പാലക്കാട് പുലാപ്പറ്റയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം; വെട്ടംപറമ്പിൽ കൃഷ്ണകുമാർ- സുമിഷ ദമ്പതികളുടെ മകൻ യുവാൻ ആണ് മരിച്ചത്.
രാവിലെ 7 മണിയോടെയാണ് സംഭവം. അമ്മയുടെ അടുത്ത് തന്നെ കിടത്തിയിരുന്ന കുട്ടിക്ക് അർദ്ധരാത്രിയിൽ മുലപ്പാൽ കൊടുത്തിരുന്നു. രാവിലെ ഏഴ് മണിയായിട്ടും കുട്ടി എണീക്കാതായത്തോടെ വീട്ടുകാർ നോക്കിയപ്പോഴാണ് അനക്കമില്ലാത്ത നിലയിൽ കണ്ടത്. ഉടൻ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
തിരുവനന്തപുരം.ഹൈക്കോടതിയിലെ ഗവ. പ്ലീഡർ നിയമനം. മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ്. ലോയേഴ്സ് കോൺഗ്രസിൻ്റെ പട്ടികയിൽ നിന്നാണ് നിയമനം എന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി. വിവാദ നിയമനങ്ങൾ നിർദ്ദേശിച്ചത് സ്റ്റേറ്റ് അറ്റോർണി അനൂപ് വി നായർ. പട്ടികയിൽ ഇല്ലാത്ത പേരുകൾ നിർദ്ദേശിച്ചിട്ട് പഴി ലോയേഴ്സ് കോൺഗ്രസിന്
വഴിവിട്ട നിയമങ്ങളിൽ മുഖ്യമന്ത്രിക്ക് മറുപടിയില്ല. ലോയേഴ്സ് കോൺഗ്രസിൻ്റെ പട്ടികയ്ക്ക് ശരിയായ പരിഗണന നൽകിയില്ല. നിയമനം നേടിയ യുഡിഎഫ് അനുഭാവികൾ അല്ലാത്തവരുടെ പേര് വെളിപ്പെടുത്തും. ഗവ. പ്ലീഡർ നിയമനം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാൻ നിരന്തരം ശ്രമിച്ചു. കൂടിക്കാഴ്ചയ്ക്ക് നിരന്തരം അവസരം നിഷേധിച്ചു എന്നും ലോയേഴ്സ് കോൺഗ്രസ്
നടി അൻസിബ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി നടൻ ടിനി ടോം. ദൈവത്തിന് സത്യം അറിയാം, നമുക്ക് വേണ്ടി ദൈവം പോരാടും എന്ന കുറിപ്പോടെയാണ് പോസ്റ്റ്. കടവന്ത്ര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ടിനിക്ക് ജാമ്യം അനുവദിച്ചത്.
‘ദൈവത്തിന് സത്യം അറിയാം… അവിടുന്ന് നമുക്കുവേണ്ടി പോരാടും… ആവേ മരിയ… കൃപാസനം വിശ്വാസി’ എന്ന കുറിപ്പോടെ കൃപാസനത്തിൽ മാതാവിന്റെ രൂപത്തിൽ തൊടുന്ന ഫോട്ടോയാണ് ടിനി പങ്കുവെച്ചിട്ടുള്ളത്. അൻസിബയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കൽ തുടങ്ങിയ വകുപ്പുകളാണ് ടിനി ടോമിനെതിരെ ചുമത്തിയിരുന്നത്.
അൻസിബ ജിഹാദിയെന്നും മതതീവ്രവാദിയെന്നും പ്രചരിപ്പിക്കാൻ ടിനി ടോം ശ്രമിച്ചെന്നായിരുന്നു അൻസിബയുടെ പരാതി. അൻസിബയ്ക്കെതിരെ പരസ്യമായി അശ്ലീല-ലൈംഗിക പരാമർശങ്ങൾ നടത്തിയെന്നും എഫ്ഐആറിലുണ്ട്. ടിനി ടോം അൻസിബയെ ജിഹാദിയെന്ന് വിളിച്ചത് തമാശയ്ക്കാണെന്ന കടവന്ത്ര പൊലീസിന്റെ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോടതി ടിനി ടോമിനെതിരെ അന്വേഷണത്തിന് നിർദേശിച്ചത്.
