നവകേരള സദസിൽ നൽകിയ പരാതിയിൽ ഒരാഴ്ച്ചക്കുള്ളിൽ പരിഹാരം

Advertisement

കാസർഗോഡ്. നവകേരള സദസിൽ നൽകിയ പരാതിയിൽ ഒരാഴ്ച്ചക്കുള്ളിൽ പരിഹാരം. മകൾക്ക് ലാപ്ടോപ്പ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് പണം വാങ്ങി കബളിപ്പിച്ച സ്റ്റാർട്ടപ്പ് കമ്പനിക്കെതിരെ മന്നിപ്പാടി സ്വദേശി വിജയചന്ദ്രൻ നൽകിയ പരാതിയിലാണ് പരിഹാരമായത്


മന്നിപ്പാടിയിലെ അനഘയ്ക്ക് എറണാകുളം കാക്കനാട്ടെ സ്റ്റാർട്ടപ്പ് കമ്പനിയിൽ ജോലി ലഭിച്ചത് ആറ് മാസം മുമ്പ്. ജോലിക്ക് സഹായകമായ ലാപ്ടോപ്പ് വാങ്ങുന്നതിനായി കമ്പനി സബ്‌സിഡി അനുവദിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതിനായി 30 ശതമാനം നിരക്കായ 40000 രൂപ കമ്പനിയിൽ അടച്ചു. എന്നാൽ ആറ് മാസം കഴിഞ്ഞിട്ടും ജോലിയുമില്ല ലാപ്ടോപ്പുമില്ല. ഇതോടെയാണ് പരാതി നൽകാൻ പിതാവായ വിജയചന്ദ്രൻ തീരുമാനിച്ചത്. നവകേരള സദസിന്‍റെ കാസർഗോട്ടെ വേദിയിലെത്തി പരാതി നൽകി. എന്നാൽ ഇത്ര വേഗത്തിലുള്ള നടപടി ഇവർ പ്രതീക്ഷിച്ചിരുന്നില്ല

പരാതി നൽകി തൊട്ടടുത്ത ദിവസം ആദ്യ സന്ദേശമെത്തി. നാല് ദിവസത്തിനകം പൊലീസ് ബന്ധപ്പെട്ടു. പിന്നാലെ നഷ്ടപ്പെട്ട പണം തിരികെ അക്കൌണ്ടിലെത്തി. അതേസമയം ജില്ലയിൽ നവകേരള സദസിലൂടെ ലഭിച്ച പരാതികളുടെ പരിശോധനയും സ്‌കാനിംഗും പൂര്‍ത്തിയാക്കി നടപടികളിലേക്ക് കടന്നുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ പരാതി ലഭിച്ചത്

Advertisement