Home Blog Page 254

പീഡനക്കേസ്; ക്രിക്കറ്റ് താരം അഭിഷേക് പോറെല്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: പീഡനക്കേസില്‍ ബംഗാള്‍ ക്രിക്കറ്റ് താരവും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ അഭിഷേക് പോറെലിനെ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തു. മെഡിക്കല്‍ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് നടപടി. ഹൂഗ്ലിയില്‍നിന്ന് കസ്റ്റഡിയിലെടുത്ത 23കാരനെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം ചിന്‍സുറ കോടതിയില്‍ ഹാജരാക്കി.

വിവാഹവാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും സ്വകാര്യ നിമിഷങ്ങള്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി. 2023ല്‍ പോറെലുമായി പരിചയപ്പെട്ടതായും പിന്നീട് വിവാഹാലോചനയിലേക്ക് ബന്ധം എത്തിയതായും പരാതിയില്‍ പറയുന്നു. 2026 ഏപ്രില്‍ രണ്ടിന് ഡല്‍ഹിയില്‍ വെച്ച് മര്‍ദ്ദിക്കുകയും തടഞ്ഞുവയ്ക്കുകയും ഭക്ഷണം നിഷേധിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടേണ്ടിവരികയും ചെയ്തതായും യുവതി ആരോപിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ പോറെല്‍ നേരത്തെ നിഷേധിച്ചിരുന്നു.

പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് യുവതി കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ജൂലൈ 14ലെ ഉത്തരവില്‍ ജസ്റ്റിസ് സൗഗത ഭട്ടാചാര്യ പോറെലിനെയും മറ്റൊരു പ്രതിയെയും അറസ്റ്റ് ചെയ്യാന്‍ പോലീസിന് നിര്‍ദേശം നല്‍കി. സ്വകാര്യ ദൃശ്യങ്ങളും വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത പെന്‍ഡ്രൈവ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായി പോലീസ് കോടതിയെ അറിയിച്ചു.

ബംഗാള്‍ ക്രിക്കറ്റിലെ ശ്രദ്ധേയനായ താരമാണ് പോറെല്‍. 2021-22 സീസണില്‍ ബംഗാളിനായി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച താരം പിന്നീട് ഇന്ത്യ എ ടീമിലും ഇടംനേടി. 2023ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിലെത്തിയ അദ്ദേഹം ഐപിഎല്ലില്‍ ടീമിന്റെ പ്രധാന താരങ്ങളിലൊരാളായി മാറി.

കേസിലെ ആരോപണങ്ങള്‍ നിലവില്‍ അന്വേഷണത്തിലാണ്. കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്നും അന്തിമ തീരുമാനം കോടതി നടപടികളിലൂടെയായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ടിപ്പര്‍ ലോറികളില്‍ ബോഡി മുകളില്‍നിന്ന് മൂടുന്ന സംവിധാനം നിര്‍ബന്ധമാക്കി

ന്യൂഡല്‍ഹി: റോഡിലൂടെ സഞ്ചരിക്കുന്ന ടിപ്പര്‍, ഡമ്പര്‍ വാഹനങ്ങളില്‍ കയറ്റുന്ന മണ്ണ്, മണല്‍, ചരല്‍ തുടങ്ങിയ വസ്തുക്കള്‍ വീഴുന്നത് തടയാന്‍ പുതിയ സുരക്ഷാ മാനദണ്ഡങ്ങളുമായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. 2027 ഏപ്രില്‍ 1 മുതല്‍ രാജ്യത്തെ എല്ലാ ടിപ്പര്‍, ഡമ്പര്‍ വാഹനങ്ങളിലും ലോഡ് ബോഡി മുകളില്‍നിന്ന് മൂടുന്ന സംവിധാനം നിര്‍ബന്ധമാക്കിയാണ് മന്ത്രാലയം ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയത്.

