ഡൽഹിയിൽ കോൺഗ്രസിന്റെ വാർ റൂം ആയി പ്രവർത്തിക്കുന്ന വസതി ഒഴിയാൻ കേന്ദ്രത്തിന്റെ നോട്ടീസ്

ന്യൂ ഡെൽഹി:
കോൺഗ്രസിന്റെ വാർ റൂം ആയി പ്രവർത്തിക്കുന്ന വസതി ഒഴിയാൻ കേന്ദ്ര നിർദേശം. ഇവിടെ താമസക്കാരനായിരുന്ന എംപിയുടെ കാലാവധി കഴിഞ്ഞതോടെയാണ് വസതി ഒഴിയാൻ നോട്ടീസ് നൽകിയത്. പശ്ചിമ ബംഗാളിൽ നിന്നുള്ള രാജ്യസഭാ എംപിയായ പ്രദീപ് ഭട്ടാചാര്യയ്ക്ക് അനുവദിച്ച വസതിയാണ് കോൺഗ്രസ് വാർ റൂം ആയി ഉപയോഗിച്ചിരുന്നത്. ഓഗസ്റ്റ് 18ന് പ്രദീപ് ഭട്ടാചാര്യയുടെ കാലാവധി അവസാനിച്ചിരുന്നു. ഡൽഹി ഗുരുദ്വാര രകാബ്ഗഞ്ച് റോഡിലാണ് വസതി സ്ഥിതി ചെയ്യുന്നത്

അടുത്ത അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ എല്ലാ സ്‌ക്രീനിംഗ് കമ്മിറ്റി യോഗങ്ങളും ഇവിടെയാണ് നടന്നിരുന്നത്. 2011 മുതൽ കോൺഗ്രസ് പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗവും ഇവിടെ നിന്നാണ് പ്രവർത്തിക്കുന്നത്. തന്റെ വസതിയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഭട്ടാചാര്യ രാജ്യസഭാ ഹൗസിംഗ് കമ്മിറ്റിക്ക് കത്ത് നൽകിയിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല. എത്രയും വേഗം വസതി ഒഴിയാനാണ് നിർദേശം ലഭിച്ചതെന്ന് ഭട്ടാചാര്യ പ്രതികരിച്ചു.

Advertisement