ഇന്ത്യ-പാക് സൂപ്പര്‍ പോരാട്ടത്തില്‍ 267 റണ്‍സ് വിജയലക്ഷ്യം മുന്നോട്ട് വച്ച് ഇന്ത്യ

ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് സൂപ്പര്‍ പോരാട്ടത്തില്‍ പാകിസ്ഥാന് മുന്നില്‍ 267 റണ്‍സ് വിജയലക്ഷ്യം മുന്നോട്ട് വച്ച് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് ഓള്‍ഔട്ടായി. നാല് വിക്കറ്റിന് 66 റണ്‍സെന്ന തകര്‍ച്ചയില്‍ നിന്ന് അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഇഷാന്‍ കിഷന്‍-ഹാര്‍ദ്ദിക് പാണ്ഡ്യ സഖ്യമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഇരുവരും ചേര്‍ന്ന് 138 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. 90 പന്തില്‍ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം 87 റണ്‍സെടുത്ത ഹാര്‍ദ്ദിക്കാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇഷാന്‍ 81 പന്തുകളില്‍ നിന്ന് രണ്ട് സിക്സും ഒമ്പത് ഫോറുമടക്കം 82 റണ്‍സെടുത്തു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് അഞ്ചാം ഓവറില്‍ തന്നെ നായകന്‍ രോഹിത് ശര്‍മയെ നഷ്ടമായി. 22 പന്തില്‍ നിന്ന് 11 റണ്‍സെടുത്തായിരുന്നു മടക്കം. ഏഴ് പന്തില്‍ നിന്ന് നാലു റണ്‍സുമായി വിരാട് കോലിയും പിന്നാലെ പുറത്തായി. ശ്രേയസ് അയ്യര്‍ ഒമ്പത് പന്തില്‍ നിന്ന് 14 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ശുഭ്മാന്‍ ഗില്‍ 32 പന്തില്‍ നിന്ന് 10 റണ്‍സ് മാത്രമെടുത്ത് മടങ്ങി. പിന്നാലെയാണ് ഇഷാന്‍-ഹാര്‍ദ്ദിക് സഖ്യം ഒന്നിച്ചത്.
38-ാം ഓവറില്‍ ഇഷാന്‍ കിഷന്‍ പുറത്തായതിന് പിന്നാലെ ക്രീസിലെക്കിയ രവീന്ദ്ര ജഡേജ 14 റണ്‍സെടുത്തു. ബുംറ 14 പന്തില്‍ നിന്ന് 16 റണ്‍സാണ് നേടിയത്. 10 ഓവറില്‍ 35 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഷഹീന്‍ അഫ്രീദിയാണ് ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് പ്രതിരോധം തീര്‍ത്തത്. നസീം ഷായും ഹാരിസ് റൗഫും മൂന്ന് വിക്കറ്റ് വീതം നേടി.

Advertisement