തങ്കലാനായി വിക്രമിന്റെ പകര്‍ന്നാട്ടം…. വിക്രമിന്റെ പിറന്നാളിനോടനുബന്ധിച്ച് തങ്കലാന്‍ ടീം പുറത്തിറക്കിയ പ്രത്യേക വീഡിയോ ശ്രദ്ധ നേടുന്നു

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിക്രം ചിത്രമാണ് ‘തങ്കലാന്‍’. പാ രഞ്ജിത്തും വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ടീസര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ വിക്രമിന്റെ പിറന്നാളിനോടനുബന്ധിച്ച് തങ്കലാന്‍ ടീം പുറത്തിറക്കിയ പ്രത്യേക വീഡിയോയാണ് വൈറലാകുന്നത്.
തങ്കലാന്റെ ബിഹൈന്‍ഡ് ദ സീന്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. വേദന കടിച്ചമര്‍ത്തി മേക്കപ്പിടുന്ന വിക്രമിനെയാണ് വീഡിയോയില്‍ കാണാനാവുക. വിവിധ സംഘട്ടനരംഗങ്ങളുടെ ചിത്രീകരണദൃശ്യവും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അര്‍ദ്ധനഗ്നനായ കഥാപാത്രമായാണ് തങ്കലാനില്‍ വിക്രം എത്തുന്നത്. കോലാര്‍ സ്വര്‍ണ ഖനി പശ്ചാത്തലമായി അണിയിച്ചൊരുക്കിയ പീരിയോഡിക്കല്‍ ആക്ഷന്‍ ചിത്രമാണ് തങ്കലാന്‍. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി തങ്കലാന്‍ തിയേറ്ററുകളിലെത്തും. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ പാര്‍വതി തിരുവോത്തിന്റെ ഗംഗമ്മയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ ഈയിടെയാണ് പുറത്തിറങ്ങിയത്.

Advertisement