2026 ജൂലൈ 28ന് മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം ആഗസ്റ്റ് 7ന് ഗസറ്റ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചു. സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് (12 അമെന്‍ഡ്മെന്റ്) റൂള്‍സ്, 2026 പ്രകാരമാണ് 1989ലെ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍സില്‍ ഭേദഗതി വരുത്തിയത്. റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ടിപ്പറുകളിലും ഡമ്പറുകളിലും കയറ്റിയിരിക്കുന്ന വസ്തുക്കള്‍ സുരക്ഷിതമായി മൂടി സൂക്ഷിക്കുന്നതിനാണ് പുതിയ വ്യവസ്ഥകള്‍ ലക്ഷ്യമിടുന്നത്.

ടിപ്പര്‍, ഡമ്പര്‍ വാഹനങ്ങളുടെ പിന്നിലുള്ള മണ്ണ്, മണല്‍, ചരല്‍ തുടങ്ങിയ ബള്‍ക്ക് വസ്തുക്കള്‍ കൊണ്ടുപോകുന്ന വലിയ കണ്ടെയ്നര്‍ പോലെയുള്ള ഭാഗമാണ് ലോഡ് ബോഡി. റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ഈ ഭാഗം പൂര്‍ണമായി അടച്ച നിലയിലായിരിക്കണം. ലോഡ് മൂടുന്നതിനുള്ള സംവിധാനം ഇലക്ട്രിക്കല്‍, ഇലക്ട്രോ മെക്കാനിക്കല്‍, ഹൈഡ്രോളിക് അല്ലെങ്കില്‍ മെക്കാനിക്കല്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്നതാകാം. അതായത്, വാഹനം ഓടുമ്പോള്‍ ലോഡ് മൂടുന്നതിനായി കൈകൊണ്ട് മാത്രം സ്ഥാപിക്കുന്ന കവറിന് പകരം വാഹനത്തില്‍ തന്നെ സംയോജിപ്പിച്ച സംവിധാനമുണ്ടാകണം. ലോഡിന്റെ മുകള്‍ഭാഗം മൂടാന്‍ അനുയോജ്യമായ ഏത് വസ്തുവും ഉപയോഗിക്കാമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

ലോഡ് കവര്‍ തുറന്നിരിക്കുകയോ ശരിയായി ഉറപ്പിച്ചിട്ടില്ലാതിരിക്കുകയോ ചെയ്താല്‍ ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി ക്യാബിനുള്ളില്‍ ഓഡിയോ-വിഷ്വല്‍ അലര്‍ട്ട് സംവിധാനവും നിര്‍ബന്ധമാക്കും. ശബ്ദവും ദൃശ്യസൂചനയും വഴി ഡ്രൈവറെ മുന്നറിയിപ്പ് നല്‍കുന്നതായിരിക്കും ഈ സംവിധാനം.

പുതിയ ഭേദഗതിയില്‍ വാഹനത്തിന്റെ ആകെ ഉയരവുമായി ബന്ധപ്പെട്ട വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോഡ് മൂടുന്നതിനായി ടിപ്പറുകളിലും ഡമ്പറുകളിലും സ്ഥാപിക്കുന്ന സംവിധാനം, ചട്ടങ്ങളില്‍ വ്യക്തമാക്കിയ വ്യവസ്ഥകള്‍ക്ക് വിധേയമായി വാഹനത്തിന്റെ ആകെ ഉയരം അളക്കുമ്പോള്‍ പരിഗണിക്കില്ല.