കഴിഞ്ഞ മാസം 30നാണ് അൻസിബയുടെ പരാതിയില് കേസെടുക്കാന് എറണാകുളം ജില്ല സെഷൻസ് കോടതി നിര്ദ്ദേശിച്ചത്. സ്ത്രീകളോടുള്ള മോശം പെരുമാറ്റം (Bns 74), ലൈംഗിക സൂചനയോടെയുള്ള പരാമർശം(Bns 75), സ്ത്രീകൾക്കെതിരായ അശ്ലീല പ്രയോഗം( Bns79), മത സ്പർദ്ധ വളർത്തൽ (Bns 299), മതവികാരം വൃണപ്പെടുത്താൽ(Bns 302) തുടങ്ങിയ വകുപ്പുകളാണ് നിലവിൽ ടിനി ടോമിനെതിരെ ചുമത്തിയിരിക്കുന്നത്.
തിരുവനന്തപുരം: കേരളത്തില് കപ്പല് നിര്മ്മാണ സംരംഭം ആരംഭിക്കാന് ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. കപ്പല് നിര്മ്മാണ സംരംഭത്തില് 10,000 കോടി രൂപ നിക്ഷേപിക്കാനാണ് ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ട അനുമതിക്കായി ടാറ്റ ഗ്രൂപ്പ് അപേക്ഷ നല്കിയതായി മുഖ്യമന്ത്രി വി ഡി സതീശന് ബ്ലൂംബെര്ഗിന് നല്കിയ അഭിമുഖത്തില് പറഞ്ഞു.
അപേക്ഷ വിശദമായി പരിശോധിച്ച ശേഷം സര്ക്കാര് തീരുമാനമെടുക്കും. തുടര്ന്ന് കപ്പല് നിര്മ്മാണത്തിന് ആവശ്യമായ സ്ഥലം അനുവദിക്കും. ടാറ്റ ഗ്രൂപ്പിന്റെ നിര്ദേശത്തെ സംസ്ഥാന സര്ക്കാര് അനുകൂലമായാണ് കാണുന്നത്. ഒരു മാസത്തിനകം ഇതിന് അംഗീകാരം നല്കാന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും വി ഡി സതീശനെ ഉദ്ധരിച്ചുള്ള ബ്ലൂംബെര്ഗിന്റെ റിപ്പോര്ട്ടില് പറയുന്നു.
ഓട്ടോമൊബൈല്, സ്റ്റീല്, ഹോട്ടല് വ്യവസായം തുടങ്ങി വിവിധ രംഗങ്ങളില് വ്യാപിച്ചു കിടക്കുന്ന ടാറ്റ ഗ്രൂപ്പിന് കപ്പല് നിര്മ്മാണ രംഗത്തേയ്ക്ക് പ്രവേശിക്കാനും അതിയായ താത്പര്യം ഉണ്ടെന്നാണ് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന് ടാറ്റ ഗ്രൂപ്പ് ഇതുവരെ തയ്യാറായിട്ടില്ല. ഇന്ത്യ തങ്ങളുടെ കപ്പല് നിര്മ്മാണ ശേഷി വേഗത്തില് വര്ദ്ധിപ്പിക്കാനും ആഗോള സമുദ്ര വ്യാപാരത്തില് തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനും ശ്രമിക്കുന്ന സമയത്താണ് ടാറ്റ ഗ്രൂപ്പ് കപ്പല് നിര്മ്മാണ രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. എന്നാല് എന്ന് ടാറ്റ ഗ്രൂപ്പ് കപ്പല് നിര്മ്മാണം തുടങ്ങും എന്നതടക്കം കൂടുതല് വിവരങ്ങള് പങ്കുവെയ്ക്കാന് മുഖ്യമന്ത്രി വി ഡി സതീശനും തയ്യാറായിട്ടില്ല.
