Home Blog Page 452

ട്വന്‍റി 20 എൻഡിഎയിൽ ചേര്‍ന്നത് സ്വാഭാവിക പരിണാമം, അവര്‍ വ്യാപാര സ്ഥാപനമാണ്; മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട്: സാബു എം ജേക്കബ്ബിന്‍റെ ട്വന്‍റി 20 പാര്‍ട്ടി എൻഡിയിൽ ചേര്‍ന്നത് സ്വാഭാവിക പരിണാമം ആണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ.അവർ വ്യാപാര സ്ഥാപനമാണ്. അവർക്ക് എൻ ഡി എ യിൽ ചേരുകയേ മാർഗ്ഗമുള്ളുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എസ്എൻഡിപി നേതൃത്വം കേരളത്തെ ജാതി മതചിന്തയിലേക്ക് കൊണ്ടുപോകരുത്. ശ്രീനാരായണ ഗുരുവിനെ പോലെയുള്ള നിരവധി മഹാരഥന്മാർ നയിച്ച പ്രസ്ഥാനമാണ്. ജാതി മത ചിന്തകൾക്ക് കേരളം ഒരുപാട് വില കൊടുത്തിട്ടുണ്ട്. എൻ എസ് എസ് നേതൃത്വവും ഇക്കാര്യം ഓർക്കണം. മഹത്തായ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് എൻ എസ് എസ്. മന്നത്ത് പത്മനാഭൻ ഉത്തമനായ കോൺഗ്രസ് നേതാവായിരുന്നു. നവോത്ഥാനം ഉണ്ടാക്കിയ എൻഎസ്എസ് പ്രസ്ഥാനവും ജാതിമത ചിന്തകളിലേക്ക് തിരിച്ചു പോകരുത്.

സാമുദായിക നേതാക്കൾ സാമുദായിക ചിന്ത ഉണ്ടാക്കുന്ന പ്രസ്താവന നടത്തുന്നത് ദൗർഭാഗ്യകരമാണ്. എംപിമാർ എല്ലാം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങുന്നത് പ്രായോഗികമല്ല. എംപിമാർ മത്സരിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ്. ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി എന്ന നിലയിൽ അൻവർ പ്രചാരണം നടത്തുമെന്ന് തോന്നുന്നില്ല. സീറ്റ് പങ്കിടൽ ചർച്ച യുഡിഎഫിൽ നടക്കുന്നയുള്ളുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

അരാഷ്ട്രീയ വാദം ഉന്നയിച്ച് ജനങ്ങളുടെ വോട്ട് വാങ്ങിയ ആളാണ് സാബു ജേക്കബെന്നും ട്വന്‍റി 20ക്ക് വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിച്ചാണ് സാബു എം ജേക്കബ് ബിജെപി പാളയത്തിലേക്ക് പോയതെന്നും എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്, വിപി സജീന്ദ്രൻ എന്നിവര്‍ വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചു.

തന്‍റെ കമ്പനിയുടെ കോർപ്പറേറ്റ് വത്കരണത്തിനുള്ള മാർഗ്ഗം ബിജെപി ആണ് എന്ന തിരിച്ചറിവ് ആണ് സാബുവിനെ ബിജെപിയിൽ എത്തിച്ചത്. കോർപ്പറേറ്റ് മുതലാളിയായ സാബു ജേക്കബിന്‍റെ ഉചിതമായ ഇടമാണ് ബിജെപിയും എൻഡിഎയും. കച്ചവട താൽപര്യങ്ങൾക്ക് ഉചിതമായ ഇടം. സാബുവിന്‍റെ ആമാശയത്തിന്‍റെയും കമ്പനിയുടെയും പ്രശ്നമാണ്. തന്‍റെ കമ്പനിയെ രക്ഷപ്പെടുത്താൻ ജനങ്ങളുടെ വോട്ട് പണയപ്പെടുത്തിയ സാബു ജേക്കബ് മാപ്പ് പറയണം. പഞ്ചായത്തുകളിലെ ട്വന്‍റി ട്വൻ്റി അംഗങ്ങൾ ബിജെപിയിലേക്ക് പോകില്ല. ട്വന്‍റി 20 യുമായി കൂട്ടുകൂടാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ല. ട്വന്‍റി 20യുമായി ഫൈറ്റ് ചെയ്യാനാണ് കോൺഗ്രസ് തീരുമാനം

