നൂതന ചികിത്സാ രീതിയിലുടെ പതിമൂന്നുകാരിയുടെ അർബുദം ഭേദമായി

ലണ്ടൻ: അർബുദ ചികിത്സാരംഗത്ത് വിപ്ലവമായി ബേസ് എഡിറ്റിംഗ് സാങ്കേതികവിദ്യ. ലണ്ടൺ ഗ്രേറ്റ് ഓർമൻഡ് സ്ട്രീറ്റ് ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് ഈ സാങ്കേതിക വിദ്യയിലൂടെ അർബുദ ബാധിതയായ പതിമൂന്നൂകാരിയെ ജീവിതത്തിലേയ്ക്ക് തിരികെ എത്തിച്ചത്.

ബയോളജിക്കൽ എഞ്ചീനിയറിംഗിലൂടെ ബേസ് എഡിറ്റിംഗ് എന്ന സാങ്കേതിക വിദ്യയുപയോഗിച്ച്‌ കണ്ടെത്തിയ ചികിത്സാ രീതിയാണ് അലീസ എന്ന പെൺകുട്ടിയുടെ രക്താർബുദ ചികിത്സയ്ക്ക് വഴിത്തിരിവാകുകയും കുട്ടിയ്ക്ക് രോഗം പൂർണ്ണമായും ഭേദമാകാൻ കാരണമാകുകയും ചെയ്തത്.

ബിബിസി റിപ്പോർട്ട് പ്രകാരം ചികിത്സ പൂർത്തിയായ ആറുമാസങ്ങൾക്കിപ്പുറം രോഗത്തിന്റെ യാതൊരു ലക്ഷണവും അലീസയിൽ ഇല്ല. എന്നിരുന്നാലും ഇപ്പോഴും ആശുപത്രി അധികൃതരുടെ നിരീക്ഷണത്തിലാണ് അലീസ. ഇക്കഴിഞ്ഞ വർഷമാണ് ലെസ്റ്റർ സ്വദേശിയായ അലീസ എന്ന 13കാരിയ്ക്ക് ടി-സെൽ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലൂക്കീമിയ എന്ന കാൻസർ രോഗം കണ്ടെത്തിയത്. തുടർന്ന് നടത്തിയ ബേസ് എഡിറ്റിംഗ് ചികിത്സയിലൂടെ അലീസയുടെ രോഗം പൂർണമായും ഭേദമായി.

ടി-സെൽസ് എന്നത് ശരീരത്തിന്റെ പ്രതിരോധസംവിധാനത്തിന്റെ കാവലാളുകൾ ആണ്. ശരീരത്തിലേക്ക് എത്തുന്ന അനാവശ്യ രോഗകാരികളെ ഇല്ലാതാക്കുന്ന കോശങ്ങളാണ് ഇവ. എന്നാൽ അലീസയുടെ ശരീരത്തിൽ ടി- സെല്ലുകൾ ക്രമാതീതമായി വളരാൻ തുടങ്ങിയിരുന്നു. വളരെ ഗുരുതരാവസ്ഥയിലായിരുന്നു അലീസ അപ്പോൾ. തുടർന്നാണ് അലീസയ്ക്ക് കീമോ തെറാപ്പി ചികിത്സ ആരംഭിച്ചത്. അതേത്തുടർന്ന് മജ്ജ മാറ്റിവെയ്ക്കലും നടത്തി. എന്നാൽ ഇതൊന്നും രോഗം ഭേദമാകാൻ സഹായിച്ചില്ല.

തുടർന്നാണ് ഗ്രേറ്റ് ഓർമണ്ടിലെ ഡോക്ടേഴ്‌സ് ബേസ് എഡിറ്റിംഗ് എന്ന സാങ്കേതിക വിദ്യ ഈ രോഗ ചികിത്സയ്ക്കായി ഉപയോഗിച്ചത്. ഏകദേശം ആറു വർഷം മുമ്പാണ് ഈ സാങ്കേതിക വിദ്യ മെഡിക്കൽ രംഗത്ത് ഉപയോഗിച്ച്‌ തുടങ്ങിയത്. ബേസ് എഡിറ്റിംഗിൽ നാല് തരം ഘടകങ്ങളാണ് ഉള്ളത്. അഡിനൈൻ (എ), സൈറ്റോസിൻ (സി), ഗ്വാനിൻ (ജി), തൈമിൻ (ടി) തുടങ്ങിയവ നമ്മുടെ ജനിതക കോഡിന്റെ നിർമ്മാണ ഘടകങ്ങളാണ്. നമ്മുടെ ഡിഎൻഎയിലെ കോടിക്കണക്കിന് ബേസുകൾ ശരീരത്തിനുള്ള ഒരു നിർദ്ദേശങ്ങൾ നൽകുകയും അവ ക്രോഡികരിക്കുകയും ചെയ്യുന്നുണ്ട്.

