കേരളത്തിന് നന്ദി; ലോകകപ്പ് ആവേശത്തിൽ അർജന്റീനയുടെ മറുപടി

ബ്യൂനസ് ഐറിസ്∙ ഫിഫ ലോകകപ്പ് വിജയത്തിനു പിന്നാലെ കേരളത്തിനും ഇന്ത്യയ്ക്കും നന്ദി അറിയിച്ച് അർജന്റീന ഫുട്ബോൾ ടീം. ട്വിറ്റർ ഹാൻഡിലിലാണ് അർജന്റീന പ്രതികരണം അറിയിച്ചത്. ബംഗ്ലാദേശിലെ ആഘോഷങ്ങളുടെ വി‍ഡിയോയും ബംഗ്ലാദേശിനോടുള്ള നന്ദിയും ട്വീറ്റിലുണ്ട്.
ർജന്റീനയ്ക്കായി മെസ്സി ഇരട്ടഗോൾ നേടി. 23, 108 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ. ഒരു ഗോൾ എയ്ഞ്ചൽ ഡി മരിയയുടെ (36–ാം മിനിറ്റ്) വകയാണ്.

ഷൂട്ടൗട്ടിൽ അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസ്സി, പൗലോ ഡിബാല, ലിയാൻഡ്രോ പരേദസ്, മോണ്ടിയാൽ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ഫ്രാൻസിനായി ലക്ഷ്യം കണ്ടത് കിലിയൻ എംബപെ, കോളോ മുവാനി എന്നിവർ മാത്രം. ഫ്രഞ്ച് താരം കിങ്സ്‌ലി കോമന്റെ ഷോട്ട് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് തടഞ്ഞു. മൂന്നാം കിക്കെടുത്ത ഔറേലിയൻ ചൗമേനിയുടെ ഷോട്ട് പുറത്തുപോയി.

അർജന്റീനയുടെ ലോകകപ്പ് വിജയത്തിനു പിന്നാലെ ഞായറാഴ്ച രാത്രി മുഴുവൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ‌ വൻ ആഘോഷ പരിപാടികളാണു നടന്നത്. പലയിടത്തും ആരാധകരെ നിയന്ത്രിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ പാടുപെട്ടു. പെനൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ കീഴടക്കിയാണ് അർജന്റീന 36 വർഷങ്ങൾക്കു ശേഷം ലോകകപ്പ് നേടിയത്.

ഷൂട്ടൗട്ടിൽ 4–2നാണ് അർജന്റീന ഫ്രാൻസിനെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ചും എക്സ്ട്രാ ടൈമിൽ മൂന്നു ഗോൾ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. ഫ്രാൻസിനായി കിലിയൻ എംബപെ ഹാട്രിക് നേടി. 80, 81, 118 മിനിറ്റുകളിലായിരുന്നു എംബപെയുടെ ഗോളുകൾ.

Advertisement