ട്വന്‍റി 20യുടെ പരീക്ഷണം ഇവിടെ അവസാനിച്ചുവെന്നും നനഞ്ഞ പടക്കമായി മാറിയെന്നും ഷിയാസ് പറഞ്ഞു. അതേസമയം, ട്വന്‍റി 20 ചേരേണ്ട സ്ഥലത്ത് തന്നെ എത്തിയെന്നും അഴിമതിക്ക് എതിരെന്ന് അവകാശപ്പെട്ടിട്ട് എത്തിയത് ഏറ്റവും വലിയ അഴിമതിക്കാർക്കൊപ്പമാണെന്നും ബിജെപിയുടെ ഏജന്‍റാണ് സാബു ജേക്കബെന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് ആരോപിച്ചു. കോർപ്പറേറ്റുകളെ കൂടെ നിർത്തി വളരാനാണ് ബിജെപിയുടെ ശ്രമം. കേരളത്തിലെ ജനത ഈ നീക്കത്തെ ചെറുത്തു തോൽപ്പിക്കുമെന്നും എസ് സതീഷ് പറഞ്ഞു.

കിളിമാനൂര്‍ വാഹനാപകടം; മുഖ്യപ്രതിയുടെ സുഹൃത്ത് അറസ്റ്റിൽ, ഒളിവിലുള്ള വിഷ്ണുവിനായി തമിഴ്നാട്ടിലേക്കും അന്വേഷണം

കിളിമാനൂര്‍: കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ മുഖ്യപ്രതിയായ വിഷ്ണുവിന്‍റെ സുഹൃത്ത് അറസ്റ്റിൽ. വിഷ്ണുവിനെ രക്ഷപ്പെടാൻ അടക്കം സഹായിച്ച ആദർശ് (29) ആണ് പിടിയിലായത്. കിളിമാനൂര്‍ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. വിഷ്ണുവിനെ ഒളിവിൽ പോകാൻ സഹായിച്ചതും ഫോൺ സിം കാർഡ് എടുത്തു നൽകിയതും ആദർശാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, കേസിലെ മുഖ്യപ്രതിയായ വിഷ്ണുവിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാണ്. ഒളിവിലുള്ള വിഷ്ണുവിനെ കണ്ടെത്താൻ തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര സ്വദേശിയാണ് അറസ്റ്റിലായ ആദർശ്. കേസിലെ ആദ്യ അറസ്റ്റാണിത്.

കഴിഞ്ഞ മൂന്നിന് വൈകിട്ട് മൂന്നരയ്ക്ക് സംസ്ഥാന പാതയിൽ പാപ്പാലയിലായിലുണ്ടായ അപകടത്തിലാണ് കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയും മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ അമിതേവഗത്തിൽ വന്ന ഥാർ ജീപ്പിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അംബിക ഏഴാം തീയതിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ വെച്ച് രജിത്തും മരിച്ചു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ നാട്ടുകാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് അടക്കം നടത്തിയിരുന്നു. കഴിഞ്ഞദിവസം പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തതോടെ നാട്ടുകാരുടെ രോഷം കൂടി. പഞ്ചായത്തംഗം ഉൾപ്പടെ 59 പേർക്കെതിരെയാണ് കേസ്. അപകടമുണ്ടായക്കിയാളെ പിടികൂടാത്തതിനെതിരെയായിരുന്നു നാട്ടുകാർ പ്രതിഷേധിച്ചത്. രജിത്തിന്‍റെയും അംബികയുടെയും മക്കളെയും കൊണ്ടായിരുന്നു കിളിമാനൂർ സ്റ്റേഷനു മുന്നിലെ നാട്ടുകാരുടെ പ്രതിഷേധം.

