അന്നത്തെ ടൂത്ത് ബ്രഷ് കച്ചവടക്കാരൻ, ഇന്ന് 12,800 കോടി രൂപയുടെ ആസ്തി! ഏറ്റവും ധനികനായ നിര്‍മ്മാതാവിന്റെ കഥ

ബോളിവുഡിലെ ഏറ്റവും ധനികനായ നിര്‍മ്മാതാവ് ആരാണ്? പല മുഖങ്ങള്‍ ഇപ്പോള്‍ മനസില്‍ കൂടെ മിന്നു മറഞ്ഞു പോയിക്കാണും.
കോടികള്‍ ആസ്തിയുള്ള പലരും പട്ടികയില്‍ ഉണ്ടെങ്കിലും യുടിവി മോഷൻ പിക്ചേഴ്സിൻറെ മുൻ മേധാവിയും ആര്‍എസ്‍വിപി ഫിലിംസിൻറെ ഉടമയുമായ റോണി സ്ക്രൂവാലയാണ് ഹിന്ദി സിനിമയില്‍ നിലവിലെ ഏറ്റവും ധനികനായ നിര്‍മ്മാതാവ്. ഫോബസ് പുറത്തുവിട്ട പട്ടിക പ്രകാരം 1.5 ബില്യണ്‍ ഡോളറില്‍ ഏറെയാണ് അദ്ദേഹത്തിന്റെ ആസ്തി വരുന്നത്. അതായത് 12,800 കോടി രൂപ!

ബോളിവുഡിലെ പേരുകേട്ട നിര്‍മ്മാതാക്കളായ ആദിത്യ ചോപ്ര, കരണ്‍ ജോഹര്‍, ഭൂഷണ്‍ കുമാര്‍, ഏക്ത കപൂര്‍, സാജിദ് നദിയാവാല എന്നിവരൊക്കെ ആസ്തിയില്‍ റോണി സ്ക്രൂവാലയേക്കാള്‍ പിന്നിലാണ്. അതേസമയം റോണി സ്ക്രൂവാലയ്ക്ക് സിനിമയില്‍ നിന്ന് മാത്രമല്ല എല്ലാ വരുമാനവും വരുന്നത്. വരുമാന മാര്‍ഗം പലതുണ്ടെങ്കിലും പ്രധാന വരവ് സിനിമയില്‍ നിന്ന് തന്നെയാണ്. എജ്യൂക്കേഷൻ കമ്പനിയായ അപ്ഗ്രാഡ്, സ്പോര്‍ട്സ് കമ്പനിയായ യു സ്പോര്‍ട്സ്, യൂണിലേസര്‍ വെഞ്ച്വേഴ്സ് എന്നിവയിലെല്ലാം റോണി സ്ക്രൂവാലയ്ക്ക് നിക്ഷേപമുണ്ട്.

സ്വപ്രയത്നം കൊണ്ട് കെട്ടിപ്പടുത്തതാണ് റോണി സ്ക്രൂവാല തൻറെ ബിസിനസ് സാമ്രാജ്യം. ടൂത്ത് ബ്രഷ് നിര്‍മ്മാണത്തിലൂടെ 70കളിലാണ് അദ്ദേഹം ബിസിനസിന് തുടക്കമിടുന്നത്. 11 വര്‍ഷങ്ങള്‍ക്ക് ശേഷം കേബിള്‍ ടിവി ബിസിനസിലൂടെ വിനോദ വിപണിയിലേക്കും കടന്നു. 37,000 രൂപ നിക്ഷേപവുമായി 1990ലാണ് യുടിവി ആരംഭിക്കുന്നത്. ടെലിവിഷൻ ഷോകളും പിന്നീട് സിനിമകളും ഈ കമ്പനിയുടെ ബാനറുകളില്‍ എത്തി.

സ്വദേശ്, ജോധാ അക്ബര്‍, ഫാഷൻ, ബര്‍ഫി, ചെന്നൈ എക്സ്പ്രസ് അടക്കം നിരവധി ചിത്രങ്ങള്‍ ഈ ബാനറില്‍ എത്തി. 2012 ല്‍ യുടിവിയിലെ തൻറെ ഓഹരി ഡിസ്നിക്ക് അദ്ദേഹം വിറ്റു. ഒരു ബില്യണ്‍ ഡോളറിലേറെയാണ് ഇതിലൂടെ ലഭിച്ചത്. 2014 ലാണ് ആര്‍എസ്‍വിപി മൂവീസ് എന്ന പുതിയ ചലച്ചിത്ര നിര്‍മ്മാണ കമ്പനി ആരംഭിച്ചത്. ഉറിയും കേദാര്‍നാഥും അടക്കമുള്ള ചിത്രങ്ങള്‍ ഈ കമ്പിനിയാണ് നിര്‍മ്മിച്ചത്

Advertisement