കേന്ദ്ര സർവ്വകലാശാല‍കളിലെ ബിരുദ പ്രവേശനം ഇനിമുതൽ പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ; പന്ത്രണ്ടാം ക്ലാസിലെ മാർക്ക് പരിഗണിച്ചാകില്ല

ന്യൂഡൽഹി : രാജ്യത്തെ കേന്ദ്ര സർവ്വകലാശാലകളിൽ ബിരുദ പഠനത്തിന് പ്രവേശനം നൽകുന്നത് ഇനിമുതൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ റിസൽട്ട് പരിഗണിച്ചല്ല.
പൊതു പ്രവേശന പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാകുമെന്ന് പുതിയ ഉത്തരവ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് കേന്ദ്ര സർവ്വകലാശാലകളിലെ പ്രവേശന നടപടികളിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഇതോടെ ഡൽഹി, ജെഎൻയു തുടങ്ങിയ 45 കേന്ദ്ര സർവ്വകലാശാലകളിൽ പ്രവേശനം നേടണമെങ്കിൽ അടുത്ത അധ്യയന വർഷം മുതൽ വിദ്യാർത്ഥികൾ പൊതുപ്രവേശന പരീക്ഷ എഴുതണം. വരുന്ന ജൂലായിൽ ആദ്യ പ്രവേശന പരീക്ഷ നടക്കും.

മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ പരീക്ഷ എഴുതാം. പന്ത്രണ്ടാം ക്ലാസ് സിബിഎസ്സി സിലബസ് പ്രകാരമുള്ള ചോദ്യങ്ങളാകും പ്രവേശന പരീക്ഷയിലുണ്ടാകുകയെന്ന് യുജിസി അറിയിച്ചിട്ടുണ്ട്. എന്നാൽ സംവരണ സീറ്റുകളെ ഇത് ബാധിക്കില്ലെങ്കിലും ന്യൂനപക്ഷ പദവിയുള്ള സർവകലാശാലകളും പുതിയ ഉത്തരവിന്റെ പരിധിയിൽ വരുമെന്ന് യുജിസി ഉത്തരവിൽ പറയുന്നു. നാഷണൽ ടെസ്റ്റ് ഏജൻസിക്കാണ് നിലവിൽ പ്രവേശന പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ളത്. മിക്ക കേന്ദ്ര സർവകലാശാലകളിലും ഇതുവരെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാർക്ക് പരിഗണിച്ചാണ് ബിരുദ പ്രവേശനം നൽകിയിരുന്നത്. ചില സ്ഥലങ്ങളിൽ സർവ്വകലാശാല തന്നെ പ്രവേശന പരീക്ഷകൾ നടത്തുന്നുണ്ട്.

Advertisement