പ്രതിഷേധത്തിന് നേതൃത്വം നൽകിയ പഞ്ചായത്തംഗം സിജിമോൾ, ബ്ലോക്ക് അംഗം ഷെഫിൻ കെഎസ് യു നേതാവ് ആദേശ് സുധർമൻ, എഐവൈഎഫ് നേതാവ് അനീസ് അടക്കം ഒമ്പതു പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. എന്നാൽ അപകടമുണ്ടാക്കിയ ജീപ്പ് ഓടിച്ച മുഖ്യപ്രതിയായ വിഷ്ണുവിനെ ഇനിയും പൊലീസ് പിടികൂടിയിട്ടില്ല. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ അംബികയുടെ ശരീരത്തിലൂടെ ജീപ്പ് കയറി ഇറങ്ങി. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ ജീപ്പ് നാട്ടുകാർ തടഞ്ഞ് വള്ളക്കടവ് സ്വദേശി വിഷ്ണുവിനെ നാട്ടുകാര്‍ പൊലീസിനെ ഏൽപിച്ചിരുന്നു. എന്നാൽ, വിഷ്ണുവിനെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. അംബിക മരിച്ചശേഷമാണ് വിഷ്ണുവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. എന്നിട്ടും വിഷ്ണുവിനെ പിടികൂടാത്തത് കള്ളക്കളിയെന്നാണ് പരാതിയുയരുന്നത്. വാഹനത്തിൽ മറ്റു രണ്ടു പേര്‍ കൂടിയുണ്ടായിരുന്നുവെന്നും ആരോപണമുണ്ടായിരുന്നു. പ്രതിയെ ഒരു ദിവസത്തിനുള്ളിൽ പിടികൂടിയില്ലെങ്കിൽ വീണ്ടും പ്രതിഷേധിക്കുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.

ബാറ്റിംഗ് വെടിക്കെട്ടിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം

ന്യൂസീലൻഡിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് 48 റൺസ് വിജയം. ഇന്ത്യ ഉയർത്തിയ 239 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവികൾക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റിരുന്നു. ടീം സ്കോർ 27-ൽ എത്തുമ്പോഴേക്കും സഞ്ജു സാംസൺ (10), ഇഷാൻ കിഷൻ (8) എന്നിവരെ ഇന്ത്യയ്ക്ക് നഷ്ടമായി. എന്നാൽ പിന്നീട് ക്രീസിലൊന്നിച്ച അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗ് കളി മാറ്റുകയായിരുന്നു. 35 പന്തിൽ നിന്ന് 8 എട്ട് സിക്സറുകളും 5 ഫോറുകളും ഉൾപ്പെടെ 84 റൺസെടുത്ത അഭിഷേക് ശർമ്മയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ.

അമ്മയും മകളും വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ

തിരുവനന്തപുരം: പൂന്തുറയിൽ അമ്മയും മകളും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സജന, ഗ്രീമ എന്നിവരാണ് മരിച്ചത്.
വിഷം കഴിച്ച് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ കുറുപ്പ് എഴുതി ബന്ധുക്കൾക്ക് അയച്ചുകൊടുത്തതിനുശേഷം ആയിരുന്നു ആത്മഹത്യ.
വീടിന്റെ വാതിൽ തുറക്കാഞ്ഞതോടെ സമീപത്തുള്ളവർ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് വന്ന് വീട് ചവിട്ടി തുറന്നപ്പോഴാണ് അമ്മയും മകളും മരിച്ചുകിടക്കുന്നത് കണ്ടത്. ഹാളിലെ സോഫാ സെറ്റിയിൽ മകളുടെ പുറത്തുകൂടി അമ്മ മരിച്ചു കിടക്കുകയായിരുന്നു.

