Home Blog Page 381

വാട്സ്ആപ്പ്  നിരോധിച്ച് റഷ്യ

മോസ്കോ: മെറ്റാ പ്ലാറ്റ്‌ഫോംസിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് രാജ്യത്ത് പൂർണ്ണമായും തടയാൻ റഷ്യൻ അധികൃതർ ശ്രമിക്കുന്നതായി റിപ്പോർട്ട്. സ്വന്തം രാജ്യത്ത് വികസിപ്പിച്ചെടുത്ത പ്ലാറ്റ്‌ഫോമുകളെ പ്രോത്സാഹിപ്പിക്കാനും ഇന്റർനെറ്റ് ഇടങ്ങളിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരാനുമാണ് ഈ നീക്കമെന്ന് വാട്സ്ആപ്പ് വക്താവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മെസ്സേജിങ് ആപ്പുകൾക്ക് മേൽ നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് റഷ്യയുടെ ഈ നീക്കം. റഷ്യയിലെ 10 കോടിയിലധികം വരുന്ന വാട്സ്ആപ്പ് ഉപഭോക്താക്കളെ സർക്കാർ നിയന്ത്രണത്തിലുള്ള നിരീക്ഷണ സംവിധാനങ്ങളുള്ള ആപ്പുകളിലേക്ക് മാറ്റാനാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി ആരോപിച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ടെലിഗ്രാം ആപ്പിനും റഷ്യ നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.


‘10 കോടിയിലധികം ഉപഭോക്താക്കളെ സുരക്ഷിതവും സ്വകാര്യവുമായ ആശയവിനിമയ മാർഗങ്ങളിൽ നിന്ന് ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നത് പിന്നോട്ടുള്ള പോക്കാണ്. ഇത് റഷ്യയിലെ ജനങ്ങളുടെ സുരക്ഷ കുറക്കാൻ മാത്രമേ സഹായിക്കൂ’ വാട്സ്ആപ്പ് പ്രസ്താവനയിൽ പറഞ്ഞു. ഉപഭോക്താക്കളെ ബന്ധിപ്പിച്ചു നിർത്താൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും കമ്പനി കൂട്ടിചേർത്തു.

പ്രാദേശിക നിയമങ്ങൾ പാലിക്കണമെന്ന് റഷ്യൻ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററായ റോസ്‌കോംനാഡ്‌സർ വാട്സ്ആപ്പിന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യൻ ഇന്റർനെറ്റ് റെഗുലേറ്ററായ റോസ്‌കോംനാഡ്‌സർ ഏകദേശം 10 കോടി ഉപഭോക്താക്കളുള്ള വാട്ട്‌സ്ആപ്പിനെ തങ്ങളുടെ ഓൺലൈൻ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്തതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന മാക്സ് എന്ന ആപ്പിനെയാണ് റഷ്യ ഇതിന് പകരമായി മുന്നോട്ട് വെക്കുന്നത്. ഉപഭോക്താക്കളുടെ ഡാറ്റ ട്രാക്ക് ചെയ്യാൻ ഈ ആപ്പ് അധികൃതരെ സഹായിക്കുമെന്ന് പറയപ്പെടുന്നു. എന്നാൽ റഷ്യൻ സ്റ്റേറ്റ് മീഡിയ ഈ ആരോപണങ്ങൾ നിഷേധിച്ചു.



2026ഓടെ രാജ്യത്ത് വാട്സ്ആപ്പ് സ്ഥിരമായി നിരോധിക്കുമെന്ന് റഷ്യൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ വാട്സ്ആപ്പിനെതിരെയുള്ള കർശന നടപടികൾ പൂർണ്ണമായും ന്യായമാണെന്ന് റഷ്യൻ ഉദ്യോഗസ്ഥനായ ആന്ദ്രേ സ്വിന്റ്‌സോവ് പറഞ്ഞു. തട്ടിപ്പ്, തീവ്രവാദം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ വിവരങ്ങൾ കൈമാറാൻ വിദേശ ആപ്പുകൾ വിസമ്മതിക്കുന്നു എന്ന് ആരോപിച്ച് കഴിഞ്ഞ വർഷം തന്നെ വാട്സ്ആപ്പ്, ടെലിഗ്രാം എന്നിവയിലൂടെയുള്ള കോളുകൾക്ക് റഷ്യ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 2022 മുതൽ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവ റഷ്യയിൽ നിരോധിച്ചിരിക്കുകയാണ്. വി.പി.എൻ ഉപയോഗിച്ച് മാത്രമാണ് നിലവിൽ ഇവ അവിടെ ലഭ്യമാകുന്നത്. 10 കോടിയോളം ഉപഭോക്താക്കളുള്ള വാട്സ്ആപ്പ് കൂടി നിരോധിക്കപ്പെടുന്നതോടെ റഷ്യയിലെ സ്വകാര്യ ആശയവിനിമയ സംവിധാനങ്ങൾ വലിയ വെല്ലുവിളി നേരിടും.

