Home Blog Page 447

പി എസ് സി പരീക്ഷാ ക്രമക്കേട് : ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷാ മൂല്യനിർണയത്തിൽ ഉണ്ടായ പി എസ് സിയിൽ നടന്ന ഗുരുതര ക്രമക്കേടിൽ സംസ്ഥാന സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു.

ഇന്ന് രാവിലെ ചേരുന്ന മന്ത്രിസഭായോഗത്തിൽ ഇത് സംബന്ധിച്ചുണ്ടായ ഔദ്യോഗിക തീരുമാനം മുഖ്യമന്ത്രി വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കുകയായിരുന്നു.

സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ), പ്ലാനിങ് കോ-ഓർഡിനേഷൻ ഡിവിഷൻ ചീഫ്, പേഴ്സ്പെക്ടീവ് പ്ലാനിങ് ഡിവിഷൻ ചീഫ് എന്നീ മൂന്ന് പ്രധാന തസ്തികകളിലേക്ക് നടത്തിയ പരീക്ഷയുടെ മൂല്യനിർണയത്തിലാണ് അട്ടിമറി കണ്ടെത്തിയത്. പരീക്ഷയുടെ 100 മാർക്കിൽ 58 മാർക്കിന്റെ ഉത്തരങ്ങൾ (9 മുതൽ 18 വരെയുള്ള ചോദ്യങ്ങൾ) മൂല്യനിർണയം നടത്താതെയാണ് പിഎസ്‌സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതും നിയമനം നടത്തിയതും.

വിഴിഞ്ഞം ഓഹരി കൈമാറ്റം,പ്രതിപക്ഷത്തെ പ്രതിക്കൂട്ടിൽ ആക്കുന്ന തെളിവുകൾ പുറത്ത്

തിരുവനന്തപുരം.വിഴിഞ്ഞം ഓഹരി കൈമാറ്റത്തിനായി MSC കമ്പനിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രതിപക്ഷത്തിന്റെ നിലപാട് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്.
ഇടതു നേതാക്കൾ പങ്കെടുത്ത 2025ലെ കോൺക്ലേവിലെ ദൃശ്യങ്ങളും MSC ഓഹരി നിക്ഷേപത്തെ പുകഴ്ത്തുന്ന ദേശാഭിമാനിയുടെ പത്രത്തിന്റെ ഭാഗങ്ങളുമാണ് പുറത്തായത്.
വാണിജ്യ അടിസ്ഥാനത്തിൽ വിഴിഞ്ഞത്ത് പ്രവർത്തനമാരംഭിച്ചു കഴിഞ്ഞാൽ ഒരു വർഷത്തിനുശേഷം 25% ത്തിൽ ഒഴികെയുള്ള ഓഹരികൾ സ്വകാര്യ നിക്ഷേപത്തിലേക്ക് നൽകാമെന്നും ഉറപ്പു നൽകുന്ന തെളിവുകളും പുറത്ത് വന്നു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കുത്തക കമ്പനികൾക്കായുള്ള കച്ചവടമാണ് നടക്കുന്നത് എന്നാണ് എൽഡിഎഫിന്റെ നിലവിലെ നിലപാട്. എന്നാൽ ഒരു വർഷം മുന്നേ ഇങ്ങനെയല്ല . അന്താരാഷ്ട്ര കമ്പനികൾക്ക് നിക്ഷേപങ്ങൾ കൊണ്ടുവരാനായി വിഴിഞ്ഞം കോൺക്ലേവ് എന്ന പേരിൽ 2025 ജനുവരി 28,29 തീയതികളിൽ തിരുവനന്തപുരത്ത് ഇൻവെസ്റ്റ്മെന്റ് മീറ്റ് തന്നെ നടത്തി. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കോൺക്ലേവ് വ്യവസായ മന്ത്രിയായിരുന്ന പി രാജീവ് തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന വി എൻ വാസവൻ പോർട്ട് എംഡിയായിരുന്ന ദിവ്യ എസ് അയ്യർ തുടങ്ങിയവർ പങ്കെടുത്തിരുന്നു.