ഗ്രീമാ ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. ഭർത്താവ് ഉണ്ണികൃഷ്ണൻ ആറു വർഷമായി വിദേശത്താണ്. ഉണ്ണികൃഷ്ണന്റെ ബന്ധുവിന്റെ മരണത്തിന് ഉണ്ണികൃഷ്ണൻ ഇന്നലെ എത്തിയിരുന്നു. അവിടെവച്ച് ഇവർ തമ്മിൽ കാണുകയും സംസാരം ഉണ്ടായതായും ബന്ധുക്കൾ പറയുന്നു

ഫോറൻസിക് പരിശോധന തുടരുകയാണ്. പൂന്തുറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ബൈക്ക് മോഷണത്തില്‍ കാപ്പ കേസ് പ്രതിയടക്കം രണ്ടുപേര്‍ പിടിയില്‍

എറണാകുളം കാക്കനാട് തുതിയൂരിലെ ബൈക്ക് മോഷണത്തിൽ കാപ്പ കേസ് പ്രതിയടക്കം രണ്ടുപേർ പിടിയിൽ. ഈരാറ്റുപേട്ട സ്വദേശി ഫിറോസ്, പള്ളുരുത്തി സ്വദേശി ടോണി എന്നിവരാണ് പിടിയിലായത്.

ജനുവരി 13 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കൊല്ലം സ്വദേശിയുടെ പരാതിയിലാണ് പൊലീസ് നടപടി. തുതിയൂരിലെ സുഹൃത്തിൻ്റെ വീടിന് മുന്നിൽ വെച്ച ബൈക്കാണ് പ്രതികൾ മോഷ്ടിച്ചത്. ബൈക്കിൻ്റെ നമ്പർ പ്ലേറ്റ് മാറ്റി ഇവർ ഉപയോഗിക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

കാര്യവട്ടത്തെ ഇന്ത്യ- ന്യൂസിലന്‍ഡ് ട്വന്റി-20 മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയ്ക്ക് തുടക്കമായി

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ജനുവരി 31ന് നടക്കാനിരിക്കുന്ന ഇന്ത്യ- ന്യൂസിലന്‍ഡ് ട്വന്റി-20 മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയ്ക്ക് തുടക്കമായി. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ആദ്യ ടിക്കറ്റ് എം ബി സനില്‍ കുമാറിന് കൈമാറി ഉദ്ഘാടനം ചെയ്തു.

അപ്പര്‍ ടയര്‍ സീറ്റുകള്‍ക്ക് 500 രൂപയും ലോവര്‍ ടയര്‍ സീറ്റുകള്‍ക്ക് 1200 രൂപയുമാണ് നിശ്ചിയച്ചിരിക്കുന്ന നിരക്കുകള്‍. ആരാധകര്‍ക്ക് ‘Ticketgenie’ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.

വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 250 രൂപയാണ് വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് വില. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയുള്ള ഗ്രൂപ്പ് ബുക്കിംഗുകള്‍ക്ക് മാത്രമാണ് വിദ്യാര്‍ഥികള്‍ക്കുള്ള ആനുകൂല്യം ലഭിക്കുക. ടിക്കറ്റുകള്‍ ആവശ്യമുള്ള സ്ഥാപനങ്ങള്‍ മേധാവി സാക്ഷ്യപ്പെടുത്തിയ ഔദ്യോഗിക ലെറ്റര്‍ഹെഡിലുള്ള അപേക്ഷ generalconvener@keralacricket.in എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. അപേക്ഷയോടൊപ്പം വിദ്യാര്‍ഥികളുടെ മുഴുവന്‍ പേരും സ്‌കൂള്‍/കോളേജ് ഐഡി കാര്‍ഡ് നമ്പറും സമര്‍പ്പിക്കണം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് കുറഞ്ഞത് പത്ത് വിദ്യാര്‍ഥികളെങ്കിലും ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.

ന്യൂസിലന്‍ഡിന് 239 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യ- ന്യൂസിലന്‍ഡ്  ടി20 പരമ്പരിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിന് 239 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സടിച്ചു. 35 പന്തില്‍ 84 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 22 പന്തില്‍ 32 റണ്‍സടിച്ചപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 16 പന്തില്‍ 25ഉം റിങ്കു സിംഗ് 20 പന്തില്‍ പുറത്താകാതെ 44 റണ്‍സുമെടുത്തു. ന്യൂസിലന്‍ഡിനായി ജേക്കബ് ഡഫിയും കെയ്ല്‍ ജമൈസണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ശബരിമല സ്വർണക്കൊള്ള, പ്രതികൾക്കെതിരെ നിർണായക നീക്കവുമായി ഇഡി

