പോരിനായി നേതാക്കളുടെ വായ്ത്താരി, കണ്ണൂരും സൈബര്‍ ലോകവും അസ്വസ്ഥം

കണ്ണൂര്‍.മര്യാദയില്ലാത്ത നേതാക്കളുടെ പ്രകോപന പ്രസംഗങ്ങൾക്ക് പിന്നാലെ പോർവിളി തുടർന്ന് ബിജെപി- സിപിഎം അണികൾ. അതേസമയം മോർച്ചറി പരാമർശത്തെ ന്യായീകരിച്ച് പി ജയരാജൻ രംഗത്ത് വന്നു. കണ്ണൂരിനെ കലാപഭൂമിയാക്കാനുള്ള പി ജയരാജന്റെ ശ്രമം വിജയിക്കില്ലെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണ പ്രതികരിച്ചു. പി ജയരാജന്റേത് പ്രാസഭംഗിക്കുള്ള പ്രയോഗമാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ന്യായീകരിച്ചു. വേണ്ടത്ര കാരണമുണ്ടായിട്ടും കൊലവിളിപ്രസംഗത്തിന്‍റെ പേരില്‍ കേസെടുത്തിട്ടില്ലെന്നതും വിരോധാഭാസമായി.

എ എൻ ഷംസീറിനെതിരെ കയ്യോങ്ങുന്ന യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിൽ ആയിരിക്കുമെന്ന പി ജയരാജന്റെ പ്രസംഗത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും പോർവിളി. പി ജയരാജനെതിരായ തിരുവോണ ദിനത്തിലെ ആക്രമണം ഓർമ്മിപ്പിച്ച് ബിജെപി അണികൾ. അക്രമിക്കാത്തിയവർ കൊല്ലപ്പെട്ടുവെന്ന് പരാമർശിച്ച് സിപിഎം അണികളുടെയും സൈബർ പോര്. ഇതിനിടെ മാഹി പള്ളൂരിൽ പ്രതിഷേധ പ്രകടനത്തിനിടെ എ എൻ ഷംസീറിനും, പി ജയരാജനുമെതിരെ ബിജെപി പ്രവർത്തകരുടെ കൊലവിളി.

വിവാദത്തിന് പിന്നാലെ ഭീഷണി പ്രസംഗത്തെ ന്യായീകരിച്ച് പി ജയരാജൻ. യുവമോർച്ചയ്ക്ക് മനസ്സിലാകുന്ന മറുപടിയാണ് പറഞ്ഞതെന്ന് പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. സംഘപരിവാറിന്റെ അശാസ്ത്രീയ വിഡ്ഢിത്തങ്ങൾ ഇനിയും തുറന്നെതിർക്കും. ഷംസീറിനെ എന്നല്ല ആരെയും ഭീഷണിപ്പെടുത്തി ഭയപ്പെടുത്താമെന്നു ആര്‍എസ്എസ് കരുതേണ്ടെന്നും പി ജയരാജൻ. പി ജയരാജനെയും ഷംസീറിനെയും കുറ്റപ്പെടുത്തി യുവമോർച്ച.

പി ജയരാജന്റേത് പ്രാസ ഭംഗിക്കുള്ള പ്രയോഗമെന്നും തെറ്റായ പ്രചരണം നടത്തുന്നുവെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ.യുവമോര്‍ച്ചക്കാര്‍ക്ക് മനസിലാവുന്നഭാഷ ഉഫയോഗിച്ചുവെന്നേയുള്ളുവെന്നും ഇപി ജയരാജന്‍ പറയുന്നു.

സൈബര്‍ലോകത്ത് ആണ് പോരാട്ടം ഏറെയെന്നതിനാല്‍ മാരക വേഗത്തില്‍ വീറും വാശിയും പരക്കുന്നുണ്ട്. പൊലീസിന്‍റെ ഇടപെടല്‍ ഉണ്ടാകാത്തത് വ്യാപകമായ വിമര്‍ശനത്തിനും ഇടയാക്കുന്നു.

Advertisement