കശ്മീരി മാധ്യമപ്രവർത്തകൻ ഫഹദ് ഷാക്ക് ജാമ്യം; പുറത്തുവന്നശേഷം മറ്റൊരു കേസിൽ വീണ്ടും അറസ്റ്റ്

ശ്രീനഗർ; കശ്മീരി മാധ്യമപ്രവർത്തകൻ ഫഹദ് ഷാക്ക് കശ്മീരിലെ ഷോപിയാൻ ജില്ലാ കോടതി ജാമ്യം അനുവദിച്ചു.

പക്ഷേ, ജാമ്യം ലഭിച്ച്‌ പുറത്തുവന്ന ഉടൻ അദ്ദേഹത്തെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തു.

കാടൻനിയമങ്ങൾ പിന്തുടരുന്ന ഒരു സമൂഹത്തിൽ ജാമ്യം ആവശ്യപ്പെടാനാവില്ല. ഒരു സംസ്‌കാരമുള്ള സമൂഹത്തിന് അത് നിഷേധിക്കാനുമാവില്ലെന്ന് ജാമ്യാപേക്ഷ അനുവദിച്ച ഷോപിയാൻ ജില്ലാ ജഡ്ജി സയീം ഖ്വയൂം പറഞ്ഞു. ജാമ്യമാണ് നിയമമെന്നും ജാമ്യ നിഷേധം അപവാദമാണെന്നും അദ്ദേഹം ഉത്തരവിൽ സൂചിപ്പിച്ചു.

2022 ഫെബ്രുവരി 4നാണ് അദ്ദേഹത്തെ പുൽവാമ പോലിസ് ഭീകരവിരുദ്ധ നിയമമനുസരിച്ച്‌ അറസ്റ്റ് ചെയ്തത്. ഒരു വാർത്തയുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിനെതിരേ രാജ്യദ്രോഹക്കേസ് എടുത്തത്.

22 ദിവസത്തിനുശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. പുറത്തുവന്ന ഉടൻ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ശ്രീനഗർ പോലിസ് 2020ൽ ചുമത്തിയ ഒരു കേസിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. ഷാ സ്ഥാപിച്ച കശ്മീരി വാല വെബ് പോർട്ടലിനെതിരേയാണ് കേസ് എടുത്തിട്ടുള്ളത്.

മനുഷ്യാവകാശ പ്രശ്‌നങ്ങളും നിയമവിരുദ്ധ കൊലപാതകങ്ങൾക്കുമെതിരേ ശക്തമായ നിലപാടെടുക്കുന്ന മാധ്യമമാണ് കശ്മീരിവാല.

Advertisement