കൊച്ചി.ശബരിമല സ്വർണക്കൊള്ളയിൽ പ്രതികൾക്കെതിരെ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രധാന പ്രതികളുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി. 1.3 കോടി വില വരുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 100 ഗ്രാം സ്വർണം സ്മാർട്ട് ക്രിയേഷനിൽ നിന്ന് പിടിച്ചെടുത്തു. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പും അന്വേഷണപരിധിയിൽ വരുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്ഐടി കണ്ടെത്തലുകൾ ശരിവെക്കുകയാണ് എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ്. ശബരിമലയിൽ നടന്നത് വ്യാപക ക്രമക്കേടും കൊള്ളയും. പ്രധാന പ്രതികളുടെ സ്വത്ത് വകകളാണ് ഇ ഡി കണ്ടുകെട്ടിയിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ എട്ടോളം സ്വത്തുവകകൾ കണ്ടുകെട്ടി. ഭൂമിയുടെ രേഖകൾ മരവിപ്പിച്ചു. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷനിൽ നിന്ന് 100 ഗ്രാം സ്വർണം പിടിച്ചെടുത്തു. സ്വർണ്ണക്കട്ടികളാണ് പിടിച്ചത്. ചില ഉദ്യോഗസ്ഥർക്ക് അസ്വാഭാവികമായ സാമ്പത്തിക ഇടപാട് ഉണ്ടെന്നും ഇഡി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. സ്വർണ്ണം ചെമ്പന്നെഴുതിയ രേഖകൾ ദേവസ്വം ആസ്ഥാനത്തുനിന്ന് കണ്ടെത്തി. സ്പോൺസർഷിപ്പ് ഇടപാടുകൾ ഭൂരിഭാഗവും ദുരൂഹം. കൊടിമരവുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പിലും തട്ടിപ്പ് നടന്നതായി ഇഡിയ്ക്ക് തെളിവ് ലഭിച്ചതായാണ് സൂചന. ഒരു ദിവസങ്ങളിൽ കൂടുതൽ നടപടി ഉണ്ടാകുമെന്നുറപ്പ്

ശൂരനാട്തെക്ക് തൃക്കുന്നപ്പുഴ തെക്ക് ലേഖാലയം Rtd.Sl .CISF ഉദ്യോഗസ്ഥൻ രാഘവൻ പിള്ള  നിര്യാതനായി

ശൂരനാട്തെക്ക്.തൃക്കുന്നപ്പുഴ തെക്ക് ലേഖാലയം Rtd.Sl .CISF ഉദ്യോഗസ്ഥൻ രാഘവൻ പിള്ള (74) നിര്യാതനായി
ഭാര്യ. ലതിക ദേവി.മക്കൾ: ലേഖ, അഖിൽ
മരുമക്കൾ. രാജേഷ് കുമാർ,
തനുശ്രീ

കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശികള്‍ പിടിയില്‍

കൊട്ടാരക്കര: നാലു കിലോ കഞ്ചാവുമായി കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ രണ്ടു പേര്‍ കൊട്ടാരക്കര റൂറല്‍ ഡാന്‍സാഫ് ടീമിന്റെ പിടിയിലായി. മുര്‍ഷിദബാദ് മോണ്ടൂളില്‍ ഷില്‍റ്റൂ സമദ് (30), ജോളോങ്കി രാഹുല്‍ ഹക്കീം (18) എന്നിവരാണ് പിടിയിലായയത്.
ഇവരില്‍ നിന്നും മൂന്നു വലിയ പൊതികളിലായി 4 കിലോ കഞ്ചാവ് പിടിച്ചെടുത്തു. റൂറല്‍ എസ്പി വിഷ്ണു പ്രദീപിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. തിരുവല്ലയില്‍ ട്രെയിന്‍ ഇറങ്ങിയ പ്രതികളുടെ പിന്നാലെ ഡാന്‍സാഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം പിന്തുടരുകയായിരുന്നു. തുടര്‍ന്ന് കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവരില്‍ നിന്ന് കഞ്ചാവ് പിടികൂടിയത്. ഡാന്‍സാഫ് എസ്‌ഐ ജ്യോതിഷ്, എസ്‌ഐ മനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.