ഉജ്ജയിനിലെ പെൺകുട്ടിക്കെതിരായ കൊടുംക്രൂരത; പ്രതിയുടെ വീട് പൊളിച്ചുനീക്കും

ഭോപാൽ; മധ്യപ്രദേശിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ വീട് പൊളിച്ചുനീക്കുമെന്ന് അധികൃതർ. നിയമവിരുദ്ധമായി നിർമിച്ചതിനാലാണ് വീട് പൊളിക്കുന്നതെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു.

ഓട്ടോറിക്ഷാ ഡ്രൈവർ ഭാരത് സോണിയെ വ്യാഴാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉജ്ജയിൻ മുനിസിപ്പൽ കോർപറേഷനിലെ സർക്കാർ ഭൂമിയിലാണ് ഭാരതിയുടെ വീട്. സ്ഥലം സർക്കാരിന്റെതായതിനാൽ വീട് പൊളിച്ചു നീക്കുന്നതിന് നോട്ടിസ് നൽകേണ്ട കാര്യമില്ലെന്ന് മുനിസിപ്പൽ കമ്മിഷണർ റോഷൻ സിങ് അറിയിച്ചു. മുനിസിപ്പൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ പൊലീസ് സഹായത്തോടെ നാളെ വീട് പൊളിച്ചുനീക്കുമെന്നും അദ്ദേഹം അറിയിച്ചു

സിസിടിവി പരിശോധനകൾക്കൊടുവിലാണ് ഭാരതി പിടിയിലായത്. മുപ്പത്തിയഞ്ചോളം പേർ 700ലധികം സിസിടിവികൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അജയ് വർമ പറഞ്ഞു.

പീഡനത്തിനിരയായ പെൺകുട്ടി ചോരയൊലിപ്പിച്ച് അർധനഗ്നയായി വീടുകൾ തോറും സഹായം അഭ്യർഥിച്ചു നടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഒടുവിൽ ആശ്രമത്തിലെ പുരോഹിതനാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചതും പൊലീസിനെ വിളിച്ചറിയിച്ചതും. ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സർക്കാർ കടുത്ത നടപടികളിലേക്ക് കടന്നത്.

Advertisement