ബേസ് എഡിറ്റിംഗ് ശാസ്ത്രജ്ഞരെ ജനിതക കോഡിന്റെ കൃത്യമായ ഭാഗത്തേക്ക് സൂം ചെയ്യാനും, തുടർന്ന് ഒരു തന്മാത്രാ ഘടന മാറ്റാനും, അതിനെ മറ്റൊന്നാക്കി മാറ്റാനും, ജനിതക നിർദ്ദേശങ്ങൾ മാറ്റാനും അനുവദിക്കുന്നു. ഇതിലൂടെ രോഗകാരികളെ ശരീരത്തിൽ നിന്ന് ഒഴിവാക്കാനാകും. തുടർന്ന് ഇതേ സാങ്കേതിക വിദ്യയാണ് അലീസയുടെ ചികിത്സയ്ക്കായി ഡോക്ടർമാരുടെ സംഘം ഉപയോഗിച്ചത്. ദാതാവിൽ നിന്നുള്ള ആരോഗ്യപൂർണ്ണമായ ടി-സെല്ലുകളെ അലീസയുടെ ശരീരത്തിലെത്തിച്ച്‌ അവയിൽ മാറ്റം വരുത്തുക എന്ന രീതിയാണ് ഡോക്ടർമാർ അലീസയ്ക്കായി ഉപയോഗിച്ചത്.

ഈ ചികിത്സാരീതിയുടെ അവസാന ഘട്ടം എന്നത് അലീസയുടെ ശരീരത്തിലെ എല്ലാ ടി-സെല്ലിനും സിഡി 7 അടയാളങ്ങളുള്ള സെല്ലുകളെ നശിപ്പിക്കാൻ നിർദ്ദേശം നൽകുക എന്നതായിരുന്നു. കാൻസർ സെല്ലുകൾ ഉൾപ്പെടെ നശിപ്പിക്കാൻ ആയിരുന്നു നിർദ്ദേശം. ശേഷം ഈ മാർക്കിംഗ് തെറാപ്പിയിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു. അല്ലെങ്കിൽ അവ സ്വയം നശിപ്പിക്കാൻ തുടങ്ങുമെന്നും ഡോക്ടർമാർ പറയുന്നു.

ഈ ചികിത്സാരീതി ആദ്യമായി പരീക്ഷിച്ച കുട്ടിയാണ് അലീസയെന്ന് ഓർമണ്ട് ഹോസ്പിറ്റലിലെ പ്രൊഫസർ കൂടിയായ വസീം കാസിം പറഞ്ഞു. വിവിധ തരത്തിലുള്ള രോഗങ്ങളെ ഇല്ലാതാക്കാൻ ജനിതക സാങ്കേതിക വിദ്യയുടെ പുത്തൻ രീതികൾ സഹായകമാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ചികിത്സാ സമയത്ത് അലീസയുടെ ശരീരത്തിൽ അണുബാധ കണ്ടെത്തിയിരുന്നു. പുതുതായി പ്രവേശിപ്പിച്ച ഡിസൈനർ സെല്ലുകൾ അലീസയുടെ ശരീരത്തിലെ കാൻസർ സെല്ലുകളെയും ടി-സെല്ലുകളെയും ആക്രമിച്ചതിന്റെ ഫലമായിട്ടാണ് ഇതുണ്ടായത്. എന്നാൽ രണ്ടാമത്തെ അസ്ഥി മജ്ജ മാറ്റിവെയ്ക്കലിലൂടെ അലീസയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും അവൾ ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്തു.

ഏകദേശം 16 ആഴ്ചയാണ് അലീസ ഹോസ്പിറ്റലിൽ ചെലവഴിച്ചത്. ചികിത്സയ്ക്ക് ശേഷമുള്ള ആദ്യത്തെ മൂന്ന് മാസം വളരെയധികം ആശങ്കകൾ ഉണ്ടായിരുന്നു. അപ്പോൾ നടത്തിയ പരിശോധനയിലും അലീസയുടെ ശരീരത്തിൽ കാൻസർ കോശങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. എന്നാൽ അവസാനം നടത്തിയ രണ്ട് പരിശോധന ഫലങ്ങളിൽ ഇവയുടെ സാന്നിദ്ധ്യം ഇല്ലാതായതോടെ വളരെയധികം പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

അലീസയുടെ ജീവിതം തിരിച്ച്‌ നൽകിയ ഡോക്ടേഴ്‌സിനോടുള്ള നന്ദി പറഞ്ഞാൽ തീരാത്തതാണെന്ന് പെൺകുട്ടിയുടെ കുടുംബം പറയുന്നു. അതേസമയം പുതിയ ചികിത്സാരീതിയിലൂടെ ലുക്കീമിയ രോഗബാധിതരായ നിരവധി പേർക്ക് ജീവിതം തിരിച്ചുനൽകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം. പരീക്ഷണ അടിസ്ഥാനത്തിൽ ഈ സാങ്കേതിക വിദ്യ പരീക്ഷിച്ച ആദ്യത്തെ പത്ത് പേരിൽ ഒരാളാണ് അലീസ.

Advertisement