കാൻ അനുവദിച്ച 7.5കോടി രൂപയുടെ കരാറും റദ്ദാക്കി. 10 ദിവസത്തിൽ താഴെ മാത്രം ഉപയോഗിക്കുന്ന ശങ്കരൻ നാരായണൻ തമ്പി ഹാളിന്റെ പരിപാലന ചുമതല ഊരാളുങ്കലിൻ ആയിരുന്നു എന്നാൽ അതിൽ വീഴ്ചവരുത്തി എന്ന് കണ്ടെത്തിയിട്ടുണ്ട്. അക്കാലത്തെ തകരാർ പരിഹരിക്കുന്നതിനുള്ള മുഴുവൻ ചെലവും അവർ തന്നെ വഹിക്കണമെന്ന് തീരുമാനമായിട്ടുണ്ട്. അടുത്തമാസം 31 മുതൽ പരിപാലന ചുമതല പിഡബ്ല്യുഡി യ്ക്ക് ആയിരിക്കും.

10 ദിവസത്തിൽ താഴെ മാത്രം ഉപയോഗിക്കുന്ന ഈ ഹാൾ 7.5 കോടി രൂപ നൽകേണ്ടതില്ലെന്ന ധനവകുപ്പിന്റെ എതിർപ്പിനെ പോലും അവഗണിച്ചാണ് കഴിഞ്ഞ സർക്കാർ കരാർ നൽകിയത്. കേരളസഭയിൽ പങ്കെടുത്ത അതിഥികൾക്ക് ഉച്ചഭക്ഷണം നൽകുന്ന ഡൈനിങ് ഹാളിൽ എസി സ്ഥാപിച്ചതിന് അടക്കം 35 ലക്ഷം രൂപയുടെ ബിൽ നൽകിയതിലും അന്വേഷണം ഉണ്ടാകും.
നിയമസഭയിലെ നടപടിക്രമങ്ങൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിയിൽ നേരത്തെ വലിയ ക്രമക്കേട് കണ്ടെത്തിയിരുന്നു.

സഹപാഠികള്‍ അടക്കം ആറുപേരെ 13കാരി തകര്‍ത്തുകളഞ്ഞതിനു പിന്നിലെ കാരണം ഇത്

പത്തനംതിട്ട. സഹപാഠികൾ പീഡിപ്പിച്ചെന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ പരാതി വ്യാജമെന്ന് കൂടൽ പോലീസ്. ലൈംഗിക അതിക്രമത്തിന് പെൺകുട്ടി ഇരയായിട്ടില്ലെന്ന് വൈദ്യ പരിശോധനയിൽ കണ്ടെത്തി. സഹപാഠി പ്രണയം നിരസിച്ചതാണ് പരാതിക്ക് പിന്നിലെന്ന് പെൺകുട്ടി മജിസ്ട്രേറ്റിനു മൊഴി നൽകി. ഇതോടെ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസ് അവസാനിപ്പിക്കാനുള്ള നടപടികളിലേക്ക് പോലീസ് കടന്നു.

പൊലീസിനു കേസ് കൃത്യമായി അന്വേഷിക്കാന്‍ തോന്നിയതിനാല്‍ രണ്ടപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് പിടിയിലായ ആറുപേരും അവരുടെ കുടുംബങ്ങളും

ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിംഗിൽ ആണ് 13 കാരിയുടെ തുറന്ന് പറച്ചിൽ ഉണ്ടായത്. 10 പേർ ചേർന്ന് പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു ആദ്യ മൊഴി. പെൺകുട്ടിയുടെ മൊഴി ചൈൽഡ് ലൈൻ പ്രവർത്തകർ കൂടൽ
പോലീസിന് കൈമാറിയതോടെ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ് കേസെടുത്തു. പിന്നീട് പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് ബോധ്യപ്പെട്ട പോലീസ് കുട്ടിയെ വൈദ്യ പരിശോധനക്ക്‌ വിധേയയാക്കി.
13 കാരി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല എന്നാണ് വൈദ്യ പരിശോധനയിലെ കണ്ടെത്തൽ. ഇതോടെ കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്തവരെ അടക്കം ആറു പേരെ പോലീസ് ഇന്നലെ രാത്രി വിട്ടയച്ചു. ശേഷം 13 കാരിയുടെ മൊഴി വീണ്ടുമെടുത്തപ്പോൾ പീഡനം നടന്നിട്ടില്ലെന്ന് പെൺകുട്ടി പോലീസിനോട് സമ്മതിച്ചു. മജിസ്ട്രേറ്റിനോടും പോലീസിനോടും ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞതോടെ പരാതി വ്യാജം എന്ന് തെളിഞ്ഞു. സഹപാഠിയോടുള്ള പ്രണയ നൈരാശ്യമാണ് പരാതിക്ക് പിന്നിലെന്നും പെൺകുട്ടി പറഞ്ഞു.
ഇതോടെയാണ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കാനും കേസ് അവസാനിപ്പിക്കാനുമുള്ള നടപടികളിലേക്ക് പോലീസ് കടന്നത്. സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ടും കൂടൽ പോലീസ് കോടതിയിൽ സമർപ്പിക്കും.

സൂപ്പർ മാർക്കറ്റില്‍ കാട്ടുപന്നി ആക്രമണം

പത്തനംതിട്ട. റാന്നി മന്ദിരംപടിയിൽ കാട്ടുപന്നി ആക്രമണം. സൂപ്പർ മാർക്കറ്റിലേക്ക് ഓടിക്കയറിയ കാട്ടുപന്നി കടയുടമ ബീനയെ കുത്തി പരിക്കേൽപ്പിച്ചു. ബീനയെ ആക്രമിച്ച ശേഷം ഒന്നര കിലോമീറ്റർ റോഡിലൂടെ ഓടിയ പന്നിയെ പിന്നീട് പഞ്ചായത്തിന്റെ ഷൂട്ടർ എത്തിയാണ് വെടിവെച്ചുകൊന്നത്

സമയം രാവിലെ എട്ടര. റാന്നി മന്ദിരംപടിയിലെ സൂപ്പർ മാർക്കറ്റ് തുറന്നശേഷം കടയിൽ ഇരിക്കുകയായിരുന്നു കടയുടമ ബീന. അപ്രതീക്ഷിതമായാണ് കാട്ടുപന്നി കടയിലെ ഓടിക്കേറിയത്. ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും പന്നി കയ്യിൽ കുത്തുകയായിരുന്നു.

ബീനയെ ആക്രമിച്ച ശേഷം പത്തനംതിട്ട റാന്നി റോഡിലൂടെ ഒന്നര കിലോമീറ്റർ ഓടി ബ്ലോക്ക് പടിയിലുള്ള റബർ തോട്ടത്തിലേക്ക് കാട്ടുപന്നി കയറി. പഞ്ചായത്തിൽ നിന്നും ഷൂട്ടർ എത്തിയാണ് കാട്ടുപന്നിയെ വെടിവെച്ച് കൊന്നത്. ഒരു മണിക്കൂർ നീണ്ടുനിന്ന ശ്രമകരമായ ദൗത്യമാണ് ഫലം കണ്ടതെന്ന് ഷൂട്ടർ എബ്രഹാം പറഞ്ഞു.

ജനങ്ങളുടെ ജീവന് തന്നെ ആപത്താവുന്ന തരത്തിലാണ് വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു.

ഗുരുവായൂരിൽ നടുറോഡിൽ അക്രമികള്‍ വാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

തൃശൂര്‍. ഗുരുവായൂരിൽ നടുറോഡിൽ മദ്യപിച്ചെത്തിയ യുവാക്കളുടെ ഗുണ്ടായിസം. വാഹനങ്ങൾ തടഞ്ഞുനിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വടിവാളുമായി സ്കൂട്ടറിൽ എത്തിയ യുവാക്കൾ ആണ് റോഡിൽ ഗതാഗത തടസ്സം ഉണ്ടാക്കി ആളുകളുമായി തട്ടിക്കയറിയത്

പേരകം സ്വദേശിയായ ഫിറോസ്, ഒരുമണിയൂർ സ്വദേശി ബിജീഷ് എന്നിവരെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറും ആയുധങ്ങളും പോലീസ് കണ്ടെടുത്തു. രണ്ടുപേരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായവർ

വിഴിഞ്ഞം കരാർ : കൃത്യമായ അജണ്ടയോടെയാണ് വി ഡി സതീശൻ കാര്യങ്ങൾ നിർവഹിച്ചുവെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം. വിഴിഞ്ഞം കരാറില്‍ കൃത്യമായ അജണ്ടയോടെയാണ് വി ഡി സതീശൻ കാര്യങ്ങൾ നിർവഹിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.

