ഒറ്റ കുത്തിവയ്‌പ്പ്‌ കൊണ്ട്‌ രക്തസമ്മര്‍ദ്ദം 6 മാസത്തേക്കു നിയന്ത്രിച്ചു നിര്‍ത്താം

വെറും ഒരു കുത്തിവയ്‌പ്പ്‌ കൊണ്ട്‌ രക്തസമ്മര്‍ദ്ദം ആറ്‌ മാസത്തേക്ക്‌ കുറയ്‌ക്കാന്‍ സാധിക്കുന്ന മരുന്ന്‌ കണ്ടെത്തി ശാസ്‌ത്രജ്ഞര്‍. സിലബീസിറാന്‍ എന്ന ഈ മരുന്ന്‌ ആന്‍ജിയോടെന്‍സിന്‍ എന്ന രാസപദാര്‍ത്ഥം ഉത്‌പാദിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവിനെയാണ്‌ താൽക്കാലികമായി തടയുക. മുഖ്യമായും കരളില്‍ നിര്‍മ്മിക്കപ്പെടുന്ന ആന്‍ജിയോടെന്‍സിനാണ്‌ രക്തക്കുഴലുകളെ ചുരുക്കി രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നത്‌.

പുതിയ കണ്ടെത്തലുകള്‍ ഫിലാഡല്‍ഫിയയില്‍ നടന്ന അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷന്റെ സയന്റിഫിക് സെഷന്‍സില്‍ അവതരിപ്പിക്കപ്പെട്ടു. രക്തസമ്മര്‍ദ്ദത്തിന്‌ നിലവിലുള്ള മരുന്നുകളെല്ലാം രോഗികള്‍ ദിവസവും കഴിക്കേണ്ടതാണ്‌. മരുന്നുകള്‍ കൃത്യ സമയത്ത്‌ കഴിക്കാന്‍ പല രോഗികളും ഓര്‍ക്കാത്തത്‌ രക്തസമ്മര്‍ദ്ദമുയര്‍ത്തി ഹൃദയാഘാതവും പക്ഷാഘാതവും വരെയുണ്ടാകാന്‍ കാരണമാകാറുണ്ട്‌.

2018ല്‍ നടന്ന ഒരു ഗവേഷണ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ രോഗികളില്‍ 61 ശതമാനം പേര്‍ മാത്രമേ കൃത്യ സമയത്ത്‌ രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്ന്‌ കഴിക്കാറുള്ളൂ. നിരവധി മരുന്നുകള്‍ പല നേരങ്ങളിലായി കഴിക്കുന്നതിനിടെ രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ കഴിക്കാന്‍ ചിലപ്പോഴൊക്കെ മറന്നു പോകാനുള്ള സാധ്യത അധികമാണ്‌. കൃത്യസമയത്ത്‌ മരുന്ന്‌ കഴിക്കാത്തത്‌ ഹൃദ്രോഗ സാധ്യത, വൃക്കരോഗങ്ങള്‍ എന്നിവയ്‌ക്കും കാരണമാകാം.

ഒറ്റ ഡോസ്‌ കൊണ്ട്‌ ആറ്‌ മാസം വരെ രക്തസമ്മര്‍ദ്ദം കുറച്ച്‌ നിര്‍ത്തുന്ന മരുന്നുകളൊന്നും നിലവില്‍ ലഭ്യമല്ല. 394 പേരില്‍ നടത്തിയ പരീക്ഷണത്തിലൂടെ സിലബീസിറാന്റെ കാര്യക്ഷമതയും സുരക്ഷയും ഗവേഷകര്‍ ഉറപ്പ്‌ വരുത്തി. ശരാശരി 10 എംഎംഎച്ച്‌ജി വരെയും ചില കേസുകളില്‍ 20 എംഎംഎച്ച്‌ജി വരെയും രക്തസമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സിലബീസിറാന്റെ ഉപയോഗത്തിലൂടെ സാധിക്കുമെന്നും പരീക്ഷണത്തില്‍ തെളിഞ്ഞു. കാര്യമായ പാര്‍ശ്വഫലങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.

കാര്യക്ഷമതയെും സുരക്ഷയെയും കുറിച്ച്‌ കൂടുതല്‍ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്തി ആവശ്യമായ അനുമതികള്‍ ലഭ്യമായ ശേഷം മാത്രമേ ഈ മരുന്ന്‌ വ്യാപകമായി ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ എന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

Advertisement