വാക്കുപാലിച്ച് കർണാടക സർക്കാർ; മത്സര പരീക്ഷകളിൽ ഹിജാബ് ധരിക്കാം, നിരോധനത്തിൽ ഇളവ്

ബെംഗളുരു: കർണാടകയിൽ മുൻ ബിജെപി സർക്കാർ ഏർപ്പെടുത്തിയ ഹിജാബ് നിരോധനത്തിൽ ഇളവു നൽകി കോൺഗ്രസ് സർക്കാർ. സർക്കാർ സർവീസിലേക്കുള്ള മൽസര പരീക്ഷകൾക്കു ഹിജാബ് ധരിച്ചെത്താമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട് നിർണായക തീരുമാനമാണ് സംസ്ഥാന സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.

ഹിജാബിന് കർണാടക അഡ്‌മിനിസ്‌ട്രേറ്റീവ് പരീക്ഷകളിൽ (കെഎഇ) വിലക്കുണ്ടാകില്ലെന്നാണ് ഉത്തരവ്. ഹിജാബ് നിരോധനം നീക്കുമെന്നത് കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു.

ഹിജാബ് വിലക്കുന്നത് വ്യക്തി സ്വാതന്ത്ര്യം തടയലാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി എം.സി. സുധാകർ ചൂണ്ടിക്കാട്ടി. മറ്റു പരീക്ഷകളിൽ നിന്നും വിലക്ക് ഘട്ടംഘട്ടമായി നീക്കുമെന്നും അറിയിച്ചിട്ടുണ്ട്. മുൻ സർക്കാർ നിയമ നിർമാണം നടത്തിയതിനാൽ അത് പിൻവലിക്കുന്നതിനായി ഭരണഘടനാപരമായ നടപടികൾ ആവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി.

കർണാടകയിലെ സ്കൂളുകളിലും പിയു കോളജുകളിലും ഹിജാബും കാവി ഷാളും മറ്റു മതപരമായ ചിഹ്നങ്ങളും ധരിച്ച് ക്ലാസിൽ കയറുന്നതു വിലക്കി 2022 ഫെബ്രുവരി അഞ്ചിനാണ് സർക്കാർ ഉത്തരവിറക്കിയത്. തുടർന്ന് മാർച്ച് 15ന് ഈ ഉത്തരവ് ശരിവച്ച ഹൈക്കോടതി വിശാലബെഞ്ച്, യൂണിഫോം സംബന്ധിച്ച് കൃത്യമായ നിർവചനമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ വേഷം ധരിക്കരുതെന്നു വിധിച്ചിരുന്നു.

ഇതിനെ ചോദ്യം ചെയ്ത് ഉഡുപ്പി ഗവ.വനിതാ പിയു വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവർ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സുപ്രീം കോടതി ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. ഹർജികളിൽ വിശദമായ വാദംകേട്ട രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹിജാബ് നിരോധനം ശരിയാണെന്നു വിധിച്ചു. എന്നാൽ, ഹിജാബ് വിലക്ക് മൗലികാവകാശ ലംഘനമാണെന്നു വിലയിരുത്തി ജസ്റ്റിസ് സുധാംശു ധൂളിയ ഹൈക്കോടതി വിധിയും സർക്കാർ ഉത്തരവും റദ്ദാക്കി.

ഇതേത്തുടർന്ന്, കർണാടകയിലെ ഹിജാബ് വിലക്കിനെതിരെയുള്ള ഹർജികളിൽ തീർപ്പുണ്ടാക്കാൻ മൂന്നംഗ ബെഞ്ച് ഉടൻ രൂപീകരിക്കുമെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. അതുവരെ ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി വിധിയാണു പ്രാബല്യത്തിലുണ്ടാവുകയെന്നും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് സിദ്ധരാമയ്യ സർക്കാർ ഹിജാബ് നിരോധനം ഭാഗികമായി നീക്കി ഉത്തരവിറക്കിയത്.

Advertisement