ഞങ്ങളെ ആരാധിക്കേണ്ട, വന്ദിക്കേണ്ട; തുല്യരായി കാണണം: വനിതാ ബില്ലിൽ കനിമൊഴി

Advertisement

ന്യൂഡൽഹി: വനിതാ സംവരണ ബിൽ സംവരണത്തെക്കുറിച്ചുള്ളതല്ലെന്നും ‘പക്ഷപാതവും നീതീരാഹിത്യവും’ മാറ്റാനുള്ള പ്രവർത്തിയാണെന്നൂം ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി. ബില്ലിന്മേലുള്ള ചർച്ചയിൽ ലോക്സഭയിൽ സംസാരിക്കുകയായിരുന്നു അവർ. സ്ത്രീകളെ തുല്യരായി കണ്ടു ബഹുമാനിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

മണ്ഡല പുനഃസംഘടനയ്ക്കുശേഷം സംവരണം പ്രാവർത്തികമാകുമെന്ന വ്യവസ്ഥ ബില്ലിൽനിന്നു നീക്കണമെന്നും അവർ ആവശ്യപ്പെട്ടു. വനിതാ സംവരണം നടപ്പാക്കുന്നതിൽ ഇനിയുമുണ്ടാകുന്ന കാലതാമസം നീക്കണമെന്നതാണ് അവരുടെ ആവശ്യം. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33% സംവരണം ഏർപ്പെടുത്തുന്ന ബിൽ 2027ലെ സെൻസസിനുശേഷം 2029ലെ തിരഞ്ഞെടുപ്പിലേ പ്രാവർത്തികമാകൂ. ബില്ലിന് നിഗൂഢതയുടെ ആവരണമുണ്ടെന്നും അവർ ആരോപിച്ചു.

‘‘27 വർഷം വലിച്ചുനീട്ടിയ ബില്ലാണ് പൊതുതിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് തിടുക്കപ്പെട്ട് അവതരിപ്പിക്കുന്നത്. ബില്ലുമായി ബന്ധപ്പെട്ടവരോട് ആശയരൂപീകരണം നടത്താൻ ബിജെപി തയാറായിട്ടില്ല. വനിതാ സംവരണ ബിൽ പല തവണ ഞാൻ പാർലമെന്റിൽ ഉന്നയിച്ചതാണ്. രാഷ്ട്രീയ പാർട്ടികളുൾപ്പെടെ എല്ലാവരുമായും ചർച്ച നടത്തേണ്ടതുണ്ടെന്നാണ് അന്ന് മറുപടി നൽകിയത്. ബിൽ അവതരിപ്പിക്കുന്നതിനു മുൻപ് പൊതുസമ്മതം നേടേണ്ടതുണ്ടെന്നും പറഞ്ഞു. എന്തു ചർച്ചയാണ് നടന്നത്? എന്തു പൊതുസമ്മതമാണ് നേടിയത്?

ബില്ലുമായി ബന്ധപ്പെട്ട ഇക്കാര്യങ്ങളെല്ലാം നിഗൂഢമായി നിലനിൽക്കുകയാണ്. എന്തിനാണ് പ്രത്യേക സമ്മേളനം വിളിച്ചതെന്നുപോലും അറിയില്ല. സർവകക്ഷി യോഗത്തിൽപോലും വനിതാ സംവരണ ബില്ലിനെക്കുറിച്ചു പറഞ്ഞിട്ടില്ല. ബിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയായിരുന്നു. ഈ രീതിയിലാണോ ഒരു സർക്കാർ പ്രവർത്തിക്കാൻ പോകുന്നത്? ഒരു ദിവസം പെട്ടെന്ന് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ യൂണിഫോമിൽ താമര വിരിയുന്നു. എല്ലാ കാര്യങ്ങളും ഇങ്ങനെയാണോ നടപ്പാക്കുന്നത്.

ബിൽ പ്രാബല്യത്തിലാകാൻ ഇനിയും എത്രനാൾ കാത്തിരിക്കണം. ഈ വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇത് ഏർപ്പെടുത്താൻ എളുപ്പമല്ലേ. ഈ ബിൽ ഒരു സംവരണമല്ല, പക്ഷപാതവും നീതിരാഹിത്യവും നീക്കുന്നതിനുള്ളതാണെന്ന് നിങ്ങൾ മനസ്സിലാക്കണം. ടോക്കൺ രാഷ്ട്രീയമെന്നത് ആശയങ്ങളുടെ രാഷ്ട്രീയമായി രൂപാന്തരം പ്രാപിക്കണം. ഈ ബില്ലിന്റെ പേര് നാരീ ശക്തി വന്ദൻ അധിനിയം എന്നാണ്. ഞങ്ങളെ വന്ദിക്കുന്നത് നിർത്തണം. വന്ദനമല്ല ഞങ്ങൾക്കു വേണ്ടത്. പീഠത്തിൽ പ്രതിഷ്ഠിക്കുകയും ആരാധിക്കുകയുമല്ല ഞങ്ങൾക്കു വേണ്ടത്. തുല്യരായി ബഹുമാനിക്കുകയാണ്.’’ – കനിമൊഴി പറഞ്ഞു.

തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെയുടെ മുഖ്യ എതിരാളിയുമായിരുന്ന ജെ. ജയലളിത ശക്തിയേറിയ വനിതയായിരുന്നുവെന്നത് അംഗീകരിക്കുന്നതിൽ ഒരു മടിയും ഇല്ലെന്നും കനിമൊഴി കൂട്ടിച്ചേർത്തു.

Advertisement