അയ്യപ്പസംഗമത്തിന് നടക്കാത്ത നന്ദഗോവിന്ദം ഭജന്‍സിന്റെ പേരില്‍ എട്ടു ലക്ഷത്തിന്റെ ബില്‍

പത്തനംതിട്ട. പമ്പയില്‍ നടന്ന ആഗോള അയ്യപ്പസംഗമത്തില്‍ നടന്നത് വന്‍ ക്രമക്കേടുകളെന്ന് റിപ്പോര്‍ട്ട്. അയ്യപ്പസംഗമത്തിന് നന്ദഗോവിന്ദം ഭജന്‍സിന്റെ പേരില്‍ എട്ടു ലക്ഷത്തിന്റെ ബില്‍ കണക്കില്‍പ്പെടുത്തി. എന്നാല്‍ ആ ദിവസം നന്ദഗോവിന്ദം ട്രൂപ്പിനെ സംഗമത്തിലേക്ക് ക്ഷണിക്കുകയോ അവര്‍ എത്തുകയോ ചെയ്തിട്ടില്ല. സംഗമം നടന്ന ദിവസം രാവിലെ ഭക്തിഗാന സദസ്സാണ് നടന്നത്.

എന്നാല്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നന്ദഗോവിന്ദം ഭജന്‍സിന്റെ പേരാണ് കാണിച്ചിരിക്കുന്നത്. പമ്പയിലോ സന്നിധാനത്തോ ഇതുവരെ പരിപാടികള്‍ അവതരിപ്പിച്ചിട്ടില്ലെന്ന് നന്ദഗോവിന്ദം ഭജന്‍സിന്റെ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഗായകന്‍ ഇഷാന്‍ദേവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്തിഗാനസദസ് അവതരിപ്പിച്ചത്. അവര്‍ക്ക് എത്ര രൂപ നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. കലാപരിപാടിക്ക് രണ്ടുലക്ഷം രൂപയുടെ ബജറ്റാണ് നിശ്ചയിച്ചിരുന്നത്.

ശബരിമല സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടും, ദേവസ്വം ബോര്‍ഡ് ഓഡിറ്റ് ചെയ്ത കണക്കും ഹൈക്കോടതിയുടെ മുന്നിലാണ്. സംഗമത്തിന്റെ അന്ന് വൈകീട്ട് വിജയ് യേശുദാസ്, വീരമണി രാജു, സുദീപ് കുമാര്‍ എന്നിവരുടെ അയ്യപ്പഭക്തിഗാനമേള നടന്നിരുന്നു. എന്നാല്‍ ഇതിന്റെ ചെലവും കണക്കുകളില്ല. അയ്യപ്പ സംഗമത്തിനായി മൊത്തം 10.99 കോടി രൂപ ചെയലവായെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ടാക്‌സി ചാര്‍ജ് ഇനത്തില്‍ 10.57 ലക്ഷവും സുരക്ഷാ വേലിക്കായി 3.24 ലക്ഷവും, മുഖ്യമന്ത്രിയുടെ വിശ്രമത്തിന് കട്ടിലും മെത്തയും വാങ്ങിയ ഇനത്തില്‍ ഒരു ലക്ഷം രൂപയും ചെലവായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ആഗോള അയ്യപ്പ സംഗമ നടത്തിപ്പിലെ കണക്കുകളിലെ പൊരുത്തക്കേടുകള്‍ വ്യക്തമായതോടെ, വിവാദങ്ങളില്‍ നിന്നും തലയൂരാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും. ചൊവാഴ്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നിര്‍ണായക യോഗം ചേരും. മുഴുവന്‍ കണക്കുകളുമായി എത്താന്‍ കരാര്‍ കമ്പനിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഊരാളുങ്കലിന് കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രക്ച്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് മുഴുവന്‍ കണക്കുകളുമായി എത്താന്‍ നിര്‍ദേശം നല്‍കിയത്. ഓഡിറ്റിംഗ് നടത്തിയ വിജയന്‍ ആന്‍ഡ് അസോസിയേറ്റ് എന്ന സ്ഥാപനവും യോഗത്തില്‍ പങ്കെടുക്കും.