MSC കമ്പനിക്ക് കരാർ ലഭിച്ചതിൽ വളരെ കൃത്യതയോടെയാണ് കാര്യങ്ങൾ നീങ്ങിയത്.മംഗലാപുരത്ത് പോയി ചർച്ചചെയ്ത് തീരുമാനിച്ച കൃത്യതയോടെയുള്ള ഡീലാണ് നടന്നത്.കേരളത്തിൻറെ ധാതു സമ്പത്ത് കോർപ്പറേറ്റുകൾക്ക് വിൽക്കുന്നതിനുള്ള പദ്ധതികളെ കുറിച്ചാണ് ധവള പത്രത്തിലും ബജറ്റിലും പറയുന്നത്. അതിലെ ഏറ്റവും പ്രധാനപ്പെട്ടതാണ് വിഷൻ സമുദ്ര എന്ന പേരിൽ അവതരിപ്പിച്ചത്. കടലും കരയും കോർപ്പറേറ്റുകൾക്ക് അടിയറ വയ്ക്കാനുള്ള തീരുമാനമാണ് അതിനു പിന്നിൽ

ലോകത്തെ ഏറ്റവും ശ്രദ്ധേയമായ തുറമുഖമായി വിഴിഞ്ഞം മാറുമ്പോൾ , കോർപ്പറേറ്റുകൾക്ക് അതിൽ താല്പര്യമുണ്ടാവുക സ്വാഭാവികം. സ്വകാര്യ വൽക്കരണത്തിന്റെ ഭാഗമായാണ് വളരെ വേഗം കരാറിലേക്ക് കടന്നത്. പത്രം വഴിയാണ് കരാറിൻ്റെ വിവരങ്ങൾ അറിഞ്ഞത് എന്ന മുഖ്യമന്ത്രിയുടെ വാദം വിശ്വാസത്തിൽ എടുക്കാൻ ആവില്ല

മുഖ്യമന്ത്രി ഇപ്പോഴും വിഷയത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കുന്നില്ല. കരാർ അംഗീകരിക്കില്ലെന്നും നിയമവിരുദ്ധമാണെന്നും മുഖ്യമന്ത്രി തുറന്നു പറയണം. മുഖ്യമന്ത്രിയും അദാനിയും എംഎസ്സി കമ്പനിയുമായി നടന്നത് വലിയ ഡീൽ

കരാർ റദ്ദാക്കണമെന്നാണ് ആവശ്യം ഇതുതന്നെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് നിലപാടും. ഈ കരാറിനെ കുറിച്ച് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കണം.

പയ്യന്നൂർ, തളിപ്പറമ്പ് സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള എം വി ജയരാജന്റെ പ്രതികരണം. പാർട്ടി സ്വയം വിമർശനം നേരത്തെ നടത്തിയതാണ്. ഓരോരുത്തരും ഓരോ ചാനലിൽ സംസാരിക്കുന്നതിന് മറുപടി പറയണ്ട കാര്യമില്ല,പാർട്ടിയുടെ ഭാഗമായല്ല അദ്ദേഹം സംസാരിച്ചത്. തെറ്റു തിരുത്തിയാൽ ആരെയും തിരിച്ചെടുക്കും

വർഗ്ഗ വഞ്ചനന എന്നതാണ് തെറ്റ്.സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും പാർട്ടിയെ വഞ്ചിച്ച് പോയവരാണ്.അവരെ വിമർശനം തുടരും.തെറ്റ് തിരുത്തിയാൽ ആർക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തിരിച്ചുവരാം

റിവ്യൂ റിപ്പോർട്ടിനെക്കുറിച്ച് നേരത്തെ തന്നെ മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്, ഇനി ഓരോ ചാനലിലും നടന്ന ചർച്ചകളോട് പ്രതികരിക്കുന്നില്ല.പാർട്ടിക്കുള്ളിൽ നേതൃത്വത്തിനെതിരെ എതിർ ചേരി എന്ന വാർത്ത അസംബന്ധം

