കേന്ദ്ര ബജറ്റ് ഇന്ന് പതിനൊന്നു മണിക്ക്

ന്യൂഡൽഹി; 2022-23 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഇന്ന് 11മണിക്ക് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കും.

കഴിഞ്ഞ ദിവസം രാജ്യത്തിന്റെ സാമ്പത്തിക സർവേ റിപ്പോർട്ട് ധനമന്ത്രി പാർലമെന്റിന്റെ മേശപ്പുറത്ത് വച്ചിരുന്നു.

ബജറ്റ് സമ്മേളനം ഏപ്രിൽ 8വരെ നീണ്ടുനിൽക്കും. സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഫെബ്രുവരി 11ന് അവസാനിക്കും- ലോക്‌സഭ സെക്രട്ടറിയേറ്റ് അറിയിച്ചു.

ഫെബ്രുവരി 12 മുതൽ മാർച്ച്‌ 13വരെ സഭാ നടപടികൾ നിർത്തിവയ്ക്കും. ഈ സമയത്ത് വിവിധ സ്റ്റാന്റിങ് കമ്മിറ്റികൾ വിവിധ വകുപ്പുകളുടെ ഗ്രാൻഡുകളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ പരിഗണിച്ച്‌ ചർച്ച നടത്തും.

ബജറ്റ് സമ്മേളനത്തിൽ 29 സിറ്റിങ്ങുകൾ ഉണ്ടാവും. അതിൽ ആദ്യ ഘട്ടത്തിൽ 10ഉം ബാക്കി രണ്ടാം ഘട്ടത്തിലുമായിരിക്കും. അതായത് 19സിറ്റിങ്.

ഫെബ്രുവരി 2-11 ദിവസങ്ങളിൽ നാല് മണി മുതൽ 9വരെ സഭ സമ്മേളിക്കും. അതായത് അഞ്ച് മണിക്കൂറുകൾ.

ശൂന്യവേളകളോ ചോദ്യോത്തരസമയമോ ആദ്യ രണ്ട് ദിവസം ഇരുസഭകളിലും ഉണ്ടാവില്ല.

കൊവിഡ് മഹാമാരിയിൽ നട്ടംതിരിയുന്ന സാമ്പത്തിക മേഖലയെ കൈപിടിച്ചുയർത്താൻ ബജറ്റിൽ പുതിയ പ്രഖ്യാപനങ്ങളുണ്ടാവുമെന്നാണ് പ്രതീക്ഷ. ക്ഷേമ പദ്ധതികൾ, സുസ്ഥിര വളർച്ചാ പദ്ധതികൾ, ഘടനാപരമായ പരിഷ്‌കാരങ്ങൾ എന്നിവയെല്ലാം പുതിയ ബജറ്റിലുണ്ടാവുമെന്ന് വിലയിരുത്തുന്നു. ആദായ നികുതി സ്ലാബുകളിലും ഇളവുകൾ പ്രതീക്ഷിക്കുന്നു.

Advertisement