25 ശതമാനത്തിൽ ഒഴികെയുള്ള ഓഹരി സ്വകാര്യ കമ്പനികൾക്ക് നൽകാമെന്നാണ് ദേശാഭിമാനിയും ജനയുഗവും അന്ന് പറഞ്ഞത് . കരാറിലെ വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ട് ഈ ഓഹരികൾ വിൽക്കാം എന്നും പത്രത്തിൽ അച്ചടിച്ചു വന്നു . എൽഡിഎഫ് സർക്കാർ സംഘടിപ്പിച്ച വിഴിഞ്ഞം കോൺക്ലേവിൽ എംഎസ്സിയുടെ പ്രതിനിധികളും പങ്കെടുത്തു. സ്വകാര്യ നിക്ഷേപങ്ങളെ കുറിച്ചും സ്വകാര്യ നിക്ഷേപത്തിന്റെ സാധ്യതകളെക്കുറിച്ചും ചർച്ച ചെയ്ത കോൺക്ലേവ് ആയിരുന്നു അത് . അന്ന് ഇടത് നേതാക്കൾ പതിനായിരം കോടി രൂപയുടെ നിക്ഷേപവുo ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു.വിഴിഞ്ഞത്തിന്റെ സുസ്ഥിരത ഉറപ്പാക്കാനായി എംഎസ്സി പ്രതിനിധികൾ പറഞ്ഞ വാക്കുകൾ സർക്കാർ റിലീസ് ആയിട്ടും പുറത്തുവന്നിരുന്നു. സർക്കാരുമാറി വിഴിഞ്ഞത്ത് എംഎസ്സിയുടെ നിക്ഷേപം വന്നു. വ്യവസ്ഥകൾ പ്രകാരം 49 % ഓഹരി എം എസ് സിക്ക് കൈമാറാം എന്ന ധാരണയായി . ഇടതുപക്ഷം മലക്കം മറഞ്ഞു സർക്കാർ നടത്തുന്നത് കച്ചവടം ആണെന്ന് ആരോപണവുമായി രംഗത്തെത്തിയതോടെയാണ് പ്രതിപക്ഷത്തെ പ്രതിക്കൂട്ടിൽ ആക്കുന്ന തെളിവുകൾ പുറത്തുവന്നത്.

ഫിഷറീസ് വകുപ്പിലെ ചോദ്യ പേപ്പർ ചോർച്ചയിലുടെ എസ്എഫ്ഐ നേതാക്കൾക്ക് നിയമനം നൽകിയ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ തസ്തികയിൽ ഡെപ്യൂട്ടഷൻ നൽകിയതി‌ലും അട്ടിമറി

തിരുവനന്തപുരം. ഫിഷറീസ് വകുപ്പിലെ ചോദ്യ പേപ്പർ ചോർച്ചയിലുടെ എസ്എഫ്ഐ നേതാക്കൾക്ക് നിയമനം നൽകിയ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ തസ്തികയിൽ ഡെപ്യൂട്ടഷൻ നൽകിയതി‌ലും അട്ടിമറി. റാങ്ക് കാലാവധി തീരുന്നതിന് മുൻപാണ് എസ്എഫ്ഐ നേതാക്കൾക്ക് ഡെപ്യൂട്ടേഷൻ ലഭിച്ചത്. സിനോയിററ്റി പ്രകാരം ഡെപ്യൂട്ടേഷൻ ലഭിക്കേണ്ട സീനിയർ ഉദ്യോ​ഗസ്ഥരെ അവ​ഗണിച്ച് ഡെപ്യൂട്ടേഷൻ നിയമങ്ങൾ നൽകിയതിലൂടെ കൂടുതൽ എസ്എഫ്ഐക്കാർക്ക് നിയമനം ലഭിച്ചു.


