യാചകനായ ഹബീബിന്റെ ഭാണ്ഡക്കെട്ടിൽ നിരോധിച്ചതും മുഷിഞ്ഞതും കീറിയതുമായ നോട്ടുകൾ ഒരു ലക്ഷത്തിലേറെ

Advertisement

ശാസ്താംകോട്ട: മാനസിക വെല്ലുവിളി നേരിടുന്ന മകൻ മുത്താറിനൊപ്പം കക്കാഴം റെയിൽവേ മേൽപ്പാലത്തിന് വടക്ക് ഭാഗത്ത് അന്തിയുറങ്ങിയ
ഹബീബുൽ ഹഖിനെ മൈനാഗപ്പള്ളി കടപ്പ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്നേഹനിലയം ഏറ്റെടുത്തു. ഔറംഗബാദ് സ്വദേശിയായ ഹബീബുൽ ഹഖ് മകനുമായി അമ്പലപ്പുഴയിൽ എത്തിയിട്ട് കാലം കുറെയായി.എങ്ങനെയോ ആലപ്പുഴയിൽ എത്തിയ ഇവർക്ക് കക്കാഴം മുതൽ ആലപ്പുഴ വരെയുള്ള കച്ചവടക്കാരാണ് ആഹാരം നൽകിയിരുന്നത്.ഇവർക്ക് കിട്ടുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് നിത്യവും കാക്കകൾക്കായി മാറ്റിവയ്ക്കുകയും ചെയ്യുമായിരുന്നു.ഇത് കഴിക്കാനായി ഇവർ അന്തിയുറങ്ങുന്ന കൂരയ്ക്കുമുന്നിൽ കാക്കകളുടെ വലിയൊരു കൂട്ടം പുലർച്ചെ എത്തുമായിരുന്നു.ഒരു വർഷം മുമ്പ് ട്രെയിൻ യാത്രക്കാരായ ചിലർ ഇവരുടെ അവസ്ഥ ജീവകാരുണ്യ പ്രവർത്തകനായ ഷിഹാബുദ്ദീൻ മധുരിമയെ അറിയിച്ചു.ആലപ്പുഴയിലെ ജീവകാരുണ്യ പ്രവർത്തകർ വഴി ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും ഇവർ വഴങ്ങിയില്ല.ഇപ്പോഴത്തെ ഇവരുടെ അവസ്ഥ പൊതുപ്രവർത്തകരും ഗ്രാമപഞ്ചായത്ത് അംഗങ്ങളും വീണ്ടും
ഷിഹാബുദ്ദീൻ മധുരിമയെ അറിയിച്ചതിനെ തുടർന്നാണ്
സ്നേഹനിലയത്തിലേക്കുള്ള വഴി തുറന്നത്.

അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാരിസ്,
പഞ്ചായത്ത് അംഗങ്ങളായ യു.എൻ കബീർ,ലേഖ മോൾ,സനൽ, ആശാവർക്കർ ഷേർളി,ജീവകാരുണ്യ പ്രവർത്തകരായ നിതിൻ,റാഫി തോട്ടപ്പള്ളി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് ഹബീബിനെയും മകനെയും ഏറ്റെടുത്തത്.തുടർന്ന് നടത്തിയ പരിശോധനയിൽ പാതയോരത്ത് കഴിഞ്ഞുവന്ന ഹബീബിന്റെ ഭാണ്ഡക്കെട്ടിൽ നിന്നും
1,19,330 രൂപ കണ്ടെടുത്തു.നിരോധിച്ചതും മുഷിഞ്ഞതും കീറിയതുമായ നോട്ടുകളായിരുന്നു ഏറെയും.നിരോധിക്കപ്പെട്ട നോട്ടുകൾ 20,000ത്തിലേറെ.കീറിമുറിഞ്ഞ നോട്ടുകൾ 25000.ഇവർ താമസിച്ചു വന്ന ഷെഡ് 7000 രൂപയ്ക്ക് ലേലം ചെയ്തു നൽകി.ലഭിച്ച തുക സ്നേഹനിലയത്തിന് കൈമാറാൻ ജനപ്രതിനിധികളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ തീരുമാനിച്ചു.

Advertisement