2026 മാര്‍ച്ച് 20ന് മന്ത്രാലയം ഇതുസംബന്ധിച്ച കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. മാര്‍ച്ച് 27ന് ഗസറ്റില്‍ പ്രസിദ്ധീകരിച്ച കരടിനെക്കുറിച്ച് പൊതുജനങ്ങളില്‍നിന്ന് എതിര്‍പ്പുകളും നിര്‍ദേശങ്ങളും ക്ഷണിച്ചിരുന്നു. ലഭിച്ച എതിര്‍പ്പുകളും നിര്‍ദേശങ്ങളും പരിഗണിച്ച ശേഷമാണ് അന്തിമ ഭേദഗതി വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഭേദഗതി വിജ്ഞാപനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ദിവസം മുതല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും ടിപ്പര്‍, ഡമ്പര്‍ വാഹനങ്ങളില്‍ ലോഡ് മൂടുന്ന സംവിധാനം നിര്‍ബന്ധമാക്കുന്ന വ്യവസ്ഥ 2027 ഏപ്രില്‍ 1 മുതലാണ് പ്രാബല്യത്തില്‍ വരിക.

ഇന്നത്തെ ഒരു കോടി ആർക്ക് സ്ത്രീശക്തി ഫലം

ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം

അനുകൂല നടപടി, എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് നടത്തി വന്ന നിരാഹാര സമരം പിന്‍വലിച്ചു

നിയമനം നടത്താതെ പിഎസ്സി നോട്ടിഫിക്കേഷന്‍ നിരന്തരം ഇറക്കുന്നത് അവസാനിപ്പിക്കും

തിരുവനന്തപുരം: എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് നടത്തി വന്ന നിരാഹാര സമരം പിന്‍വലിച്ചു. സമരസമിതി സെക്രട്ടറി വളര്‍മതി 13 ദിവസമായി നടത്തിവന്ന നിരാഹാരമാണ് അവസാനിപ്പിച്ചത്. സെക്രട്ടേറിയറ്റിന് മുമ്പില്‍ പന്തലിട്ട് നടത്തിയ സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. 37 ദിവസം നീണ്ട് നിന്ന സമരമാണ് നിര്‍ത്തിവച്ചത്. സമരം നിര്‍ത്തിയെങ്കിലും നേതാക്കള്‍ അവിടെ തുടരുമെന്ന് സമരസമിതി സെക്രട്ടറി വളര്‍മതി മാധ്യമങ്ങളോട് വ്യക്തമാക്കി. കാര്യങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ 45 ദിവസം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സമരം നിര്‍ത്തിവച്ചത്.

1:25 വിദ്യാര്‍ഥി അധ്യാപക അനുപാതം സര്‍ക്കാര്‍ മേഖലയില്‍ നടപ്പിലാക്കണം. ഇത് സര്‍ക്കാരിന് ബാധ്യതയാവുന്ന കാര്യമല്ല. എല്‍പിഎസ്ടി ലിസ്റ്റ് കാലാവധി തീരുന്ന മുറയ്ക്ക് നീട്ടുന്നത് പരിഗണിക്കാമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നോട്ടിഫിക്കേഷനും നീട്ടിവെയ്ക്കും. മന്ത്രി തന്ന വെള്ളം കുടിച്ച് നിരാഹാരം അവസാനിപ്പിച്ചതെന്നും വളര്‍മതി പറഞ്ഞു.

കാര്യങ്ങള്‍ പരിശോധിക്കാന്‍ 45 ദിവസത്തെ സമയമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് സെപ്റ്റംബര്‍ 24നാണ് പൂര്‍ത്തിയാവുന്നത്. സമരത്തിന്റെ ഭാഗമായി ഇനി പ്രകടനമോ പ്രതിഷേധമോ ഉണ്ടാവില്ല. സമാധാനപരമായി സമരപന്തലില്‍ തുടരും. സെപ്റ്റംബര്‍ 24ന് തീരുമാനമായില്ലെങ്കില്‍ പിന്നീട് സമരം എങ്ങനെ വേണമെന്ന് ആലോചിക്കും. സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരും, വിദ്യാര്‍ഥി യുവജന സംഘടനകളും സമരത്തെ പിന്താങ്ങി. ഇതുവരെ സര്‍ക്കാര്‍ ഉപാധികളൊന്നും വെച്ചിട്ടില്ല. എയ്ഡഡിന് പ്രൊട്ടക്ഷന്‍ നല്‍കുമ്പോള്‍ സര്‍ക്കാര്‍ മേഖലയിലും അത് ഉണ്ടാവണം. സര്‍ക്കാര്‍ ഈ സമയപരിധിക്കുള്ളില്‍ ഇക്കാര്യങ്ങള്‍ പഠിച്ച് തീരുമാനമെടുക്കും എന്നാണ് വിശ്വാസമെന്നും വളര്‍മതി മാധ്യമങ്ങളോട് വ്യക്തമാക്കി.