ആലപ്പുഴ. പുന്നമടയിൽ സ്പായിലെ ജീവനക്കാരി ബോട്ടിൽ നിന്ന് കായലിൽ വീണ് മരിച്ചു.തമിഴ്നാട് രാജപാളയം സ്വദേശി ശരണ്യ (34) ആണ് മരിച്ചത്.ബോട്ടിൽ ഉണ്ടായിരുന്ന അഞ്ച് തമിഴ്നാട് സ്വദേശികൾ കസ്റ്റഡിയിൽ. ഹൗസ് ബോട്ടിൽ സ്പാ ജോലിക്ക് വേണ്ടി എത്തിയതായിരുന്നു ശരണ്യ
ഇന്നലെ രാത്രി 12:00 ഓടെയാണ് സംഭവം.പുന്നമട ബട്ടർഫ്ലൈ സ്പായിലെ ജീവനക്കാരിയാണ്.ശരണ്യക്കൊപ്പം ആസാം സ്വദേശിനിയായ മറ്റൊരു യുവതിയും ബോട്ടിൽ എത്തിയിരുന്നു.അസ്വാഭാവിക മരണത്തിന് ആലപ്പുഴ നോർത്ത് പോലീസ് കേസെടുത്തു
കൊച്ചി.കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണവുമായി ഹൈക്കോടതി. നിലവിലെ ബോർഡിന്റെ ഘടന വഖഫ് നിയമപ്രകാരമല്ലെന്ന പ്രാഥമിക നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ, സുപ്രധാന തീരുമാനങ്ങൾക്കും നയപരമായ തീരുമാനങ്ങൾക്കും കോടതി നിയന്ത്രണം ഏർപ്പെടുത്തി. ബോർഡ് പുനഃസംഘടിപ്പിക്കുമെന്ന സംസ്ഥാന സർക്കാരിൻ്റെ സത്യവാങ്മൂലം കൂടി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ ബോർഡിന് സുപ്രധാന തീരുമാനങ്ങളോ നയപരമായ തീരുമാനങ്ങളോ കൈക്കൊള്ളാനോ, മൂലധന ചെലവുകൾ നടത്താനോ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിലവിലെ ബോർഡിന്റെ ഘടന വഖഫ് നിയമത്തിലെ സെക്ഷൻ 14-ന് അനുസൃതമല്ലെന്നാണ് കോടതിയുടെ പ്രാഥമിക വിലയിരുത്തൽ. രണ്ട് മുസ്ലിം ഇതര അംഗങ്ങളെ ബോർഡിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും, ഒരു ഷിയ അംഗത്തെയും ഉൾപ്പെടുത്തണമെന്ന ഹർജിക്കാരുടെ വാദവും കോടതി രേഖപ്പെടുത്തി. വഖഫ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ ജോയിന്റ് സെക്രട്ടറിയാണ് ബോർഡിലെ എക്സ്-ഓഫീഷ്യോ അംഗമാകേണ്ടതെന്നും, ആ വ്യവസ്ഥയും പാലിച്ചിട്ടില്ലെന്ന വാദവും കോടതി പരിഗണിച്ചു.
അതേസമയം, വഖഫ് നിയമത്തിലെ സെക്ഷൻ 14 കർശനമായി പാലിച്ച് ബോർഡ് പുനഃസംഘടിപ്പിക്കേണ്ടതുണ്ടെന്ന് സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു. വഖഫ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ ജോയിന്റ് സെക്രട്ടറിയുടെ ഭരണപരമായ നിയന്ത്രണത്തിൽ താൽക്കാലികമായി ബോർഡ് പ്രവർത്തിക്കണമെന്നും കോടതി പറഞ്ഞു. നിയമാനുസൃതമായി ബോർഡ് പുനഃസംഘടിപ്പിക്കുന്നതുവരെ നിലവിലെ ബോർഡിന്റെ അധികാരങ്ങൾ കർശനമായി നിയന്ത്രിക്കുന്നതാണ് ഹൈക്കോടതിയുടെഇടക്കാല ഉത്തരവ്.
തേവലക്കര: തേവലക്കര ബോയ്സ് ആൻഡ് ഗേൾസ് ഹൈസ്കൂളിൽ കായികതരങ്ങൾക്ക് ജേഴ്സി വിതരണം നടന്നു. പൂർവവിദ്യാർഥിയും മുംബൈ കെ & കെ ഫൗണ്ടേഷൻ പ്രസിഡന്റുമായ അലക്സാണ്ടർ പ്രിൻസ് വൈദ്യൻ മുഖ്യാതിഥിയായിരുന്നു. കുട്ടികൾക്കുള്ള ജേഴ്സി അദ്ദേഹം വിതരണം ചെയ്തു. ഗേൾസ് ഹൈസ്കൂൾ പി റ്റി എ പ്രസിഡന്റ് ജി പ്രമോദ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ആർ. തുളസീധരൻ പിള്ള, സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് വി ഗോവിന്ദപിള്ള എന്നിവർ ചേർന്ന് മുഖ്യാതിഥിയെ ആദരിച്ചു.
