കേസ് പിൻവലിച്ചാൽ 30 ലക്ഷം നൽകാമെന്ന് എൽദോസ് വാ​ഗ്ദാനം ചെയ്തെന്ന് പരാതിക്കാരി

Advertisement

തിരുവനന്തപുരം: ലൈം​ഗിക പീഡന പരാതി ഒതുക്കിത്തീർക്കാൻ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി പരാതിക്കാരിയായ അധ്യാപിക. കോടതിയിൽ കൊടുത്ത മൊഴിയിലും പൊലീസിൽ നൽകിയ പരാതിയിലും ഉറച്ചു നിൽക്കുന്നതായും, എന്തു മൊഴിയാണ് കൊടുത്തതെന്ന് ഇപ്പോൾ പറയുന്നില്ലെന്നും യുവതി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേസ് ഒത്തുതീർപ്പാക്കാൻ കോവളം സിഐയും എൽദോസിന്റെ പാർട്ടിക്കാരും സുഹൃത്തുക്കളും ശ്രമിച്ചു. തന്നെ ഹണിട്രാപ്പിൽപെടുത്തുമെന്ന് എൽദോസ് ഭീഷണിപ്പെടുത്തി. ഒഴിഞ്ഞുമാറിയിട്ടും ഉപദ്രവം തുടർന്നപ്പോഴാണു പരാതി നൽകിയത്. കഴിഞ്ഞ മാസം 28ന് പരാതി നൽകിയിട്ടും കോവളം സിഐ ഒക്ടോബർ എട്ടിനാണു കാണാൻ തയാറായതെന്നും അവർ പറഞ്ഞു.

എൽദോസ് ലൈംഗികമായി പീഡിപ്പിച്ചെന്ന കാര്യം സ്വന്തം വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്താൻ പരാതിക്കാരി തയാറായില്ല. അതു സംബന്ധിച്ച് മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകിയിട്ടുണ്ട് എന്നായിരുന്നു പ്രതികരണം. എൽദോസുമായി ശാരീരികവും മാനസികവുമായി അടുപ്പമുണ്ടായിരുന്നു. മോശം വ്യക്തിയാണെന്ന് അറിഞ്ഞ് അകലാൻ ശ്രമിച്ചപ്പോൾ എൽദോസ് കഴിഞ്ഞ മാസം ആദ്യം വീട്ടിൽ മദ്യപിച്ചു വന്നു ബഹളമുണ്ടാക്കി. കാറിൽ കയറിയില്ലെങ്കിൽ എല്ലാവരെയും അറിയിക്കുമെന്ന് പ
റഞ്ഞ് ഭീഷണിപ്പെടുത്തി. വണ്ടിയിലും വീട്ടിലും ഉപദ്രവിച്ചു. മർദിച്ചശേഷം എംഎൽഎയാണ് ജനറൽ ആശുപത്രിയിൽ കൊണ്ടുപോയത്.

വീണ്ടും ഉപദ്രവം തുടർന്നപ്പോൾ വനിതാ സെല്ലിൽ ആദ്യം പരാതിയുമായി സമീപിച്ചു. അവിടെനിന്നുള്ള നിർദേശപ്രകാരമാണ് കമ്മിഷണർക്ക് കഴിഞ്ഞമാസം 28ന് പരാതി നൽകിയത്. എംഎൽഎയ്ക്കെതിരെയുള്ള പരാതിയായതിനാൽ കമ്മിഷണർക്ക് നൽകണമെന്ന് വനിതാ സെല്ലിൽനിന്നും അറിയിക്കുകയായിരുന്നു. പരാതി നൽകിയകാര്യം വനിതാ സെല്ലിൽനിന്ന് അപ്പോൾതന്നെ എൽദോസിനെ അവർ അറിയിച്ചു. രണ്ടു ദിവസം കഴിഞ്ഞ് കോവളം പൊലീസ് വിളിച്ചു. എംഎൽഎ ഫോൺ എടുക്കുന്നില്ലെന്ന് പൊലീസ് ആദ്യം പറഞ്ഞു. പിന്നീട് സിഐ അവധിയിലാണെന്നു പറഞ്ഞു. എട്ടാം തീയതി കോവളം സിഐയെ കാണാൻ വിഴിഞ്ഞത്തു പോയി. അടുത്ത ദിവസം എംഎൽഎ സംസാരിക്കുമെന്നും ഒത്തുതീർപ്പിലെത്തിക്കൂടെ എന്നും സിഐ ചോദിച്ചു.