സിനിയോറിറ്റി പ്രകാരം ഡെപ്യൂട്ടേഷൻ ലഭിക്കേണ്ട വർഷങ്ങളുടെ സർവീസ് റെക്കോർഡുള്ള ഉദ്യോ​ഗസ്ഥരെ അവ​ഗണിച്ചാണ് ഫിഷറീഷ് എക്സറ്റൻ ഓഫിസർ തസ്തികയിലേക്ക് നടന്ന പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പൂജ ചിത്തിരക്ക് എൽഡിഎഫ് സർക്കാർ ആദ്യം ഡെപ്യൂട്ടേഷൻ നൽകിയത്. ഫിഷ്റീസ് വകുപ്പിന്റെ തൃശൂർ പൊയ്യയിലെ ഏജൻസിയായ അഡാക്കിലായിരുന്നു പൂജയുടെ നി​യമനം. പിന്നാലെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട അസ്ലം എ ആർ, ആതിര പി.കെ, രാഹുൽ ആർ എന്നിവർക്കും സീനിയർ ഉദ്യോ​ഗസ്ഥരെ പിന്തള്ളി എൽഡിഎഫ് സർക്കാർ ഡെപ്യൂട്ടേഷൻ നൽകി.

പട്ടികയിൽ ഉൾപ്പെട്ട രണ്ടു പേർ എൽ ഡബ്യൂ പ്രകാരം ദീർഘകാല അവധിയും എടുത്തതോടെ കുഫോസിൽ പഠിച്ച കൂടുതൽ എസ്എഫ്ഐക്കാർക്ക് പ്രസ്തുത തസ്തികളിൽ ഒഴിവ് ചൂണ്ടിക്കാട്ടി തുടർ നിയമനം നേടാനായി. ഇനി കണക്കുകൾ കൂടി പരിശോധിക്കാം. പൂജ ചിത്തരക്ക് ഡെപ്യൂട്ടേഷൻ നിയമനം നൽകികൊണ്ടുള്ള ഉത്തരവ് വരുന്നത് 27-09-25നാണ് അന്ന് തന്നെ വിടുതൽ നടപടികൾക്ക് ഉത്തരവ് നൽകി, പൂജയുടെ പോസ്റ്റ് ഒഴിവുവന്നതായി മണിക്കൂറുകൾക്കുള്ളിൽ പിഎസ് സിക്കും റിപ്പോർട്ട് ചെയ്തു. രണ്ടാഴ്ചയുടെ ഇടവേളയിലാണ് അസ്ലമിന് ഡെപ്യുട്ടേഷൻ നൽകുകയും ഒഴിവ് പിഎസ് സി റിപ്പോർട്ട് ചെയ്യുകയയും ചെയ്തത്. റാങ്ക് ലിസ്റ്റ് അവസാനിക്കാൻ 17 ദിവസം ബാക്കി നിൽക്കെ 11-11-25 ൽ അവസാനസ അഡ്വൈസും നൽകി ഇഷ്ടക്കാർക്ക് നിയമനം നൽകുകയായിരുന്നു എൽഡിഎഫ് സർക്കാർ. റാങ്ക് ലിസ്റ്റ് കാലവധി തീരുംമുൻപ് ഡെപ്യൂ്ട്ടേഷൻ നൽകിയതിന് പിന്നിൽ ഇഷ്ടക്കാരുടെ നിയമനമായിരുന്നു ലക്ഷ്യമെന്ന് രേഖകൾ വ്യക്തമാക്കുന്നു.

ഗൃഹനാഥനെ കെട്ടിയിട്ട് സ്വർണ്ണ കവർച്ച ,അന്തർ സംസ്ഥാന കുറ്റവാളികൾ പിടിയിൽ, അറസ്റ്റിലായത് ലോറി ഡ്രൈവർമാരുടെ സംഘം

തൃശ്ശൂർ മണ്ണുത്തിയിൽ ഗൃഹനാഥനെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസിൽ അന്തർ സംസ്ഥാന കുറ്റവാളികൾ അറസ്റ്റിൽ. മഹാരാഷ്ട്ര – രാജസ്ഥാൻ സ്വദേശികളായ സൂരജ് പവാർ , ആകാശ് ഷിൻഡ , മജീദ് എന്നിവരാണ് പിടിയിലായത്. ലോറികളിൽ കറങ്ങി നടന്ന് കവർച്ച നടത്തുന്ന സംഘത്തിലുൾപ്പെട്ട രണ്ട് പേർ കൂടി ഇനിയും പിടിയിലാകാനുണ്ട്.

