ഓടുന്ന ട്രെയിനിൽ നിന്നും റീൽസ് ഷൂട്ടിനിടെ കൈ വിട്ട് താഴേക്ക്; ഭയപ്പെടുത്തുന്ന വീഡിയോ !

Advertisement

സാമൂഹിക മാധ്യമങ്ങളിൽ ലൈക്ക് കിട്ടാൻ വേണ്ടി ജീവൻ പോലും അപകടത്തിലാവുന്ന തരത്തിൽ റീൽസുകൾ ഷൂട്ട് ചെയ്യുന്നതിനാണ് യുവാക്കളുടെ ശ്രദ്ധ. ഇന്ത്യയിൽ ഇതിനായി വ്യാപകമായി തെരഞ്ഞെടുക്കപ്പെടുന്നത് ഓടുന്ന ട്രെയിനുകളാണ്.

നിരവധി തവണ റെയിൽവേ അധികൃതർ മുന്നറിയിപ്പ് നൽകുകയും നടപടി എടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇന്നും ഓടുന്ന ട്രെയിനിൽ നിന്ന് റീൽസ് ഷൂട്ട് ചെയ്യുന്നതിന് ഒരു കുറവുമില്ല. കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒരു റീൽസ് ഷൂട്ടിനിടെ ഉണ്ടായ അപകടത്തിൻറെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഒരു മാസം മുമ്പ് സാമൂഹിക മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോ ഇതിനകം ഒരു ലക്ഷത്തിൽ മേലെ ആളുകൾ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് യുവാക്കളുടെ റീൽസ് ഷൂട്ടിന് എതിരെ തങ്ങളുടെ കുറിപ്പുകളെഴുതിയത്.

ട്രെയിൽ അത്യാവശ്യം വേഗതയിൽ നീങ്ങിക്കൊണ്ടിരിക്കുമ്പോൾ ഒരു കൈ കൊണ്ട് വാതിലിൻറെ കമ്പിയിൽ തൂങ്ങി റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ, ട്രാക്കിലെ കരിങ്കൽ ചീളുകളിൽ തട്ടി യുവാവിൻറെ ബാലൻസ് തെറ്റുന്നു. തുടർന്ന് ഇയാൾ ട്രെയിനിൻറെ അടിയിലേക്ക് വീഴുന്നു. വീഡിയോയിൽ യുവാവ് മൂന്നാല് തവണ ഉരുണ്ട ശേഷം കൈ ട്രെയിനിൻറെ അടിയിലേക്ക് പോകുന്നത് കാണാം. ഈ സമയമാകുമ്പോഴേക്ക ട്രെയിൻ അത്യാവശ്യം സഞ്ചരിക്കുകയും വീഡിയോയിൽ യുവാവ് ഏറെ അകലെയാവുകയും ചെയ്യുന്നു. വീഡിയോയിൽ യുവാവ് പിടി വിട്ട് വീഴുമ്പോൾ ട്രെയിനിലുള്ള ആളുകളുടെ നിലവിളി ഉയരുന്നത് കേൾക്കാം. ഓടുന്ന ട്രെയിനിൽ നിന്ന് കരിങ്കൽ ചീളുകളിലേക്ക് വീണ യുവാവിന് പിന്നീട് എന്ത് സംഭവിച്ചെന്ന് അറിയില്ല. ട്രെയിൻ മുന്നോട്ട് നീങ്ങുമ്പോൾ ഇയാൾ റെയിൽവേ ട്രാക്കിന് സമീപത്തെ കരിങ്കൽ ചീളുകൾക്ക് മുകളിൽ കുത്തിയിരിക്കുന്നത് കാണാം. ocholesഎന്ന ഇൻസ്റ്റാഗ്രം ഉപയോക്താവ് വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചു ‘നിങ്ങൾക്ക് തെരുവുകൾ കുറവായിരിക്കുമ്പോൾ’. തൊട്ട് താഴെ ഒരു കാഴ്ചക്കാരൻ എഴുതിയത്, ‘ഏറ്റവും മിടുക്കരായ ഇന്ത്യൻ പൗരന്മാർ’ എന്നായിരുന്നു. വീഡിയോ കണ്ടവരിൽ ഒരുപാട് പേർ യുവാവിന് കാര്യമായ അപകടം പറ്റിയിരിക്കാൻ സാധ്യതയുണ്ടെന്ന് കുറിച്ചു.

Advertisement