ആലപ്പുഴ.ചെങ്ങന്നൂരിൽ വയോധികന്റെ മരണത്തിലെ ദുരൂഹത നീക്കാൻ കല്ലറ തുറന്നു പോസ്റ്റ്മോർട്ടത്തിന് നടപടി.ചെങ്ങന്നൂർ പുലിയൂർ സ്വദേശി യേശുദാസിന്റെ മൃതദേഹമാണ് കല്ലറയിൽ നിന്നും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുക.മരണത്തിൽ ദുരൂഹത ഉണ്ട് എന്ന് കാട്ടി യേശുദാസിന്റെ മകളും മരുമകളും പോലീസിൽ പരാതി നൽകിയിരുന്നു.ആർ ഡി ഓ ആണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ ഉത്തരവ് ഇട്ടത്
കഴിഞ്ഞ മാർച്ച് 20ന് രാവിലെ ഹോംനേഴ്സ് നൽകിയ കേക്ക് കഴിച്ചതിനെ തുടർന്ന് യേശുദാസ് ബോധരഹിതനായതായും തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.ആരോഗ്യവാനായ യേശുദാസ് കേക്ക് കഴിച്ചശേഷം വീട്ടിൽ വച്ച് ചോര ഛർദ്ദിച്ചതായും ഇതിനു പിന്നാലെയാണ് മരണം സംഭവിച്ചതെന്നും പറയുന്നു.ഈ മരണത്തിൽ ദുരൂഹത ഉണ്ട് എന്ന് കാട്ടിയാണ് യേശുദാസിന്റെ മകളും മരുമകളും പോലീസിൽ പരാതി നൽകിയത്. ജോലി ആവശ്യത്തിനായി വിദേശത്ത് നിൽക്കുന്ന മകളുടെയോ മരുമകളുടെയോ അനുമതി ഇല്ലാതെ യേശുദാസിന്റെ പേരിലുള്ള സ്വത്തുക്കൾ സഹോദരൻറെ പേരിലേക്ക് മാറ്റിയതായും മകളും മരുമകളും പരാതിയിൽ പറയുന്നു.ഈ കൈമാറ്റം നടന്ന ഒരു മാസത്തിനുശേഷമാണ് മരണം സംഭവിച്ചതെന്നും ഇതിൽ ദുരൂഹത ഉണ്ട് എന്നുമാണ് ആരോപണം
വീട്ടുകാരുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു.തുടർന്ന് റീ പോസ്റ്റ്മോർട്ടത്തിന് അനുമതി ലഭിക്കാൻ ആർ ഡി ഒയ്ക്ക് പരാതി കൈമാറിയിരുന്നു. ഈ അനുമതി ലഭിച്ചതോടെയാണ് പുലിയൂർ ഓർത്തഡോക്സ് പള്ളിയിലെ കല്ലറ തുറന്ന് പോസ്റ്റ്മോർട്ടം നടക്കുക. മാർച്ച് മാസം ഇരുപത്തിനാലാം തീയതിയാണ് മൃതദേഹം പള്ളിയിൽ അടക്കം ചെയ്തത്.പോസ്റ്റ്മോർട്ടത്തിനുശേഷം യഥാർത്ഥ മരണകാരണം വ്യക്തമാകും എന്നാണ് പോലീസും വ്യക്തമാക്കുന്നത്.




