പൊലീസ് നടത്തിയ വിദഗ്ദമായ അന്വേഷണം , കൃത്യമായ ആസൂത്രണം . ഒരു മാസത്തോളം നടന്ന തെരച്ചിൽ ഇതിനെല്ലാം ഒടുവിലാണ് മണ്ണൂത്തി കവർച്ച കേസിലെ പ്രതികൾ വലയിലാകുന്നത്. ഒല്ലൂക്കര സ്വദേശി സോമശേഖരനെ കെട്ടിയിട്ട് ജൂൺ ഏഴിനാണ് 46 പവൻ സ്വർണ്ണവും 50,000 രൂപയും പ്രതികൾ കവർന്നത്. തുടർന്ന് തൃശൂർ സ്റ്റിറ്റി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ച് നടത്തിയ അന്വഷണത്തിലാണ് കവർച്ചക്ക് പിന്നിൽ അന്തർ സംസ്ഥാന കവർച്ച സംഘമാണെന്ന് വ്യക്തമായത്.

മഹാരാഷ്ട്ര പൂനെ സ്വദേശി ആകാശ് ഷിൻഡ , രാജസ്ഥാൻ സ്വദേശി മജീദ് എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാനിലും മഹാരാഷ്ട്രയിലുമെത്തിയാണ് അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്. ഇതിന് പിന്നാലെ രാജസ്ഥാൻ സ്വദേശിയായ മുഖ്യപ്രതി സൂരജ് പവാറിനെ കണ്ടെത്താനും കസ്റ്റഡിയിലെടുക്കാനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. ഇവരെ കൂടാതെ മ പ്രതികളായ മറ്റ് രണ്ട് പേർക്കായും അന്വേഷണം തുടരുകയാണ്.

ഇതര സംസ്ഥാനങ്ങളിൽ നിന്നും ചരക്ക് ഇറക്കാനെത്തുന്ന നാഷണൽ പെർമിറ്റ് ലോറികളിൽ വിവിധ സ്ഥലങ്ങളിലെത്തി കവർച്ച നടത്തുന്നതാണ് പ്രതികളുടെ സ്ഥിരം ശൈലി. ജൂൺ 7 ന് എറണാകുളത്ത് ലോഡി ഇറക്കിയ ശേഷം തിരികെ മടങ്ങുന്നതിനിടയിൽ ദേശീയപതാ 544നോട് ചേർന്ന സ്ഥലമെന്ന നിലയിലാണ് പ്രതികൾ ഒല്ലൂക്കര തെരഞ്ഞെടുത്തത്. പാലിയേക്കര – പന്ന്യങ്കര ടോൾ പ്ലാസകളിലേതടക്കം 22 സി.സി ടിവിക്യാമറകൾ പരിശോധിച്ചാണ് പൊലീസ് പ്രതികളിലേക്കെത്തിയത്.

അറസ്റ്റിലായ മജീദിനെയും ആകാശ് ഷിൻഡയെയും സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കസ്റ്റഡിയിലുള്ള മുഖ്യപ്രതി സൂരജ് പവാറിനെ നാളെ തൃശൂരിലെത്തിക്കും. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് , എസിപിമാരായ കെ.പി തോംസൺ , ശശിധരൻ , സി.ഐ ബിജു തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകിയത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കോടികളുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കൊച്ചി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. കോടികളുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ബാങ്കോക്കിൽ നിന്ന് കൊച്ചിയിലേക്ക് എത്തിച്ച കഞ്ചാവാണ് പിടികൂടിയത്.

ബാങ്കോക്കിൽ നിന്ന് FD 170 വിമാനത്തിൽ എത്തിയ യാത്രക്കാരനെ സംശയം തോന്നി കസ്റ്റംസ് തടഞ്ഞു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിലും പരിശോധനയിലും കണ്ടെത്തിയത് 5.88 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ്.