പ്രതിപക്ഷ ഉപനേതാവ് വിഷയം : സിപിഐയുമായി ഇനിയും ചർച്ച നടക്കും.ചർച്ച ചെയ്യുന്നതിൽ തങ്ങൾക്ക് ഒരു പ്രശ്നവുമില്ല

ഉപ നേതാവ് വിഷയം. ചർച്ച ചെയ്ത് ആവശ്യമായ നിലപാട് സ്വീകരിക്കും

മുൻകാലങ്ങളിലെ
കീഴ് വഴക്കം അനുസരിച്ച് പ്രതിപക്ഷനേതാവ്,
ഉപനേതാവ് പദവികൾ കഴിഞ്ഞകാലങ്ങളിൽ എല്ലാം സിപിഎമ്മിന് ആയിരുന്നു.ചർച്ച ചെയ്താൽ അവർക്ക് ബോധ്യമാകും.പിഎസ്‌സി പരീക്ഷാ ക്രമക്കേട്.പിഎസ്‌സി പരീക്ഷയുമായി ബന്ധപ്പെട്ടല്ല ക്രമക്കേട് നടന്നത് വാല്യുവേഷനുമായി ബന്ധപ്പെട്ട മാത്രമാണ്.ആവശ്യമായ പരിശോധന നടത്തണമെന്ന് സർക്കാർ തന്നെ തീരുമാനിച്ചിട്ടുണ്ട്,ആവശ്യമായ പരിശോധന നടത്തുക തന്നെ വേണമെന്ന് ഗോവിന്ദന്‍ പറഞ്ഞു.

നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ കോടതി വിധി ഇന്നില്ല

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കില്ല. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി-4 ജഡ്ജി കെന്നത്ത് ജോര്‍ജിന്റെ ആരോ​ഗ്യപ്രശ്നങ്ങളെത്തുടർന്നാണ് വിധി പ്രസ്താവം മാറ്റിവെച്ചത്. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയന്‍ ഉന്നതിയിലെ ചെന്താമരയാണ് ( 59) കേസിലെ പ്രതി. മലമ്പുഴ ജയിലിൽ കഴിയുന്ന ചെന്താമരയെ ഇന്ന് ഹാജരാക്കേണ്ടെന്ന് കോടതി പൊലീസിനെ അറിയിച്ചിട്ടുണ്ട്

നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയന്‍ ഉന്നതിയിലെ സുധാകരന്‍ (55), അമ്മ ലക്ഷ്മി ( 75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പറയുന്നത്. സുധാകരന്റെ ഭാര്യ സജിത( 35)യെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇതേ കോടതി നേരത്തെ വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ പ്രതി അനുഭവിച്ചു വരികയാണ്.

ഈ കേസില്‍ തടവിന് പുറമേ 3.25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. കഴിഞ്ഞ 30 ന് കേസില്‍ അന്തിമവാദം പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് കേസില്‍ വിധി പറയാനായി കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

‘ടീമാകാം പുതുയു​ഗസ്വപ്നങ്ങൾക്കായി’ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനോത്സവം ഇന്ന്

കോഴിക്കോട്: ഈ അധ്യയന വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ ക്ലാസ് ഇന്ന് തുടങ്ങും. സംസ്ഥാന പ്രവേശനോത്സവം കോഴിക്കോട്‌ തലക്കുളത്തൂർ സിഎംഎം ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും.

‘ടീമാകാം പുതുയു​ഗസ്വപ്നങ്ങൾക്കായി’ എന്ന പേരിലാണ് ഈ വർ‌ഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിർവഹിക്കും.