എല്‍പിഎസ്ടി സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഉള്‍ക്കൊള്ളാവുന്നതെല്ലാം ഉള്‍ക്കൊള്ളുമെന്ന് വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. കുറച്ച് കാര്യങ്ങളില്‍ ചര്‍ച്ചയില്‍ ധാരണയായി. നിയമനം നടത്താതെ പിഎസ്സി നോട്ടിഫിക്കേഷന്‍ നിരന്തരം ഇറക്കുന്നത് അവസാനിപ്പിക്കും.
തസ്തികക്ക് അനുസരിച്ചാവണം നോട്ടിഫിക്കേഷന്‍ ഇറക്കേണ്ടത്. നിലവിലെ ലിസ്റ്റ് കാലാവധി നീട്ടുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കും. വിദ്യാര്‍ഥി അധ്യാപക അനുപാതം 1: 25 ആക്കുന്ന കാര്യവും എയ്ഡഡ് മേഖലയിലെ പ്രൊട്ടക്ഷന്‍ സര്‍ക്കാര്‍ ഖേലയില്‍ നല്‍കുന്നതും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥി അനുപാതത്തിന്റെ കാര്യത്തില്‍ തീരുമാനത്തിന് 45 ദിവസത്തെ സാവകാശം സമരസമിതിയോട് തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തില്‍ എത്തിക്കുന്നതിന്റെ പേരില്‍ നടന്നത് വന്‍ കള്ളക്കളി

തിരുവനന്തപുരം: മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തില്‍ എത്തിക്കുന്നതിന്റെ പേരില്‍ നടന്നത് വന്‍ കള്ളക്കളി. കായിക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. സ്‌പോണ്‍സറെ തിരഞ്ഞെടുത്തത്തില്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ പാലിച്ചില്ല. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് വേണ്ടി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തു. സുതാര്യമല്ലാതെയാണ് സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടന്നത്. അര്‍ജന്റീന ടീം വരുമെന്ന സ്‌പോണ്‍സറുടെ വാഗ്ദാനം ആധികാരിക രേഖകളില്ലാതെയെന്നും കായിക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

ചട്ടങ്ങള്‍ മറികടന്നുകൊണ്ടുള്ള അതിവേഗ നീക്കങ്ങളാണ് ഇക്കാര്യത്തില്‍ നടന്നത് എന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. അര്‍ജന്റീന വരും എന്ന വാഗ്ദാനം ആധികാരിക രേഖകള്‍ ഇല്ലാതെയാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കണമെങ്കില്‍ ഫിഫ രജിസ്‌ട്രേഷന്‍ ഉള്‍പ്പടെ നിര്‍ബന്ധമാണ്. എന്നാല്‍, ഫിഫ അംഗീകാരമോ ഇന്ത്യന്‍ ഫുട്ബാള്‍ ഫെഡറേഷന്റെ അനുമതിയോ ഒന്നും ഇല്ലാതെയാണ് വാഗ്ദാനം നല്‍കുന്നതിലേക്ക് കമ്പനിയും സര്‍ക്കാരും ഉള്‍പ്പടെ നീങ്ങിയത്. കൂടാതെ, അന്താരാഷ്ട്ര കരാര്‍ ഉള്‍പ്പടെ ലംഘനങ്ങളും ഉണ്ടായിട്ടുണ്ട്.