തൃശ്ശൂർ, മങ്ങാട് സ്വദേശി റിച്ചി ആന്റണിയാണ് കസ്റ്റംസിന്റെ പിടിയിലായത്. ബാങ്കോക്കിൽ നിന്ന് കൊച്ചിയിൽ വില്പന ലക്ഷ്യം വെച്ച് എത്തിച്ചതായിരുന്നു കഞ്ചാവ്.ബാഗേജിൽ ഒളിപ്പിച്ച് കടത്തുന്നതിനിടയിലാണ് പിടിയിലായത്. പ്രതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

അയ്യേ നാണക്കേട് !മദ്യപിച്ച് പോലീസ് വാഹനമോടിച്ച ഓപ്പറേഷൻ തൂഫാൻ സംഘത്തിലെ 3 പോലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: ലഹരിയുടെ വേരറുക്കാൻ സർക്കാർ രൂപീകരിച്ച ഓപ്പറേഷൻ തൂഫാൻ സംഘത്തിലെ മൂന്ന് പോലീസുകാർ മദ്യപിച്ച് വാഹനമോടിച്ച കേസിൽ സസ്പെൻഷനിലായത് സർക്കാരിന് നാണക്കേടായി. മദ്യപിച്ച് അശ്രദ്ധമായി പോലീസ് ജീപ്പോടിച്ച് മറ്റ് വാഹനങ്ങളിൽ ഇടിക്കാൻ ശ്രമിച്ചതിന് പത്തനംതിട്ട ഡാൻസാഫ് സംഘത്തിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. പ്രിയേഷ്, രാഹുൽ, സുമൻ എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് ഡ്രൈവർ പ്രിയേഷിനെതിരെ പോലീസ് കേസെടുത്തിട്ടുമുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് പത്തനംതിട്ട നഗരത്തിലായിരുന്നു സംഭവം.
ഓപ്പറേഷൻ തൂഫാൻ പരിശോധനയുടെ ഭാഗമായി ഡിവൈ.എസ്.പിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് സംഘമാണ് ജീപ്പിലുണ്ടായിരുന്നത്.
മൈലപ്ര ഭാഗത്തുനിന്ന് അമിത വേഗതയിൽ വന്ന പോലീസ് ജീപ്പ് മറ്റ് വാഹനങ്ങളിൽ ഇടിക്കാൻ ശ്രമിക്കുകയും, ഒരു വനിതയുടെ ഓട്ടോറിക്ഷയിൽ തട്ടാൻ അടുക്കുകയും ചെയ്തു.
നിർത്താതെ പോയ ജീപ്പിനെ നാട്ടുകാരും ഓട്ടോ ഡ്രൈവറും ചേർന്ന് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് സമീപത്തുവെച്ച് തടയുകയായിരുന്നു.
ജീപ്പിലുണ്ടായിരുന്ന ഒരാൾ ബാഗുമായി ഇറങ്ങിയോടിയെങ്കിലും നാട്ടുകാർ തടഞ്ഞുവെച്ചു.
തുടർന്ന് പത്തനംതിട്ട പോലീസ് എത്തി മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത് ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.

സ്പായിൽ അതിക്രമിച്ചു കയറി ഗുണ്ടാപ്പിരിവും സ്ത്രീകൾക്ക് നേരെ അതിക്രമവും നടത്തിയ കേസിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷും കൂട്ടാളികളും റിമാൻഡിൽ

കൊച്ചി. നെടുമ്പാശ്ശേരിയിലെ സ്പായിൽ അതിക്രമിച്ചു കയറി ഗുണ്ടാപ്പിരിവും സ്ത്രീകൾക്ക് നേരെ അതിക്രമവും നടത്തിയ കേസിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷും കൂട്ടാളികളും റിമാൻഡിൽ. അങ്കമാലി കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. സംഭവത്തിനുശേഷം മൈസൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ചയാണ് നെടുമ്പാശ്ശേരി പോലീസ് ഇവരെ പിടികൂടിയത്

