500 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന പൊന്നിയിന്‍ സെല്‍വന്‍;ക്യാരക്ടര്‍ പോസ്റ്ററുമായി അണിയറ പ്രവര്‍ത്തകര്‍

500 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന മണിരത്‌നം ചിത്രത്തിലെ രണ്ട് സുപ്രധാന ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തു വിട്ട് അണിയറക്കാര്‍. ഇതിഹാസ തമിഴ് സാഹിത്യകാരന്‍ കല്‍ക്കിയുടെ പ്രസിദ്ധമായ നോവലിനെ ആധാരമാക്കിയൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്.
ചിത്രത്തിലെ വലിയ പഴുവേട്ടവരായരിനെയും ചിന്ന പഴുവേട്ടവരായരിനെയും പരിചയപ്പെടുത്തികൊണ്ടുള്ള ക്യാരക്ടര്‍ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. ശരത്കുമാറും പാര്‍ത്ഥിപനുമാണ് ഈ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ആദിത്യ കരികാലനായാണ് തമിഴ് സൂപ്പര്‍ താരം വിക്രം ചിത്രത്തില്‍ എത്തുക. കുന്ധവി എന്നാണ് തൃഷ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. ചോഴ രാജകുമാരിയാണ് കുന്ധവി. ഐശ്വര്യ റായി നന്ദിനി എന്ന കഥാപാത്രമായാണ് എത്തുക. സുന്ദര ചോഴര്‍ എന്ന കഥാപാത്രത്തെയാണ് പ്രകാശ് രാജ് അവതരിപ്പിക്കുന്നത്. അരുള്‍ മൊഴി വര്‍മ്മനായി ജയം രവിയും കാര്‍ത്തിയും ചിത്രത്തിലുണ്ട്. ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. എ.ആര്‍.റഹ്മാനാണ് സംഗീതസംവിധായകന്‍. തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ എന്നീ 5 ഭാഷകളില്‍ ആയിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ കേരളത്തിലെ തീയേറ്ററുകളില്‍ ചിത്രം എത്തിക്കും.

Advertisement