ഓച്ചിറയിൽ വീണ്ടും ലഹരി വേട്ട

ഓച്ചിറ. ചങ്ങൻകുളങ്ങരയിൽ വാടകക്ക് താമസിക്കുന്ന അനൂപിനെയാണ് പിടികൂടിയത്. ഇയാൾ ധരിച്ചിരുന്ന പാന്റിന്റെ പോക്കറ്റിൽ നിന്നും 17.05gm MDMA കണ്ടെടുത്തു. ഓച്ചിറ പോലീസും ഡാൻസാഫ് സംഘവും ചേർന്നാണ് പിടികൂടിയത്

കരുനാഗപ്പള്ളി ACP സി ജോണിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിൽപ്പനയ്ക്കായി ബാംഗ്ലൂരിൽ നിന്നെത്തിച്ച മയക്കുമരുന്നാണ് പിടിച്ചത്. ഇയാളുടെ വീട്ടിൽ നിന്ന് എംഡിഎംഎ തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും ഇത് ഉപയോഗിക്കുന്നതിനുള്ള ഉപകരണവും കണ്ടെടുത്തു

കൊല്ലത്തു വീണ്ടും വൻ സൈബർ തട്ടിപ്പ്,ട്രേഡിങ്ങില്‍ പോയത് 1 കോടി 65 ലക്ഷം

കൊല്ലം. വീണ്ടും വൻ സൈബർ തട്ടിപ്പ്. 67 കാരന് നഷ്ടമായത് 1 കോടി 65 ലക്ഷത്തിലധികം രൂപ. കുണ്ടറ സ്വദേശിയെ ട്രേഡിങ്ങിലൂടെ പണം സമ്പാദിക്കാം എന്ന് പറഞ്ഞ് ഫേസ്ബുക്ക് വഴി ബന്ധപ്പെട്ടാണ് തട്ടിപ്പിന്റെ തുടക്കം. പിന്നീട് വിവിധ വെബ്സൈറ്റുകളിൽ അംഗത്വം ലോഗിൻ ചെയ്യിപ്പിച്ചു. തുടർന്ന് വ്യക്തി വിവരങ്ങൾ കരസ്ഥമാക്കിയ ഇവർ ട്രേഡിങ്ങിന് എന്ന പേരിൽ പലതവണകളായി പണം തട്ടുകയായിരുന്നു. സംഭവത്തിൽ കേസെടുത്തു അന്വേഷണം ആരംഭിച്ചു സൈബർ പോലിസ്

പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേറ്ററുമായ ഫിലിപ്പ് മമ്പാട് പിടിയിൽ

മലപ്പുറം: പതിനാറുകാരിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ മുൻ പോലീസ് ഉദ്യോഗസ്ഥനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് പിടിയിലായി. ചൈൽഡ് ലൈന് നൽകിയ പരാതിയെ തുടർന്നാണ് കേസിൽ നിയമനടപടികൾ ആരംഭിച്ചത്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
തുടർന്ന് നടത്തിയ പരിശോധനകളും തെളിവെടുപ്പുകളും അടിസ്ഥാനമാക്കി പ്രതിയെ നിലമ്പൂരിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി മുൻ പോലീസ് ഉദ്യോഗസ്ഥനാണെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതും, കേസിന്റെ മറ്റ് വശങ്ങൾ പരിശോധിക്കുന്നതുമാണ് അന്വേഷണ സംഘത്തിന്റെ അടുത്ത ഘട്ടം.