കൊച്ചി നെടുമ്പാശ്ശേരിയിൽ പ്രവർത്തിക്കുന്ന സ്പായിൽ ഗുണ്ടാപ്പിരിവ് നടത്തുകയും ജീവനക്കാരായ സ്ത്രീകൾക്ക് നേരെ അതിക്രമം കാണിക്കുകയും ചെയ്ത കേസിലാണ് കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പോലീസിന്റെ പിടിയിലാകുന്നത്. കേസിൽ അനീഷിനൊപ്പം ഇയാളുടെ കൂട്ടാളികളായ അജിത്ത്, പ്രേം എന്നിവരെയും നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ സെബിൻ നിലവിൽ ഒളിവിലാണ്.മരട് അനീഷിന്റെ ചിത്രം കാണിച്ച് ഭയപ്പെടുത്തി കൂട്ടാളികളായ മൂന്നുപേരും ചേർന്ന് സ്പായിൽ നിന്ന് പണപ്പിരിവിന് ശ്രമിച്ചു എന്നാണ് പോലീസ് രജിസ്റ്റർ ചെയ്ത കേസ്. സ്പായുടെ ഉടമയെ നെടുമ്പാശ്ശേരിയിലെ ഒരു റസ്റ്റോറന്റിൽ വിളിച്ചുവരുത്തി പ്രതികൾ കടുത്ത ഭീഷണി മുഴക്കുകയായിരുന്നു. പ്രതിദിനം 4,000 രൂപ വീതം ഗുണ്ടാപ്പടിയായി നൽകിയില്ലെങ്കിൽ, വർഷങ്ങളോളം ജയിൽ ശിക്ഷ ലഭിക്കാവുന്ന കടുത്ത ലഹരിമരുന്ന് കേസുകളിൽ കുടുക്കുമെന്നായിരുന്നു സ്പാ ഉടമയ്ക്ക് നേരെയുണ്ടായ ഭീഷണി.

പണം നൽകാൻ വിസമ്മതിച്ചതോടെ പ്രതികൾ സ്പായിൽ അതിക്രമിച്ചു കയറി അവിടുത്തെ വനിതാ ജീവനക്കാരെ അധിക്ഷേപിക്കുകയും അതിക്രമം നടത്തുകയുമായിരുന്നു. ഇതിനു പിന്നാലെ ഒളിവിൽ പോയ പ്രതികൾ, കർണാടകയിലെ മൈസൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്റെ റെയ്ഡിൽ അതിർത്തിയിൽ വെച്ച് പിടിയിലാകുന്നത്. അറസ്റ്റിലായ മരട് അനീഷിനെയും സംഘത്തെയും അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.
ഒളിവിലുള്ള പ്രതി സെബിനായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

കള്ളാടി ദുരന്തം; സർക്കാർ ഒന്നാം പ്രതി ? കൊങ്കൺ റെയിൽ കോർപ്പറേഷനും പ്രതിക്കൂട്ടിൽ

കൽപ്പറ്റ: മുന്നറിയിപ്പുകളും സുരക്ഷാ ചട്ടങ്ങളും കാറ്റിൽ പറത്തി നടത്തിയ ആനക്കാംപൊയിൽ കള്ളാടി തുരങ്കപാതയുടെ നിർമാണ സ്ഥലത്തുണ്ടായദുരന്തത്തിന് ഉത്തരവാദികൾ നിരവധി പേരാണ്. പരിസ്ഥിതി ലോല മേഖലയിലൂടെ ഇത്തരമൊരു വലിയ തുരങ്കം നിർമിക്കാനുള്ള തീരുമാനം എടുത്ത സംസ്ഥാന സർക്കാരാണ് ഒന്നാം പ്രതി. കള്ളാടി 1980 നു ശേഷം ഒട്ടേറെ ദുരന്തങ്ങൾ ഉണ്ടായ മേഖലയാണെന്ന് ദുരന്തനിവാരണ അതോറിറ്റിയും പാത അഭിമാന പദ്ധതിയായി ഉയർത്തി കാണിച്ച കഴിഞ്ഞ പിണറായി സർക്കാരും ഓർത്തതേയില്ല. കേന്ദ്രാനുമതി കിട്ടാനായി ‘ഈ പ്രദേശം പരിസ്ഥിതി ദുർബല മേഖല അല്ലെന്നുവരെ’ വാദിച്ച സർക്കാർ ആണ് ഈ ദുരന്തത്തിന്റെ ഒന്നാം പ്രതി.