ചട്ടങ്ങള്‍ മറികടന്നാണ് സ്‌പോണ്‍സറായി റിപ്പോര്‍ട്ടര്‍ കമ്പനിയെ സര്‍ക്കാര്‍ തീരുമാനിച്ചത്. സ്‌പോണ്‍സറെ തിരഞ്ഞെടുത്തത്തില്‍ ചട്ടങ്ങള്‍ പാലിച്ചില്ല. റിപ്പോര്‍ട്ടര്‍ കമ്പനിക്ക് വേണ്ടി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുകയായിരുന്നു. സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടന്നത് സുതാര്യമല്ലാതെയാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുന്‍കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ ആണ് എല്ലാം തീരുമാനിച്ചത്. മുന്‍ മന്ത്രി നടപടിക്രമം പാലിച്ചില്ലെന്നും എല്ലാ കത്ത് ഇടപാടുകളും നടത്തിയത് വി അബ്ദുറഹ്‌മാന്‍ നേരിട്ട് ആണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തട്ടിപ്പില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ വിശദ അന്വേഷണവും മുന്‍ മന്ത്രിയുടെ യാത്രകളും മെയിലുകളും അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

മാർക്സിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായിരുന്ന എം പി പരമേശ്വരൻ അന്തരിച്ചു

കൊച്ചി മാർക്സിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായിരുന്ന എം പി പരമേശ്വരൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ആണവ ശാസ്ത്രജ്ഞൻ എന്ന നിലയിൽ കർമ്മമണ്ഡലത്തിൽ സജീവമായിരുന്ന എം പി പരമേശ്വരൻ വൈജ്ഞാനിക സാഹിത്യമേഖലയിലും എം പി പരമേശ്വരൻ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

കേരള ശാസ്ത്രസാഹിത്യപരിഷത്തിൻ്റെ സജീവ പ്രവർത്തകനായിരുന്നു. സിപിഐഎം അം​ഗമായിരുന്ന എം പി പരമേശ്വരനെ സൈദ്ധാന്തിക വിയോജിപ്പിനെ തുടർന്ന് പാർട്ടിയിൽ പുറത്താക്കിയിരുന്നു.

ടി ജി മോഹൻ ദാസിന്‍റെ അറസ്റ്റിന് കോടതിയിൽ തിരിച്ചടി , പ്രതിരോധത്തിലായി യുഡിഎഫ് സർക്കാർ

തിരുവനന്തപുരം. ആരെയോ സുഖിപ്പിക്കാനെന്ന മട്ടില്‍ ചാടിക്കേറി അറസ്റ്റ് നടത്തിയതോടെ മൈലേജ് വീണുകിട്ടി സംഘപരിവാര്‍. .ടി ജി മോഹൻ ദാസിന്‍റെ അറസ്റ്റിന് കോടതിയിൽ തിരിച്ചടി നേരിട്ടതോടെ പ്രതിരോധത്തിലായി യുഡിഎഫ് സർക്കാർ. അർജുൻ ആയങ്കിയുടെ അറസ്റ്റിനു പിന്നാലെ മോഹൻദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ വലിയ രാഷ്ട്രീയ വിമർശനമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് മോഹൻദാസിനെ അറസ്റ്റ് ചെയ്യാൻ പോലീസ് വേഗത്തിൽ ഇറങ്ങിത്തിരിച്ചത്. എന്നാൽ പൊലീസിനുണ്ടായ വീഴ്ചകളാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. ആയങ്കിയെ പിടിച്ചിട്ടും ടിജിയെ അറസ്റ്റുെ ചെയ്തില്ലെന്ന് പ്രചരണം കൊഴുപ്പിച്ചത് ഇടതു ഹാന്‍ഡിലുകളാണ്. പക്ഷേ അതിനു താളത്തില്‍ തുള്ളിയതുപോലെയായി പൊലീസിന്‍റെ നടപടി. ഷോ മാത്രമായിരുന്നു ലക്ഷ്യമെന്ന ആക്ഷേപം ശരിവയ്ക്കുന്നതായിരുന്നു ധൃതഗതിയിലെ അറസ്റ്റ്. ഇന്ത്യന്‍പ്രധാനമന്ത്രിയേയും അമ്മയേയും അധിക്ഷേപിച്ചവരെയും കൊല്ലണമെന്ന് പറഞ്ഞവരെയും പരാതി കിട്ടിയിട്ടും പൊലീസ് അന്വേഷിച്ചുപോലുമില്ലെന്നത് വല്ലാതെ കുറിക്കുകൊള്ളുന്ന ആക്ഷേപമായി. എവിടെയോ ഒതുങ്ങിയിരുന്ന ടിജിയെ ഈ നടപടി പെട്ടെന്ന് നേതാവാക്കി മാറ്റുകയും ചെയ്തു

രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ ശ്രമിച്ച് കോട്ടം തട്ടിയ അവസ്ഥയിലാണ് യുഡിഎഫ് സർക്കാർ. ആയെങ്കിയെ പിടികൂടിയ സർക്കാരിന് കൈയ്യടി കിട്ടിയെങ്കിൽ ടി ജെ മോഹൻദാസിന്റെ കാര്യത്തിൽ മുഖമടച്ച്‌ അടി കിട്ടിയ പോലെയായി.
ഒരു ഗ്രൗണ്ട് വർക്കും ചെയ്യാതെ ചാടി ഇറങ്ങിയ പോലീസ്, കോടതി കുടഞ്ഞപ്പോൾ കൈമലർത്തി.
കൊണ്ടുവന്നതിന്‍റെ ഇരട്ടി സ്പീഡിൽ ജാമ്യം കിട്ടി ടി.ജെ മോഹൻദാസ് പുറത്ത് ഇറങ്ങി.
സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടും ബലാത്സംഗം ചെയ്തു കൊല്ലണമെന്ന് പറഞ്ഞിട്ടും ടി ജെ മോഹൻദാസിനെ പോലൊരാൾ ജാമ്യം കിട്ടി ഇറങ്ങി നടക്കുന്നത് കോൺഗ്രസ് ആർഎസ്എസ് ബന്ധമാണ് എന്നുവരെ പ്രതിപക്ഷം പറഞ്ഞുവയ്ക്കുകയാണ്.

പ്രതിരോധത്തിലായെന്നു മനസ്സിലാക്കിയ ഭരണപക്ഷമാകട്ടെ പറയാതെ പറഞ്ഞ് വീഴ്ച സമ്മതിക്കുന്നുമുണ്ട്.

അടുത്ത മൂന്നുദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ചോദ്യംചെയ്യാൻ ഹാജരാകണമെന്നതടക്കമുള്ള ഉപാധിയോടുകൂടിയാണ് കോടതി ജാമ്യം അനുവദിച്ചത്. അതിൻറെ അടിസ്ഥാനത്തിൽസിറ്റി സൈബർ പോലീസ് സ്റ്റേഷനിൽ മോഹൻദാസ് ഇന്ന് ഹാജരായി

കാറിൽ കടത്തുകയായിരുന്ന എം ഡി എം എയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ

കാസർകോട്. കള്ളാറിൽ കാറിൽ കടത്തുകയായിരുന്ന എം ഡി എം എയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. പാറപ്പള്ളി കാട്ടിപ്പാറ സ്വദേശിയും നിലവിൽ കള്ളാറിൽ വാടകയ്ക്ക് താമസിക്കുന്നതുമായ മുഹമ്മദ് ആഷിക്കാണ് പിടിയിലായത്. ഇയാളില് നിന്ന് 56 ഗ്രാം എം ഡി എം എ കണ്ടെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി വി പ്രസന്ന കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആഷിഖ് കുടുങ്ങിയത്. ഇന്നലെ വൈകിട്ട് കള്ളാർ ടൗൺ പരിസരത്ത് വച്ചാണ് പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്. ഇയാള് സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചു

പള്ളിപ്പുറത്ത് വീട്ടുകിണറ്റിൽ അജ്ഞാതന്റെ മൃതദേഹം

തൃശൂർ. മാള പള്ളിപ്പുറത്ത് വീട്ടുകിണറ്റിൽ അജ്ഞാതന്റെ മൃതദേഹം. പള്ളിപ്പുറത്ത് കടവിൽ വീട്ടിൽ സഗീറിൻ്റെ വീട്ടിലാണ് 50 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ മാള പോലീസ് അന്വേഷണം ആരംഭിച്ചു.


വീട്ടുമുറ്റത്തെ കിണറ്റിലെ വല നീങ്ങിക്കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മാള പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. പക്ഷേ മരിച്ചയാളെ ഇതുവരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പ്രദേശവാസിയായ ആളല്ല മരിച്ചതെന്നാണ് കണ്ടെത്തൽ. സമീപപ്രദേശങ്ങളിലെ മിസ്സിംഗ് കേസുകൾ കൂടി പരിശോധിച്ച് മരിച്ചയാളെ കണ്ടെത്താനുള്ള നീക്കത്തിലാണ് മാള പോലീസ്. ഇൻക്വാസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സമീപപ്രദേശങ്ങളുടെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

മുതലപ്പൊഴിയിലും വിഴിഞ്ഞതും കാണാതായ മത്സ്യത്തൊഴിലാളികൾക്കുള്ള തിരച്ചിൽ ഊർജിതം

ആറ്റിങ്ങല്‍.മുതലപ്പൊഴിയിലും വിഴിഞ്ഞതും കാണാതായ മത്സ്യത്തൊഴിലാളികൾക്കുള്ള തിരച്ചിൽ ഊർജിതം.മുതലപൊഴിയിൽ നേവിയുടെ സോണാർ ഉപകരണം ഉയോഗിച്ചു കൊണ്ട് തിരച്ചിൽ നടത്തുന്നു.INS KALPENI ഇന്നും മുതലപൊഴിയിൽ തുടരും.

പന്ത്രണ്ടാം ദിവസവും കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയിട്ടുള്ള തിരച്ചിൽ തുടരുകയാണ്. വിഴിഞ്ഞത്തു നിന്നും തെക്കൻ തീരത്തേക്കാണ് തിരച്ചിൽ നടത്തുന്നത്. മുതലപൊഴിയിൽ INS KALPENI കടലിൽ തുടരുന്നു. സോണർ ഉപയോഗിച്ച് കൊണ്ടുള്ള തിരച്ചിലാണ് നിലവിൽ നടക്കുന്നത്.

സോളാർ ശബ്ദ തരംഗങ്ങൾ ഉപയോഗിച്ച് പുലിമുട്ടിന് അടിയിലുള്ള പാറക്കെട്ടുകൾക്കിടയിൽ പാറയും വെള്ളവും അല്ലാതെയുള്ള സാന്നിധ്യമാണ് പരിശോധിക്കുന്നത് . പുലിമുട്ടിന്റെ ഇരുഭാഗങ്ങളിലും പരിശോധന നടത്തും. മുതലപ്പൊഴിയുടെ മൗത്ത് ഭാഗത്ത് ശക്തമായ തിരമാലയാണ് . പ്രതികൂല കാലാവസ്ഥയ്ക്ക് മുന്നേ പരമാവധി തിരച്ചിൽ നടത്തും . ഇന്ന് മുങ്ങൽ വിദഗ്ധർ കടലിൽ ഇറങ്ങിയില്ല.കോസ്റ്റ് ഗർഡും മറൈൻ എൻഫോഴ്‌സ്മെന്റും ചേർന്നാണ് വിഴിഞ്ഞത് തിരച്ചിൽ നടത്തുന്നത്.