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് പോസ്റ്റർ വച്ചയാളെ തിരിച്ചറിഞ്ഞു

കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് പോസ്റ്റർ വച്ചയാളെ തിരിച്ചറിഞ്ഞു. മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് പോസ്റ്റർ വെച്ചതെന്ന് പള്ളിയിലെ സിസിടിവിയിൽ നിന്ന് വ്യക്തമായി.

കല്ലറയിൽ ജോസ് കെ മാണിയുടെ ജാഥയുടെ പോസ്റ്റർ കണ്ടതിനെതിരെ കോൺഗ്രസ് വിമർശനം ഉന്നയിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ കല്ലറയെ അപമാനിച്ചെന്ന് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. സിപിഎമ്മായിരുന്നു അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയത്. സിപിഎം ലോക്കല്‍ കമ്മിറ്റ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. അന്വേഷണം വേണമെന്ന ആവശ്യവുമായി കേരളാ കോൺഗ്രസും രംഗത്തുവന്നിരുന്നു.

അതേസമയം, സംഭവത്തില്‍ യുവാവിനെ തിരിച്ചറിഞ്ഞതോടെ കേസെടുക്കുന്നതില്‍ തീരുമാനമായിട്ടില്ല. അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലിക വിരാമയാണെങ്കിലും യുവാവിനെക്കൊണ്ട് മറ്റാരെങ്കിലും ചെയ്യിപ്പിച്ചതാണോ എന്നതടക്കം പരിശോധിക്കണമെന്നാവശ്യവും ഉയര്‍ന്നിട്ടുണ്ട്.

കെഎസ്ആര്‍ടിസിയിലെ വനിതാ കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവമുള്ളതെന്ന് ഹൈക്കോടതി

കൊച്ചി : കെഎസ്ആര്‍ടിസിയിലെ വനിതാ കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവമുള്ളതെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ നയപരമായ തീരുമാനം സാധ്യമാണോയെന്നത് സംബന്ധിച്ച് കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി. ഈ ആവശ്യത്തിലുള്ള നിവേദനം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എസ്. ആശ തുടങ്ങി ഏതാനും വനിതാ കണ്ടക്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയാണു ജസ്റ്റിസ് എന്‍. നഗരേഷ് പരിഗണിച്ചത്.

ഡബിള്‍ ഡ്യൂട്ടി സമ്പ്രദായത്തില്‍ പ്രതിദിനം 14 -16 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടിവരുമെന്നു ഹര്‍ജിക്കാരായ വനിതാ കണ്ടക്ടര്‍മാര്‍ വാദിച്ചു. കര്‍ണാടക, ബിഹാര്‍, ഒഡീഷ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകളില്‍ ഇത് അനുവദിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ അവിടത്തെ സ്ഥാപനങ്ങള്‍ ലാഭത്തിലല്ലേ എന്ന് കോടതി ചോദിച്ചു. കര്‍ണാടകയില്‍ മാത്രമാണ് ഈ അവധിയുള്ളതെന്നും അതു സര്‍ക്കാര്‍ അനുവദിച്ചതാണെന്നും കെഎസ്ആര്‍ടിസിയുടെ അഭിഭാഷകന്‍ അറിയിച്ചു.
ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പോലും കഷ്ടപ്പെടുമ്പോള്‍ ശമ്പളത്തോടെയുള്ള പുതിയ അവധി പ്രായോഗികമല്ലെന്നും, തൊഴില്‍ വിന്യാസത്തെയും സര്‍വീസിനെയും സാമ്പത്തിക സ്ഥിതിയെയും ബാധിക്കുമെന്നും കെഎസ്ആര്‍ടിസി സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു. 1842 കണ്ടക്ടര്‍മാര്‍ ഉള്‍പ്പെടെ 2846 വനിതാ ജീവനക്കാര്‍ക്കും പ്രതിമാസം 2 അവധി വീതം ആകെ 5692 അവധി വേണ്ടിവരും. ആര്‍ത്തവ അവധി മൗലികാവകാശങ്ങളുടെ ഭാഗമല്ലെന്നും സര്‍വീസ് ചട്ടങ്ങളില്‍ ഇതിനു വ്യവസ്ഥയില്ലെന്നും വിശദീകരിച്ചു.