നിർമാണ ചുമതലയുള്ള കൊങ്കൺ റെയിൽ കോർപ്പറേഷനും നിർമാണം നടത്തിയ ദിലീപ് ബിൽഡ് കോൺ ലിമിറ്റഡ് എന്ന കമ്പനിയും വരുത്തിയത് ഗുരുതര വീഴ്ചയാണ്. മലയിടിച്ച മണ്ണ് കൂട്ടിയിടാതെ നീക്കം ചെയ്യണമെന്ന് കോർപ്പറേഷനോട് രേഖാമൂലം പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് അനുസരിച്ചില്ല. പ്രകൃതിക്ഷോഭമാണ് ദുരന്തകാരണം എന്ന മുട്ടാപ്പോക്ക് ന്യായം പറയുകയാണ് ഇപ്പോൾ കൊങ്കൺ കോർപ്പറേഷൻ. യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെ ആയിരുന്നു നിർമാണമെന്ന് ഇപ്പോൾ പകൽപോലെ വ്യക്തമാകുകയാണ്.

കാലവർഷം തുടങ്ങി ജൂൺ 20ന് ശേഷം മാത്രമാണ് മണ്ണ് നീക്കം ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ, ഈ മണ്ണ് നീക്കം ചെയ്തു എന്ന് സർക്കാർ ഉറപ്പ് വരുത്തിയുമില്ല.

സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾക്കും ഇക്കാര്യത്തിൽ ഗുരുതര വീഴ്ച സംഭവിച്ചു. മണ്ണ് നീക്കണമെന്ന നിർദേശം കമ്പനി പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കാൻ അധികാരമുള്ള ജില്ലാ കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും അനങ്ങിയില്ല. കാലാവസ്ഥാ മുന്നറിയിപ്പിൽ ഉണ്ടായത് ഗുരുതരവീഴ്ചയാണ്. അതിതീവ്ര മഴ പെയ്ത വയനാട്ടിൽ ഇന്നലെ റെഡ് അലർട്ട് ഇല്ല. മഴ ശക്തമായിട്ടും അപകടകരമായ ഈ നിർമാണ സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചില്ല. അപായമോ ദുരന്തമോ ഉണ്ടായ ശേഷം മാത്രം റെഡ് അലർട്ട് നൽകുന്ന കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനത്തിനും ഈ ദുരന്തത്തിൽ പങ്കുണ്ട്.

മാരായമുട്ടത്ത് അച്ഛൻ്റെയും മകൻ്റെയും മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

തിരുവനന്തപുരം. മാരായമുട്ടത്ത് അച്ഛൻ്റെയും മകൻ്റെയും മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ.
ആനാവൂർ സ്വദേശി ഷൈജു, പിതാവ് ഷാജികുമാർ എന്നിവരുടെ മരണത്തിലാണ് ബന്ധുക്കൾ ദുരൂഹത ആരോപിക്കുന്നത്. വിഷം ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചത്. ഷൈജുവിന്റെ ഇളയമ്മ ധന്യ വിഷം കലക്കി തന്നതായി ഷൈജു ബന്ധുകളോട് പറഞ്ഞിരുന്നു എന്ന് ആരോപണം. മാരായമുട്ടം പോലീസിൽ ബന്ധുക്കൾ പരാതി നൽകി. അതേ സമയം ഷൈജു കഴിഞ്ഞ ഒന്നര മാസമായി വീട്ടിൽ വന്നിട്ടില്ല എന്ന് ധന്യ പറയുന്നു.

