ചേരിചേരാ നയവും ഇസ്ലാമിക സാമ്രാജ്യങ്ങളും വ്യവസായ വിപ്ലവവും സിലബസിന് പുറത്ത്; പാഠഭാഗങ്ങൾ ഒഴിവാക്കി സിബിഎസ്‌ഇ

ന്യൂഡൽഹി: ഇസ്ലാമിക സാമ്രാജ്യങ്ങളെ കുറിച്ചും ശീതയുദ്ധ കാലത്തെ ഇന്ത്യയുടെ ചേരിചേരാ നയത്തെ കുറിച്ചുമുള്ള പാഠഭാഗങ്ങൾ ഒഴിവാക്കി സിബിഎസ്‌ഇ.

പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ സിലബസിൽ നിന്നാണ് ചരിത്രത്തിലെ പ്രധാന വിഷയങ്ങൾ ഒഴിവാക്കിയിരിക്കന്നത്.

ചേരി ചേരാ നയം, ഏഷ്യ-ആഫ്രിക്കൻ മേഖലയിലെ ഇസ്ലാമിക സാമ്രാജ്യങ്ങളുടെ വളർച്ച, മുഗൾ ഭരണകാലത്തെ കോടതികളെ കുറിച്ചുള്ള ചരിത്രം, വ്യാവസായിക വിപ്ലവം എന്നിവയാണ് പതിനൊന്ന്, പന്ത്രണ്ട് ക്ലാസിലെ പൊളിറ്റിക്കൽ സയൻസ്,ഹിസ്റ്ററി സിലബസുകളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

പത്താക്ലാസിലെ, ‘കാർഷികമേഖലയിൽ ആഗോളവൽക്കരണത്തിന്റെ ആഘാതം’ എന്ന പാഠഭാഗവും മാറ്റിയിട്ടുണ്ട്. ഉറുദു കവിയായ ഫായിസ് അഹമ്മദ് ഫായിസിന്റെ രണ്ട് കവിതകളും ഒഴിവാക്കിയയുടെ കൂട്ടത്തിലുണ്ട്. ജനാധിപത്യവും വൈവിധ്യവും എന്ന ചാപ്റ്ററും ഒഴിവാക്കിയിട്ടുണ്ട്.
എൻസിഇആർടി ശുപാർശകൾക്ക് അനുസൃതമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത് എന്നാണ് സിബിഎസ്‌ഇയുടെ വിശദീകരണം.

പതിനൊന്നാം ക്ലാസിലെ ചരിത്ര പാഠഭാഗത്തിൽ നിന്നും മാറ്റിയ ‘സെൻട്രൽ ഇസ്ലാമിക് ലാൻഡ്‌സ്’ ആഫ്രോ-ഏഷ്യൻ പ്രദേശങ്ങളിലെ ഇസ്ലാമിക സാമ്രാജ്യങ്ങളുടെ ഉദയത്തെക്കുറിച്ചും സമ്പദ്വ്യവസ്ഥയിലും സമൂഹത്തിലും ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചുമുള്ളത് ആയിരുന്നു.

മുഗൾ ഭരണകാലത്തെ സാമൂഹിക, മത, സാസ്‌കാരിക ചരിത്രത്തെ കുറിച്ച്‌ വ്യക്തമാക്കുന്നതായിരുന്നു പന്ത്രണ്ടാം ക്ലാസിലെ ഹിസ്റ്ററി സിലബസിൽ ഉൾപ്പെടുത്തിയിരുന്ന മുഗൾകാലത്തെ കോടതികളെ കുറിച്ചുള്ള പാഠഭാഗം.

രണ്ടു ടേം ആയിട്ട് നടത്തുന്ന ബോർഡ് പരീക്ഷകൾ ഒറ്റ ടേം ആയി തന്നെ നടത്താൻ സിബിഎസ്‌ഇ ആലോചിക്കുന്നതായും സൂചനയുണ്ട്. കോവിഡ് കാലത്താണ് രണ്ട് ടേം പരീക്ഷകൾ സിബിഎസ്‌ഇ നടപ്പാക്കിയത്.

Advertisement