സംസ്ഥാനത്ത് പ്ലസ്‌വൺ മുഖ്യ അലോട്ട്‌മെന്റില്‍ 3,59,890 വിദ്യാർഥികൾ പ്രവേശനം നേടിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളിൽ 81,375 സീറ്റ്‌ ഒഴിവുണ്ട്‌. ഈ മാസം 13 മുതൽ ഓഗസ്റ്റ് അഞ്ചുവരെ സപ്ലിമെന്ററി പ്രവേശനം നടക്കും. സ്‌പോർട്‌സ്‌, കമ്യൂണിറ്റി, മാനേജ്‌മെന്റ്‌ ക്വാട്ടകളിലെ സപ്ലിമെന്ററി ഘട്ടം 10ന്‌ പൂർത്തിയാകും. പ്രവേശന നടപടികൾ ഓ​ഗസ്റ്റ് അഞ്ചിന്‌ അവസാനിക്കും

വഴിയാത്രക്കാരന്റെ ബാഗില്‍ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടര്‍ യാത്രിക ആംബുലന്‍സ് കയറി മരിച്ചു

തൃശൂര്‍: വഴിയാത്രക്കാരന്റെ ബാഗില്‍ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടര്‍ യാത്രിക ആംബുലന്‍സ് കയറി മരിച്ചു. പുന്നംപറമ്പ് സ്വദേശി ജനീറ്റ രാജ് (22) ആണ് മരിച്ചത്.

ഇന്നലെ ഉച്ചതിരിഞ്ഞ് 3.30 ഓടെയാണ് സംഭവം. വേലൂരില്‍ നിന്ന് തൃശൂര്‍ക്ക് വരുന്നതിനിടെയാണ് അപകടം. അമ്മ ശാന്തിയെ (44) പരിക്കുകളോടെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ ജൂനിയർ

ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ ജൂനിയർ. നോർവേക്കെതിരായ മത്സരശേഷമായിരുന്നു താരത്തിന്റെ പ്രഖ്യാപനം. 2010ൽ മഞ്ഞക്കുപ്പായത്തിൽ അരങ്ങേറിയ താരം നീണ്ട 16 വർഷത്തെ കരിയറിനാണ് അന്ത്യം കുറിക്കുന്നത്. ‘ഞാൻ ശ്രമിച്ചു, ഒരുപാട് ശ്രമിച്ചു. ഇവിടെയാണ് (മെറ്റ്ലൈഫ് സ്റ്റേഡിയം) എല്ലാം തുടങ്ങിയത്, ഇവിടെ തന്നെ എല്ലാം അവസാനിപ്പിക്കുന്നു’ മത്സരശേഷം മാധ്യമങ്ങളോടായി താരം പറഞ്ഞു.

2013 കോൺഫെഡറേഷൻ കപ്പിൽ സ്പെയ്നിനെതിരായ ഫൈനൽ മത്സരത്തോടെയാണ് നെയ്മർ ബ്രസീൽ ആരാധകരുടെ പ്രിയപ്പെട്ടവനാവുന്നത്. പിന്നാലെ 2014 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെട്ടു. ബ്രസീൽ ആതിഥേയതം വഹിക്കുന്ന ടൂർണമെന്റിൽ നാല് ഗോളുകളുമായി മികച്ച ഫോമിൽ നിന്ന താരത്തിന് പക്ഷേ ക്വാർട്ടർ ഫൈനലിലേറ്റ പരിക്കിനെ തുടർന്ന് പുറത്തിറക്കേണ്ടി വന്നു.   
2010 ആഗസ്റ്റ് 10നായിരുന്നു പതിനെട്ടുകാരൻ നെയ്മറിന്റെ ദേശീയ കുപ്പായത്തിലെ അരങ്ങേറ്റം. ഏകപക്ഷീയമായ രണ്ട് ഗോളിന് ബ്രസീൽ ജയിച്ച മത്സരത്തിൽ ഹെഡറിലൂടെ താരം അന്ന് ഗോൾ നേടിയിരുന്നു. 2011 കോപ്പ അമേരിക്കയിലാണ് നെയ്മർ ബ്രസീൽ കുപ്പായത്തിൽ ആദ്യമായി ഒരു ടൂർണമെന്റിൽ പങ്കെടുക്കുന്നത്. അതിൽ പരാഗ്വേയോട് തോറ്റ് ബ്രസീൽ ക്വാർട്ടർ ഫൈനലിൽ പുറത്തായെങ്കിലും നെയ്മർ രണ്ട് തവണ ടീമിനായി വലകുലുക്കിയിരുന്നു. 2012 ലണ്ടൻ ഒളിമ്പിക്സിലും 2016 റിയോ ഒളിമ്പിക്സിലും പന്തുതട്ടിയ താരം ഇരു ടൂർണമെന്റിലും ടീമിന്റെ നട്ടെല്ലായിരുന്നു. 2013 കോൺഫെഡറേഷൻ കപ്പ് ഫൈനലിൽ ബ്രസീൽ ഏകപക്ഷീയമായ മൂന്ന് ഗോളിന് സ്പെയിനിനെ പരാജയപ്പെടുത്തുമ്പോൾ കളം നിറഞ്ഞ് കളിച്ചത് നെയ്മറായിരുന്നു, പിന്നാലെ ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ താരത്തെ തേടി വന്നു.

മെക്സിക്കോയെ തകർത്ത് ഇംഗ്ലണ്ട് ലോകകപ്പ് ക്വാർട്ടറില്‍

ആതിഥേയരായ മെക്സിക്കോയെ തകർത്ത് ഇംഗ്ലണ്ട് ലോകകപ്പ് ക്വാർട്ടറില്‍. മെക്സിക്കോ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇംഗ്ലീഷ് പട വിജയം പിടിച്ചെടുത്തത്. ഇംഗ്ലണ്ടിനായി ജൂഡ് ബെല്ലിംഗ്ഹാം ഇരട്ട ഗോളുകൾ നേടിയപ്പോൾ നായകൻ ഹാരി കെയ്ൻ പെനാൽറ്റിയിലൂടെ വിജയഗോൾ കണ്ടെത്തി.

ആദ്യപകുതിയില്‍ മെക്സിക്കോ ആധിപത്യം പുലർത്തുന്നതിനിടെ 36ാം മിനിറ്റില്‍ ജൂഡ് ബെല്ലിംഗ്ഹാമിന്റെ തകർപ്പൻ ഫിനിഷിംഗിലൂടെയാണ് ഇംഗ്ലണ്ട് മുന്നിലെത്തിയത് (0-1). ഈ ഞെട്ടല്‍ മാറും മുന്‍പേ, വെറും രണ്ട് മിനിറ്റിനുള്ളിൽ (38ാം മിനിറ്റ്) മെക്സിക്കൻ പ്രതിരോധത്തെ തകർത്ത് ബെല്ലിംഗ്ഹാം വീണ്ടും ലക്ഷ്യം കണ്ടു (0-2). എന്നാല്‍ വീണ്ടും മിനിറ്റുകള്‍ക്കുള്ളില്‍, ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ (42ാം മിനിറ്റ്) ഹൂലിയൻ കിന്യോനസിലൂടെ മെക്സിക്കോ ഒരു ഗോൾ മടക്കി (1-2).


രണ്ടാം പകുതിയില്‍, 54ാം മിനിറ്റില്‍ ഇംഗ്ലീഷ് താരം ക്വാൻസ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ ഇംഗ്ലണ്ട് 10 പേരായി ചുരുങ്ങി. എങ്കിലും 60ാം മിനിറ്റില്‍ ലഭിച്ച പെനാൽറ്റി കൃത്യമായി വലയിലെത്തിച്ച് ഹാരി കെയ്ൻ ഇംഗ്ലണ്ടിന്റെ ലീഡ് ഉയർത്തി (1-3). ഇതിനിടെ പെനാല്‍റ്റിക്ക് മറുപടി പെനാല്‍റ്റിയെന്നോണം 69ാം മിനിറ്റില്‍ മെക്സിക്കോയ്ക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് റൗൾ ഹിമെനെസ് കളി വീണ്ടും ആവേശത്തിലാക്കി (2-3).

അവസാന മിനിറ്റുകളിൽ സമനിലയ്ക്കായി മെക്സിക്കോ സർവ്വശക്തിയുമെടുത്ത് പോരാടി. എന്നാല്‍ ജോർദാൻ പിക്ക്ഫോർഡിന്റെ മികച്ച സേവുകളും ശക്തമായ പ്രതിരോധവും ഇംഗ്ലണ്ടിന് തുണയായി. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഇംഗ്ലണ്ട്-3, മെക്സിക്കോ-2. ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ അട്ടിമറിച്ചെത്തുന്ന എർലിങ് ഹാളണ്ടിന്റെ നോർവേയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.