ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ്: തയാറെടുപ്പിന് ഒന്നര വർഷവും 30 ലക്ഷം വോട്ടിങ് യന്ത്രങ്ങളും വേണമെന്ന് കമ്മിഷൻ

ന്യൂഡൽഹി: ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താൻ (ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ്) 30 ലക്ഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ (ഇവിഎം) വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. 43 ലക്ഷം ബാലറ്റ് യൂണിറ്റുകളും 32 ലക്ഷം വിവിപാറ്റുകളും വേണ്ടിവരും. ഏതെങ്കിലും മെഷീനു കേടുവന്നാൽ പകരം ഉപയോഗിക്കാനായി കരുതിവയ്ക്കാനുള്ള യന്ത്രങ്ങൾ ഉൾപ്പെടെയുള്ള കണക്കാണിത്. തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾക്കായി ഒന്നര വർ‍ഷം വേണ്ടിവരുമെന്നും കമ്മിഷൻ വ്യക്തമാക്കി.

സംയോജിത തിരഞ്ഞെടുപ്പു നടത്താനായി 35 ലക്ഷത്തോളം വോട്ടിങ് യൂണിറ്റിന്റെ കുറവാണ് നിലവിലുള്ളത്. വോട്ടിങ് മെഷീനുകൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനവും ആവശ്യമുണ്ടെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമ കമ്മിഷനെ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ടു വിശദമായ റിപ്പോർട്ട് തയാറാക്കാനുള്ള ശ്രമത്തിലാണ് നിയമ കമ്മിഷൻ. ഇതിനായി എത്ര പോളിങ് ബൂത്തുകൾ സജ്ജീകരിക്കേണ്ടി വരുമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. തിരഞ്ഞെടുപ്പിൽ വോട്ടർമാർ ലോക്സഭയിലേക്കും നിയമസഭയിലേക്കും വെവ്വേറെ വോട്ടു ചെയ്യേണ്ടി വരുമെന്നതിനാൽ രണ്ട് വ്യത്യസ്ത യന്ത്രങ്ങളിൽ വോട്ടു ചെയ്യേണ്ടിവരും.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെ 12.5 ലക്ഷം പോളിങ് സ്റ്റേഷനുകളാണ് ഉണ്ടായിരുന്നത്. 15,000 കോടിരൂപയ്ക്ക് മുകളിലാണ് അന്ന് വോട്ടിങ് സാമഗ്രികൾക്കായി ചെലവു വന്നത്. ഇതിൽത്തന്നെ 6500 കോടി വിവിപാറ്റ് യൂണിറ്റുകൾക്കു വന്ന ചെലവാണ്. തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുമ്പോൾ ചെലവ് ഇനിയും വർധിച്ചേക്കും. ഒരു വോട്ടിങ് യന്ത്രത്തിന് 15 വർഷമാണ് പരമാവധി കാലാവധി പ്രതീക്ഷിക്കുന്നത്. കൺട്രോൾ യൂണിറ്റുകൾ, വിവിപാറ്റ് യൂണിറ്റുകൾ, ബാലറ്റ് യൂണിറ്റുകൾ എന്നിവയ്ക്കായി എത്ര ചെലവു വരുമെന്നതിലും കൃത്യമായ കണക്കുകളില്ല.

മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് തലവനായുള്ള സമിതിയാണ് ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് പദ്ധതിയെക്കുറിച്ച് പഠിക്കുന്നത്. ലോക്സഭയ്ക്കും സംസ്ഥാന നിയമസഭകൾക്കും പുറമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും ഇതോടൊപ്പം നടത്താനുള്ള സാധ്യതകൾ പഠിച്ചുവരികയാണ്.

Advertisement