ജയിൽമോചിതയായ മകളെക്കണ്ട് തുള്ളിച്ചാടി അമ്മ; കണ്ണുകൾ നിറഞ്ഞ് നടി

Advertisement

മുംബൈ: ലഹരിമരുന്ന് ഒളിപ്പിച്ചുവച്ച് ഷാർജ വിമാനത്താവളത്തിൽ കുടുക്കിയ സംഭവത്തിൽ ജയിൽമോചിതയായ ബോളിവുഡ് നടി ക്രിസാൻ പെരേര, നാട്ടിലുള്ള കുടുംബവുമായി വിഡിയോ കോളിലൂടെ സംസാരിച്ചു. ഇന്നലെയാണ് ക്രിസാൻ ഷാർജ സെൻട്രൽ ജയിലിൽനിന്നു മോചിതയായത്. ഇരുപത്തേഴുകാരിയായ നടി ജയിൽമോചനത്തിനു പിന്നാലെ അമ്മയുമായി നടത്തിയ വിഡിയോ കോളിന്റെയും മകളെ കണ്ട് അമ്മ സന്തോഷത്തോടെ തുള്ളിച്ചാടുന്നതിന്റെയും വിഡിയോ സഹോദരൻ കെവിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

‘‘ക്രിസാൻ ജയിൽമോചിതയായി!!! 48 മണിക്കൂറിനുള്ളിൽ അവൾ ഇന്ത്യയിലെത്തും’’ – വിഡിയോയ്ക്കൊപ്പം കെവിൻ ഇങ്ങനെയെഴുതി. അമ്മയും മറ്റു കുടുംബാംഗങ്ങളുമായി വിഡിയോ കോളിലൂടെ സംസാരിക്കുമ്പോൾ നടിയുടെ കണ്ണുകൾ പലപ്പോഴും നിറഞ്ഞുതുളുമ്പി. 48 മണിക്കൂറിനുള്ളിൽ ക്രിസാനിനെ ഇന്ത്യയിൽ എത്തിക്കുമെന്ന് മുംബൈ ജോയിന്റ് കമ്മിഷണർ ഓഫ് പൊലീസ് (ക്രൈം) ലഖ്മി ഗൗതം ദേശീയമാധ്യമങ്ങളോട് പറഞ്ഞു.

കൈവശം കൊണ്ടുപോയ ട്രോഫിക്കുള്ളിൽ ക്രിസാൻ അറിയാതെ ലഹരിമരുന്ന് ഒളിപ്പിച്ചുവച്ചശേഷം മുബൈ സ്വദേശികളായ രണ്ടുപേർ ഷാർജ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്ന് മുംബൈ പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ ആന്റണി പോൾ, രാജേഷ് ബോബത്ത (രവി) എന്നിവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിൽ ഒന്നിനായിരുന്നു ക്രിസാൻ ഷാർജ വിമാനത്താവളത്തിൽ അറസ്റ്റിലായത്.

നായ്ക്കുട്ടിയെച്ചൊല്ലിയുള്ള വഴക്കിനെത്തുടർന്ന് പലവട്ടം ക്രിസാനിന്റെ കുടുംബവുമായി ആന്റണി വഴക്കുണ്ടാക്കിയിട്ടുണ്ട്. രാജ്യാന്തര വെബ്സീരീസിന്റെ ഓഡിഷനായി ഷാർയിലേക്കു പോകണമെന്നാവശ്യപ്പെട്ടാണ് രാജേഷ് ക്രിസാനിനെ സമീപിച്ചത്. പോകുമ്പോൾ ഓഡിഷന്റെ ആവശ്യത്തിനായി ട്രോഫി കരുതണമെന്നു പറഞ്ഞു ലഹരിമരുന്ന് ഒളിപ്പിച്ച ട്രോഫി കൂടി നൽകുകയായിരുന്നു.

അറസ്റ്റിലായ ക്രിസാനിനെ മോചിപ്പിക്കണമെങ്കിൽ 80 ലക്ഷം രൂപ നൽകണമെന്നും ഇയാൾ പെരേര കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തിന്റെ ചുരുളഴിച്ചതിനു പിന്നാലെ ബന്ധപ്പെട്ട രേഖകൾ മുംബൈ പൊലീസ് ഷാർജ പൊലീസിനു കൈമാറി. ഇതോടെയാണ് ക്രിസാനിന്റെ മോചനത്തിന് വഴിതുറന്നത്.

Advertisement