ആര്‍ത്തവകാല ശുചിത്വം; സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൂടുതല്‍ അവബോധം ഉണ്ടാക്കണമെന്ന് പൊതുതാത്പര്യ ഹര്‍ജി

ആര്‍ത്തവകാല ശുചിത്വം; സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൂടുതല്‍ അവബോധം ഉണ്ടാക്കണമെന്ന് പൊതുതാത്പര്യ ഹര്‍ജി
മുംബൈ: സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളിലെ ശുചിമുറികളുടെ അവസ്ഥ ഏറെ പരിതാപകരമെന്ന് റിപ്പോര്‍ട്ട്. രണ്ട് നിയമവിദ്യാര്‍ത്ഥികള്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

കൗമാരക്കാരായ പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളിലെ ശുചിമുറികളില്‍ മതിയായ ശുചിത്വവും ആരോഗ്യകരമായ സംവിധാനങ്ങളുമില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആര്‍ത്തവശുചിത്വം എങ്ങനെ നടപ്പാക്കുന്നുവവെന്ന് കണ്ടെത്താനായാണ് ഇവര്‍ ഇത്തരമൊരു സര്‍വെ നടത്തിയത്.

സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികളുടെ ആര്‍ത്തവശുചിത്വം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്ന് പഠനത്തില്‍ കണ്ടെത്തിയതായി ഈ പെണ്‍കുട്ടികള്‍നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഗ്രാമീണ മേഖലകളിലാമണ് ഈ പ്രശ്‌നം ഏറ്റവും രൂക്ഷം. നികിത ഗോരെയും വൈഷ്ണവി ഘോല്‍വെയും ബോംബൈ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് മൂലം കൗമാരക്കാരയ പെണ്‍കുട്ടികള്‍ വലിയ വെല്ലുവിളി നേരിടുന്നുവെന്നും ഇതില്‍ ചൂണ്ടിക്കാട്ടുന്നു.

സാനിറ്ററി നാപ്കിനുകളെ അവശ്യസാധനമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഇത് ആവശ്യമായ എല്ലാ സ്ത്രീകള്‍ക്കും വിതരണം ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഔറംഗാബാദ്, സിന്ധു ദുര്‍ഗ്, ലാത്തൂര്‍, അഹമ്മദ് നഗര്‍, ബീഡ്, ഹിങ്കോലി, നാസിക് തുടങ്ങിയ മേഖലകളിലാണ് ഇവര്‍ പഠനം നടത്തിയത്. ഇവര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഗ്രാമീണ മേഖലയിലെ സ്‌കൂളുകളിലെ ശോചനീയമായ ശുചിമുറികളുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ശുചിത്വമുള്ള പ്രത്യേകം ശുചിമുറികള്‍ പെണ്‍കുട്ടികള്‍ക്ക് വേണമെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇവയില്‍ 24 മണിക്കൂറും വെള്ളം ഉണ്ടാകണം. ഇതിന് പുറമെ സാനിറ്ററി പാഡുകള്‍ നിറച്ച വെന്‍ഡിംഗ് മെഷീനുകളും ഉണ്ടായിരിക്കണം. ഉപയോഗിച്ച ശേഷം ഇവ സുരക്ഷിതമായി നശിപ്പിക്കാനുള്ള സംവിധാനവും ഉണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Advertisement