ആദ്യം എംഎൽഎ ആയതുമുതൽ എൽദോസുമായി പരിചയമുണ്ട്. പഴ്സനൽ സ്റ്റാഫ് വഴിയാണ് പരിചയപ്പെട്ടത്. ജൂലൈ മുതൽ അടുപ്പം തുടങ്ങി. എംഎൽഎയും സിഐയും താനുമായി ഒത്തുതീർപ്പിനെപ്പറ്റി സംസാരിച്ചു. സ്വകാര്യ ഹോട്ടലിന് അടുത്തുള്ള വക്കീൽ ഓഫിസിലേക്കാണ് പോയത്. അവിടെവച്ച് 30 ലക്ഷം നൽകാമെന്ന് എൽദോസ് പറഞ്ഞു. സിഐ വക്കീൽ ഓഫിസിൽ വന്നില്ല. ആദ്യം എൽദോസ് 20 ലക്ഷം നൽകാമെന്നാണ് പറഞ്ഞിരുന്നത്. തനിക്കു പണമല്ല ആവശ്യമെന്നും ഉപദ്രവിക്കരുതെന്നും പറഞ്ഞു. പരാതി ഒത്തുതീർപ്പാക്കാൻ രാഷ്ട്രീയക്കാരും അല്ലാത്തവരും വന്നു. സമ്മർദം ശക്തമായി. എന്തു ചെയ്യണമെന്ന് അറിയാതെയാണ് നാടുവിട്ടത്. കന്യാകുമാരിയിൽ കടലിൽ ഇറങ്ങി ആത്മഹത്യയ്ക്കു ശ്രമിച്ചപ്പോൾ നാട്ടുകാർ കണ്ട് പൊലീസിനെ വിളിച്ചു. അവിടെനിന്ന് ഇങ്ങോട്ടു ബസ് കയറ്റി വിട്ടു. പിന്നീട് മധുരയ്ക്കു പോയി. ഫോൺ ഓൺ ആക്കിയപ്പോൾ വഞ്ചിയൂർ എസ്ഐ വിളിച്ച് മടങ്ങി വരണമെന്ന് ആവശ്യപ്പെട്ടു.

പെരുമ്പാവൂർ സ്വദേശിയായ കോൺഗ്രസ് വനിതാ നേതാവ് വിളിച്ച് ഭീഷണിപ്പെടുത്തി. ഉപദ്രവിക്കരുതെന്ന് അവരോട് അപേക്ഷിച്ചു. പിന്നീട് പൊലീസുകാരനെകൊണ്ടും വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. അതിനുശേഷം എൽദോസ് വീട്ടിലെത്തി ബഹളം ഉണ്ടാക്കി ശാരീരികമായി ഉപദ്രവിച്ചപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്. കേസുമായി ബന്ധപ്പെട്ട വിഡിയോ താൻ ആർക്കും കൈമാറിയിട്ടില്ല. എൽദോസിന്റെ ഫോൺ തന്റെ കൈവശമാണെന്ന പ്രചാരണം തെറ്റാണ്. ഫോൺ തന്റെ കയ്യിലാണെങ്കിൽ അദ്ദേഹത്തിന് കേസ് കൊടുക്കാമായിരുന്നല്ലോ?

സമൂഹമാധ്യമങ്ങളിൽ തന്നെക്കുറിച്ച് മോശമായ പ്രചാരണം നടക്കുന്നു. തനിക്കെതിരെ കാശ് തട്ടിപ്പിനു കേസില്ല. വിവാഹബന്ധം വേർപെടുത്താനുള്ള കേസ് മാത്രമാണ് ഉള്ളത്. എൽദോസ് നന്നായി മദ്യപിക്കുന്ന ആളാണ്. ഒക്ടോബർ ഒൻപത് വരെ എൽദോസുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്. താൻ പെരുമ്പാവൂർകാരിയല്ല. തലസ്ഥാനത്ത് കല്യാണം കഴിച്ചു വരികയായിരുന്നു. പണമായിരുന്നു ലക്ഷ്യമെങ്കിൽ 30 ലക്ഷം വാങ്ങി വെറുതേ ഇരിക്കാമായിരുന്നു. അത്രയും പണം തരാൻ എൽദോസിന് സാമ്പത്തികശേഷിയുണ്ടോ എന്നറിയില്ലെന്നും പരാതിക്കാരി പറഞ്ഞു.

എൽദോസിനെതിരെ സ്ത്രീയെ തട്ടിക്കൊണ്ടുപോയി മർദിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, വീട്ടിൽ അതിക്രമിച്ചു കടക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കോവളം പൊലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണു കേസ്. കോവളം പൊലീസിനെതിരെയും ആരോപണമുള്ളതിനാൽ ജില്ലാ ക്രൈംബ്രാഞ്ചിനു കേസ് കൈമാറും. ‌തിരുവനന്തപുരം പേട്ടയിൽ താമസിക്കുന്ന ആലുവ സ്വദേശിയായ അധ്യാപികയാണു പരാതിക്കാരി. ‌എംഎൽഎ തന്നെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചതായി മജിസ്ട്രേട്ടിനോടു യുവതി പരാതിപ്പെട്ടതായാണു സൂചന.

Advertisement