ബംഗ്ലാദേശിൽ ബിഎൻപി അധികാരത്തിലേക്ക്; കേവലഭൂരിപക്ഷമായ 151 സീറ്റും കടന്ന് മുന്നേറ്റം, താരിഖ് റഹ്മാന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയാകും

ധാക്ക: ഷെയ്ഖ് ഹസീന പുറത്തായ ശേഷമുള്ള ആദ്യ പൊതു തെരഞ്ഞെടുപ്പ് നടന്ന ബംഗ്ലാദേശിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി, ബിഎൻപി അധികാരത്തിലേക്ക്. കേവലഭൂരിപക്ഷമായ 151 കടന്നതോടെയാണ് ബിഎൻപി ജയം ഉറപ്പിച്ചത്. നിലവിൽ 158 സീറ്റുകളിൽ ബിഎൻപി വിജയിച്ചു. ജമാഅത്തെ മുന്നണി നിലവിൽ 41 സീറ്റുകളിൽ വിജയിച്ചു. അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായേക്കും. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.

ബംഗ്ലദേശിന്റെ മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മൂത്ത മകനാണ് താരിഖ് റഹ്മാന്‍. നാഷണലിസ്റ്റ് പാർട്ടിയുടെ സ്ഥാപകനും രാജ്യത്തിൻ്റെ പ്രസിഡന്റുമായ പിതാവ് സിയാവുർ റഹ്മാൻ 1981 ലാണ് സ്വന്തം സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത്. അന്ന് താരിഖ് റഹ്മാന് വെറും 16 വയസായിരുന്നു. സിയാവുർ റഹ്മാന്റെ മരണശേഷമാണ് ഭാര്യ ഖാലിദ സിയ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. അമ്മയ്ക്ക് ഒപ്പം എന്നും അധികാരത്തിന്റെ വഴികളിൽ കരുത്തനായി താരിഖ് റഹ്മാൻ ഉണ്ടായിരുന്നു.

ഖാലിദ സിയ പ്രധാനമന്ത്രിയായ കാലത്ത് പാർട്ടിയിലെയും ഭരണത്തിലെയും ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി താരിഖ് റഹ്മാൻ. ഷെയ്ഖ് ഹസീന അധികാരത്തിൽ വന്നതോടെ അഴിമതി കേസുകളിൽ താരിഖ് പ്രതിയായി. ചിലതിൽ ശിക്ഷിക്കപ്പെട്ടു. അങ്ങനെ മാതൃരാജ്യം വിട്ട് പലായനം ചെയ്യേണ്ടി വന്നു. 2008 മുതൽ ലണ്ടനിൽ ഇരുന്നാണ് പാർട്ടിയെ നയിച്ചത്. നീണ്ട 17 വർഷം പ്രവാസ ജീവിതം. 2024 ൽ ഷെയ്ഖ് ഹസീന അധികാരത്തിൽ നിന്ന് പുറത്തായി രാജ്യം വിട്ടോടിയതോടെയാണ് താരിഖ് റഹ്മാനെതിരെയുള്ള ക്രിമിനൽ കേസുകൾ റദ്ദാക്കപ്പെട്ടത്. അങ്ങനെ കഴിഞ്ഞ ഡിസംബറിൽ ബംഗ്ലാദേശിൽ മടങ്ങിയെത്തി. ഖാലിദ സിയയുടെ മരണത്തോടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ ചെയർമാനായി താരിഖ് ചുമതലയേറ്റു.

സ്വത്ത് തർക്കം, മകനെ കൊല്ലാൻ 12 ലക്ഷത്തിന് ക്വട്ടേഷൻ നൽകി അമ്മ; വ്യവസായിക്ക് ജീവൻ നഷ്ടമായി

ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ വ്യവസായിയെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. 42 കാരനായ അർജുൻ ശർമയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ദാരുണമായ സംഭവം. അമർദീപ് ഗ്യാസ് ഏജൻസിയുടെ ഉടമയായിരുന്ന അർജുന് ടിബറ്റൻ മാർക്കറ്റിന് സമീപത്ത് വെച്ചാണ് ബൈക്കിലെത്തിയ സംഘത്തിന്‍റെ വെടിയേല്‍ക്കുന്നത്. പിന്നാലെ ഇയാൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. അന്വേഷണത്തില്‍ അർജുൻ ശർമയും അമ്മയും തമ്മില്‍ ദീർഘകാലമായി സ്വത്തുതർക്കത്തിലാണെന്നും ഈ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.

