‘ഹലോ കുട്ടിച്ചാത്തനി’ലെ സുന്ദരിക്കുട്ടി ‘വർഷ’ ഇതാ ഇവിടെയുണ്ട്

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർ മിക്കവർക്കും ഓർമ്മയിൽ നിൽക്കുന്ന പരമ്പരയാണ് ഏഷ്യാനെറ്റ് പ്ലസ് ചാനലിൽ സംപ്രേഷണം ചെയ്‍തിരുന്ന ‘ഹലോ കുട്ടിച്ചാത്തൻ’. ഇപ്പോൾ മലയാളത്തിലെ അറിയപ്പെടുന്ന അഭിനേതാക്കളായി മാറിയ ഷൈൻ നിഗം, അഭിരാമി സുരേഷ്, നവനീത് മാധവ് അടക്കമുള്ള കുട്ടിപ്പട മിനിസ്‌ക്രീനിൽ തകർത്താടിയ ‘ഹലോ കുട്ടിച്ചാത്തൻ’, അന്ന് കുട്ടികളുടേയും മുതിർന്നവരുടേയും ഇഷ്ടം നേടിയെടുത്ത പരമ്പരയായിരുന്നു. ‘കടുമണി വീര കുടുകുടു ചാത്ത’ എന്ന പരമ്പരയുടെ ടൈറ്റിൽ സോംഗ് ഇന്നും മലയാളികളുടെ മനസ്സിലുണ്ടെങ്കിലും, പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഒരാൾമാത്രം പിന്നെ സ്‌ക്രീനിലേക്ക് എത്തിയതേയില്ല. ‘കുട്ടിച്ചാത്തനി’ലെ വർഷയെ അവതരിപ്പിച്ച ശ്രദ്ധയെയായിരുന്നു കാണാതായിരുന്നത്.

എന്നാൽ ഇപ്പോളിതാ സിനിമയിലൂടെ തന്റെ സാന്നിദ്ധ്യം അറിയിക്കാൻ ഒരുങ്ങുകയാണ് ശ്രദ്ധ. എംബിബിഎസുകാരിയായ ശ്രദ്ധ സ്‌ക്രീനിലേക്ക് തിരികെയെത്തുന്ന ചിത്രം വിഷ്‍ണു ഉണ്ണികൃഷ്‍ണൻ പ്രധാന വേഷത്തിലെത്തുന്ന സോഹൻ സീനുലാൽ പ്രൊജക്റ്റായ ഡാൻസ് പാർട്ടിയിയാണ്. ലെന, ഷൈൻടോം ചാക്കോ, പ്രയാഗ മാർട്ടിൻ തുടങ്ങിയവർ ഒന്നിക്കുന്ന ഡാൻസ് പാർട്ടിയിൽ പ്രാധാന്യമുള്ള കഥാപാത്രമായാണ് ശ്രദ്ധ ബിഗ് സ്‌ക്രീനിലേക്കെത്തുന്നത്.

പണ്ട് സ്‌ക്രീനിൽ കണ്ട അതേ മുഖച്ഛായയോടെയാണ് ശ്രദ്ധ ഇപ്പോഴുമുള്ളത് എന്നത് തന്നെയാണ് ശ്രദ്ധയെ ആളുകൾ പെട്ടന്ന് ശ്രദ്ധിക്കാനുണ്ടായ കാരണം. ഇപ്പോൾ പുതിയ ചിത്രത്തിന്റെ പോസ്റ്ററുകൾ റിലീസായതോടെയായിരുന്നു ആളുകൾ ശ്രദ്ധയെ തിരിച്ചറിയാൻ തുടങ്ങിയത്. കൂടാതെ അടുത്തിടെ മാളവിക കൃഷ്‍ണദാസിന്റെ വിവാഹത്തിനും ശ്രദ്ധ എത്തിയിരുന്നു. തിരുവനന്തപുരം വെള്ളയമ്പലം സ്വദേശിനിയാണ് ശ്രദ്ധ.

‘ഹലോ കുട്ടിച്ചാത്തൻ’ കൂടാതെ, അമൃത ടെലിവിഷനിലെ ‘സൂപ്പർ ഡാൻസർ ജൂനിയർ’ പ്രോഗ്രാമിൽ അടിപൊളി നൃത്തച്ചുവടുകളുമായി ശ്രദ്ധ എത്തിയിട്ടുണ്ട്. അതിലുമുപരിയായി കൈരളി പീപ്പിൾ ചാനലിലെ ‘കൊച്ചുവർത്തമാനം’ എന്ന കുട്ടികളുടെ പ്രോഗ്രാം ആങ്കറായതിന്, മികച്ച കുട്ടി ആങ്കറിനുള്ള പുരസ്‌ക്കാരവും നേടിയിരുന്നു. പതിനാല് വർഷം മുന്നേയായിരുന്നു ‘ഹലോ കുട്ടിച്ചാത്തൻ’ സംപ്രേഷണം ചെയ്‍തിരുന്നത്. ഏതായാലും തങ്ങളുടെ കുട്ടിക്കാലം മനോഹരമാക്കിത്തീർത്ത സുന്ദരിക്കുട്ടിയോടുള്ള സ്‌നേഹം സോഷ്യൽമീഡിയയിലൂടെ ശ്രദ്ധയെ അറിയിക്കുകയാണ് ആരാധകർ.

Advertisement