കാനഡയിലുള്ള ഇന്ത്യക്കാർ റജിസ്റ്റർ ചെയ്യണം; യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണം: വിദേശകാര്യ മന്ത്രാലയം

Advertisement

ന്യൂഡൽഹി: കാനഡയുമായി നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ അവിടുത്തെ ഇന്ത്യൻ പൗരൻമാരോടും വിദ്യാർഥികളോടും അതീവ ജാഗ്രത പുലർത്താൻ നിർദേശിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. കാനഡയിൽ വർധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ കണക്കിലെടുത്ത്, അവിടെയുള്ള ഇന്ത്യൻ പൗരൻമാരും അവിടേക്കു യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവരും അതീവ ജാഗ്രത പുലർത്തണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

ഇന്ത്യാ വിരുദ്ധ അജൻഡയെ എതിർക്കുന്ന ഇന്ത്യൻ നയതന്ത്രജ്ഞരെയും ഇന്ത്യൻ സമൂഹത്തിലെ വിഭാഗങ്ങളെയും പ്രത്യേകമായി ലക്ഷ്യമിട്ട് ഭീഷണി ഉയരുന്നുണ്ട്. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട കാനഡയിലെ പ്രദേശങ്ങളിലേക്കു യാത്ര ചെയ്യുന്നത് ഇന്ത്യൻ പൗരൻമാർ ഒഴിവാക്കണം.

കാനഡയിലെ ഇന്ത്യൻ പൗരൻമാരും വിദ്യാർഥികളും ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലോ ടൊറന്റോയിലെ കോൺസുലേറ്റിലോ നിർബന്ധമായും റജിസ്റ്റർ ചെയ്യണം. madad.gov.in. എന്ന വെബ്സൈറ്റ് വഴിയും റജിസ്റ്റർ ചെയ്യാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് കാനഡ, പൗരൻമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

Advertisement