സംഭവത്തില്‍ കൊല്ലപ്പെട്ട അർജുൻ ശർമയുടെ അമ്മ ബീന ശ‍ർമയേയും ഗൂഢാലോചന നടത്തിയ രണ്ടുപേരേയും ബൈക്കിലെത്തി വെടിയുതിർത്തവരെയും ഉൾപ്പെടെ 5 പേരെയാണ് അറസ്റ്റ് ചെയ്തത്. ബീന ശർമയും കൂട്ടാളികളും 12 ലക്ഷം രൂപയുടെ ക്വട്ടേഷനാണ് കൊലപാതകം നടത്തുന്നതിന് സംഘത്തിന് നൽകിയത്. ഇതില്‍ മൂന്ന് ലക്ഷം രൂപ ആദ്യം കൈമാറി എന്നാണ് വിവരം. അന്വേഷണത്തില്‍ പൊലീസ് രണ്ട് 315 ബോർ പിസ്റ്റോളുകളും സ്കൂട്ടറും ഉൾപ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

‘ക്ഷണം ലഭിച്ചു, ട്രംപിന്റെ ‘ബോര്‍ഡ് ഓഫ് പീസില്‍’ ഇന്ത്യ ചേരുമോ’? പരിശോധിച്ച് വരികയാണെന്ന് ഇന്ത്യ

ന്യൂഡൽഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ‘ബോര്‍ഡ് ഓഫ് പീസില്‍’ ചേരാനുളള ക്ഷണം പരിശോധിച്ച് വരികയാണെന്ന് ഇന്ത്യ. പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും ലക്ഷ്യമാക്കിയുള്ള പദ്ധതികളോട് ഇന്ത്യ എന്നും പ്രതിജ്ഞാബദ്ധത പുലര്‍ത്തിയിട്ടുണ്ടെന്നും ബോര്‍ഡ് ഓഫ് പീസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും സർക്കാർ വ്യത്തങ്ങൾ വ്യക്തമാക്കി.

ഈ മാസം 19 നടക്കാനിരിക്കുന്ന ബോര്‍ഡിന്റെ ആദ്യ യോഗത്തില്‍ ഇന്ത്യ പങ്കെടുക്കുമോ എന്നു വ്യക്തമാക്കിയിട്ടില്ല. ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസില്‍ ചേരാനുള്ള ക്ഷണം യുഎസ് സര്‍ക്കാരില്‍ നിന്നും ലഭിച്ചതായും അത് പരിശോധിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. ഗാസ ഉള്‍പ്പെടെ മുഴുവന്‍ മേഖലയിലും ദീര്‍ഘകാലവും നിലനില്‍ക്കുന്നതുമായ സമാധാനത്തിന് വഴിയൊരുക്കുന്ന അത്തരം എല്ലാ സംരംഭങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻകൈയെടുത്ത് രൂപീകരിച്ച പുതിയ അന്താരാഷ്ട്ര സംഘടനയാണ് ബോർഡ് ഓഫ് പീസ്. ഇസ്രായേൽ-ഹമാസ് യുദ്ധത്തിന് ശേഷമുള്ള ഗാസയുടെ പുനർനിർമ്മാണത്തിനും സമാധാനപാലനത്തിനും മേൽനോട്ടം വഹിക്കുക എന്നതാണ് ഈ ബോർഡിന്റെ പ്രാഥമിക ചുമതല. ഗാസയിൽ മാത്രം ഒതുങ്ങാതെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംഘർഷങ്ങൾ പരിഹരിക്കാനും സമാധാനം സ്ഥാപിക്കാനും ഈ സംഘടന ലക്ഷ്യമിടുന്നു. നിലവിൽ 25-ഓളം രാജ്യങ്ങൾ ഇതിൽ അംഗങ്ങളാകാൻ സമ്മതിച്ചിട്ടുണ്ട്. സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി, ഈജിപ്ത്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.