കാളിദാസിന്റെ വിവാഹനിശ്ചയത്തിൽ തിളങ്ങി മാളവികയും ഭാവിവരനും

കാളിദാസ് ജയറാം, താരിണി കലിംഗരായർ വിവാഹനിശ്ചയത്തിൽ തിളങ്ങി മാളവിക ജയറാമും ഭാവിവരനും. വിവാഹനിശ്ചയത്തിന്റെ കൂടുതൽ ചിത്രങ്ങൾ മാളവിക ജയറാം പങ്കുവച്ചിരുന്നു. ഇതിലൊരു ചിത്രത്തിലാണ് ഭാവിവരനൊപ്പമുളള ചിത്രവും മാളവിക പങ്കുവച്ചത്. രണ്ടു ദിവസങ്ങൾക്ക് മുൻപ് ചെന്നൈയിൽ വച്ചായിരുന്നു കാളിദാസും താരിണിയും തമ്മിലെ വിവാഹനിശ്ചയം നടന്നത്.

ഈ അടുത്താണ് സമൂഹമാധ്യമങ്ങളിലൂടെ മാളവികയും തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകൾ നേർന്ന് പങ്കുവച്ച പോസ്റ്റിലൂടെയാണ് ആളെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. എന്നാൽ ആളുടെ പേരോ മറ്റു വിവരങ്ങളോ ഒന്നും കുറിപ്പിൽ പങ്കുവച്ചിട്ടില്ല.

മോഡലിങ് രംഗത്തു നിന്നുമാണ് കാളിദാസ് ജയറാം ഭാവി വധുവിനെ കണ്ടെത്തിയത്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ താരിണി. 2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേർഡ് റണ്ണർ അപ്പ് കൂടിയായ താരിണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.

വിനിൽ സ്കറിയാ വർഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘രജിനി’യാണ് കാളിദാസിന്റെ പുതിയ റിലീസ്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ നമിത പ്രമോദ് നായികയായി എത്തുന്നു.

Advertisement