SSLC പരീക്ഷയിൽ 100% വിജയം നേടിയ ഇരു സ്കൂളുകൾക്കുമുള്ള മെമെന്റോ അലക്സാണ്ടർ പ്രിൻസ് വൈദ്യൻ സമ്മാനിച്ചു. ബോയ്സ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എസ് രാജലക്ഷ്മി സ്വാഗതവും ഗേൾസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ അഹമ്മദ് നിസാറുദീൻ നന്ദിയും പറഞ്ഞു. മുംബൈ ആസ്ഥാനമായുള്ള കെ & കെ ഫൗണ്ടേഷനാണ് രണ്ട് സ്കൂളുകളിലെയും വിവിധ ടീമുകളുടെ ഭാഗമായുള്ള കുട്ടികൾക്കുള്ള ജേഴ്സി സ്പോൺസർ ചെയ്യുന്നത്
പുനലൂർ വാളക്കോട് നരസിംഹ വിലാസം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനും വൊക്കേഷണൽ ഹയർ സെക്കന്ററി ലക്ചറേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ പി.ടി ശ്രീകുമാറിനെ ഈ വർഷത്തെ ഡോ. എ. പി. ജെ.അബ്ദുൾ കലാം നാഷണൽ അവാർഡിന് തെരഞ്ഞെടുത്തു. അധ്യാപന രംഗത്തെ പ്രവർത്തനങ്ങൾക്കൊപ്പം മുല്ലപ്പെരിയാർ ഡാം സമിതി പ്രവർത്തനങ്ങൾ, ആന്റി കറപ്ഷൻ മിഷൻ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ, കേരള പ്ലാന്റേഷൻതൊഴിലാളികളുടെ മക്കളുടെ ഉന്നമനത്തിനായി ഇടുക്കി, പാലക്കാട് വയനാട് ജില്ലകളിലെ ലയങ്ങളും സ്കൂളുകളും കേന്ദ്രീകരിച്ചു നടത്തിയ പ്രവർത്തനങ്ങൾ എന്നിവ മുൻ നിർത്തിയാണ് അവാർഡിന് തിരഞ്ഞെടുത്തത്. ഈ മാസം 29 ന് ചെന്നൈ റോയ്പുരം രാംജൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ തമിഴ് നാട് നിയമസഭ സ്പീക്കർ ജെ. സി.ഡി. പ്രഭാകർ പുരസ്കാരം സമ്മാനിക്കും. മികച്ച അധ്യാപകനുള്ള പുരസ്കാരം, കാഥികൻ കടവൂർ ബാലൻ പുരസ്കാരം, പ്രൊഫ. നരേന്ദ്ര പ്രസാദ് ഫിലിം അവാർഡ്, ജെ. സി. ഡാനിയൽ ദേശീയ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.ശാസ്താംകോട്ട സബ് ട്രഷറി ഓഫീസർ ജി. സിന്ധു ഭാര്യയും നന്ദന, നിരഞ്ജന, ആര്യൻ, ആദിത്യൻ എന്നിവർ മക്കളുമാണ്
ശൂരനാട്.പലരും കുപ്പികളിൽ ചിത്രങ്ങൾ വരച്ചും ചായങ്ങൾ പൂശിയും ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ ഇവിടെ ഒരു ആറാം ക്ലാസുകാരി കുപ്പിയിൽ കുട്ടികൾ അറിഞ്ഞിരിക്കേണ്ട ഗണിത തത്വങ്ങൾ ആലേഖനം ചെയ്ത് ശ്രദ്ധേയയാകുന്നു. പതാരം എൻ എസ് എൻ എസ് പി എം യു പി എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി (ഗൗരി കുട്ടി ) ഭവികാലക്ഷ്മിയാണ് ഈ കൊച്ചു മിടുക്കി. കഴിഞ്ഞ വെക്കേഷൻ സമയത്താണ് തന്റെ സർഗാത്മകതക്ക് പുതിയ വഴി കണ്ടെത്തിയത്.
ഗണിതശാസ്ത്രത്തിലെ അടിസ്ഥാന ക്രിയകളും ജ്യാമിതീയ രൂപങ്ങളുടെ പ്രത്യേകതകളും സൂത്രവാക്യങ്ങളും വളരെ മനോഹരമായി ഇതിൽ എഴുതിയിട്ടുണ്ട്. അളവ് തൂക്കങ്ങളെ സംബന്ധിച്ചുള്ള അറിവുകളും കുപ്പികളിൽ കുറിച്ചു വെച്ചിട്ടുണ്ട്. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള ഗണിത തത്വങ്ങൾ അലേഖനം ചെയ്യുന്ന തിരക്കിലാണ് ഇപ്പോൾ. റീൽസ് താരം കൂടിയായ ഭവിക ഗണിതത്തിലെ തത്വങ്ങളെ കുറിച്ചും ഇംഗ്ലീഷ് ഗ്രാമറും വീഡിയോകളായി അവതരിപ്പിച്ച് സോഷ്യൽ മീഡിയ പേജുകളിൽ തിളങ്ങുന്ന താരം കൂടിയാണ്. ഗൗരിത്തം എന്ന തന്റെ ആദ്യ പുസ്തകത്തിലൂടെ ശ്രദ്ധേയയായ ഭവിക തന്റെ രണ്ടാമത്തെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിന്റെ തിരക്കിലാണ്. പ്രസംഗത്തിലും നൃത്തത്തിലും കഥാപ്രസംഗത്തിലും തന്റേതായ മികവ് കാഴ്ചവെച്ചിട്ടുള്ള ഭവിക ദാവീദ് എന്ന സിനിമയിലും മുഖം കാണിച്ചിട്ടുണ്ട്. വിദ്യാഭ്യാസ പരിപാടികളിൽ വിദ്യാർഥികൾക്ക് പ്രാതിനിധ്യം കൊടുക്കണമെന്നും എല്ലാ കുട്ടികൾക്കും പ്രഥമ ശുശ്രൂഷ പരിശീലനം നൽകണമെന്നുമുള്ള ഭാവികയുടെ ആവശ്യം സർക്കാരിന്റെ പരിഗണനയിലാണ്. ഡോ. എപിജെ അബ്ദുൽ കലാം ബാലപ്രതിഭ പുരസ്കാരം, ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം,കൊല്ലം ശിശുക്ഷേമ സമിതിയുടെ ജില്ലയിലെ മികച്ച ബാലപ്രതിഭ പുരസ്കാരം, ജെസിഐ ഇന്ത്യയുടെ മികച്ച ബാലപ്രതിഭ പുരസ്കാരം, പൂവച്ചൽ ഖാദർ ബാലസാഹിത്യ രത്ന പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
ന്യൂഡൽഹി: രാജ്യത്തെ നഗരങ്ങളിൽ പറക്കും ബസ് എന്ന പുതിയ പ്രഖ്യാപനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. എഥനോൾ കലർത്തിയ ഇ20 പെട്രോളിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഗഡ്കരിയുടെ പുതിയ പദ്ധതിയുടെ വാഗ്ദാനങ്ങൾ. നഗര യാത്ര എളുപ്പമാക്കാൻ ഇന്ത്യ പറക്കും ബസ് അവതരിപ്പിക്കാൻ പദ്ധതിയിടുന്നു. ഇതു ഭാവിയിൽ വിപ്ലവമാകും. ലഖ്നൗവിൽ ഒരു പരിപാടിയിൽ സംസാരിക്കുമ്പാഴാണ് ഗഡ്കരി പദ്ധതിയെക്കുറിച്ച് പറഞ്ഞത്.
‘പറക്കും ബസ്, അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഇന്ത്യയുടെ ഗതാഗത രംഗത്തെ ആധുനികവത്കരിക്കാനുള്ള സർക്കാരിന്റെ വിശാലമായ ആശയമാണ്. പദ്ധതിയുടെ സമയപരിധിയോ സാങ്കേതിക വിശദാംശങ്ങളോ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. നഗരങ്ങളിലെ മലിനീകരണവും ഗതാഗതക്കുരുക്കും കുറയ്ക്കും. ഇലക്ട്രിക് വാഹനങ്ങൾ, ബദൽ ഇന്ധനങ്ങൾ, റോപ്പ്വേകൾ, കേബിൾ കാറുകൾ, നഗര വ്യോമ ഗതാഗതം എന്നിവയുടെ വികസനത്തിനും പദ്ധതി കാരണമാകും’.
‘നഗര ഗതാഗതത്തിൽ ഗണ്യമായ മാറ്റം പറക്കുന്ന ബസുകൾ വരുത്തും. പ്രത്യേകിച്ച് ജനസാന്ദ്രതയുള്ള റോഡ് ഗതാഗതം വെല്ലുവിളിയായി തുടരുന്ന നഗരങ്ങളിൽ. ഇന്ത്യയിലെ അതിവേഗം വളരുന്ന നഗര ജനസംഖ്യയ്ക്ക് വേഗമേറിയതും വൃത്തിയുള്ളതും കൂടുതൽ കാര്യക്ഷമവുമായ യാത്രാസൗകര്യം സൃഷ്ടിക്കാനും പറക്കും ബസിന് സാധിക്കും’- ഗഡ്കരി വ്യക്തമാക്കി.