ഇക്കഴിഞ്ഞ ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം ആനാവൂർ സ്വദേശി ഷൈജു വിഷാശം ഉള്ളിൽ ചെന്ന് മരണപ്പെടുന്നത് .കൃത്യം രണ്ട് മാസം മുൻപ് പിതാവ് ഷാജികുമാർ സമാനമായി വിഷം ഉള്ളിൽ ചെന്നു തന്നെ മരണപ്പെടുന്നു.

ഭാര്യയുടെ മരണശേഷം ഷൈജു കുമാറും മകൻ ഷൈജുവും ഷൈജുകുമാറിന്റെ രണ്ടാം ഭാര്യ ഷൈജുവിന്റെ ഇളയമ്മയായ കീഴാരൂർ സ്വദേശി ധന്യയോടൊപ്പമാണ് താമസം എന്ന് ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ മാസം 19ാം തിയതി ഷൈജു സുഖമില്ല എന്ന് പറഞ്ഞ് ആനാവൂരിലെ ബന്ധുവിൻ്റെ വീട്ടിലേക്ക് വരികയായിരുന്നു. വന്നയുടൻ ചർദിച്ച് അവശനായ ഷൈജുവിനെ പിതാവിന്റെ സഹോദരൻ നെയ്യാറ്റിൻകര ജനറൽ ആശുപത്രിൽ എത്തിച്ചു.

എന്നാൽ ഈ മാസം ഒന്നാം തിയതി മുതൽ ഷൈജുവിന്റെ നില വീണ്ടും വഷളായി . ഷൈജുവിന്‌ ശ്വാസതടസവും ആഹാരം
കഴിക്കാൻ കഴിയാത്ത അവസ്ഥയും നേരിട്ടു . ഇളയമ്മ ധന്യ വിഷം കലക്കി നൽകിയതായി ഷൈജു ബന്ധുകളോട് പറഞ്ഞു.

രണ്ട് മാസം മുമ്പ് ഷൈജുവിൻ്റെ പിതാവ് ഷാജികുമാറും ഇതേ രീതിയിൽ മരണപ്പെട്ടു എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത് .
ഷാജികുമാറും മൂന്നാമത്തെ ഭാര്യയായ ധന്യയോടൊപ്പം കീഴാരൂറാണ് താമസിച്ചിരുന്നത്.
ഷാജികുമാർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു എന്നാണ് ധന്യ ബന്ധുക്കളെ അറിയിച്ചത്. ഷാജികുമാറിൻ്റെ മരണത്തിലും ബന്ധുക്കൾ ദുരൂഹത ആരോപിക്കുന്നു.ഷാജികുമാറിൻ്റെയും ഷൈജുവിൻ്റെയും
മരണകാരണം ഒരേ വിഷം ഉള്ളിൽ ചെന്ന് തന്നെ എന്ന് ഡോക്ടർമാരും സംശയം പറഞ്ഞതിനെ തുടർന്നാണ് ബന്ധുക്കൾ പരാതി ദുരൂഹതയാരോപിച്ച് പരാതി നൽകിയത് . മാരായമൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
അതേ സമയം ഷൈജു വീട്ടിൽ കഴിഞ്ഞ ഒന്നര മാസമായി വന്നിട്ടില്ല എന്ന് ധന്യപറയുന്നു.

മധ്യവയസ്കൻ അയൽവാസിയുടെ വെട്ടേറ്റ് മരിച്ചു

കോഴിക്കോട്. മുക്കം മണാശ്ശേരിയിൽ മധ്യവയസ്കൻ അയൽവാസിയുടെ വെട്ടേറ്റ് മരിച്ചു.മണാശ്ശേരി മുതുകുറ്റിയിൽ വാടകവീട്ടിൽ താമസിക്കുന്ന വിനോദ് കുമാർ (58) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് ഏഴേകാലോട് കൂടിയിട്ടായിരുന്നു അയൽവാസിയായ ജയകുമാർ കഴുത്തിന് വെട്ടി പരിക്കേൽപ്പിച്ചത്.

മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.വിനോദ് കുമാറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതി ജയകുമാറിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി