ഇന്ത്യയിൽ വച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രിയെ കണ്ട ഋഷി സുനക് , വൈറലായൊരു ചിത്രം

ന്യൂഡൽഹി: ഇന്ത്യയിൽ നടന്ന ജി 20 ഉച്ചകോടി അക്ഷരാർത്ഥത്തിൽ ലോക നേതാക്കളുടെ സമ്മേളനവേദിയായിരുന്നു. അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ മുതൽ പ്രമുഖ ലോകരാജ്യങ്ങളുടെ തലവൻമാരിൽ ഏറെക്കുറെ എല്ലാവരും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഡൽഹിൽ അണിനിരന്നപ്പോൾ അത്യപൂർവ്വമായ നിരവധി കാഴ്ചകളും കൂടിയാണ് ജി 20 ഉച്ചകോടി സമ്മാനിച്ചത്.

അതിനിടയിൽ ഇപ്പോൾ വൈറലാകുന്നൊരു ചിത്രം, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും തമ്മിലുള്ള സൗഹൃദ സംഭാഷണത്തിൻറേതാണ്. ഷെയ്ഖ് ഹസീനയെ കണ്ടതും അടുത്തെത്തി മുട്ടുകുത്തി ഇരുന്നാണ് ഋഷി സുനക് സംസാരിച്ചത്. ചിത്രം പുറത്തുവന്നതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ എളിമയെ ലോകം വാഴ്ത്തുകയാണ്.

ഒരു കസേരയിൽ ഇരിക്കുന്ന ഷെയ്ഖ് ഹസീനയുടെ അരികിൽ മുട്ടുകുത്തി ഇരിക്കുന്ന സുനകിൻറെ ചിത്രമാണ് പുറത്തുവന്നത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ നിരവധിപേരാണ് ഋഷി സുനകിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. സുനകിൻറെ എളിമയെ വാഴ്ത്തിക്കൊണ്ട് നിരവധിപേർ സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ച് കുറിപ്പും ഇട്ടിട്ടുണ്ട്.

അതേസമയം ജി 20 ഉച്ചകോടിക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകും ഭാര്യ അക്ഷത മൂർത്തിയും ക്ഷേത്ര സന്ദർശനവും നടത്തിയിരുന്നു. ജി 20 ഉച്ചകോടിയുടെ അവസാന ദിവസമായ ഞായറാഴ്ച രാവിലെയാണ് ഋഷി സുനക്, ഭാര്യ അക്ഷത മൂർത്തിക്കൊപ്പം ഡൽഹിയിലെ പ്രശസ്തമായ അക്ഷർധാം ക്ഷേത്രത്തിലെത്തിയത്. ഇരുവരും ക്ഷേത്രത്തിലെത്തി പ്രാർഥിച്ച് ആരതിയുഴിഞ്ഞു. തുടർന്ന് ക്ഷേത്രം ഭാരവാഹികൾക്കൊപ്പം ഫോട്ടോയുമെടുത്ത ശേഷമാണ് ഇവർ മടങ്ങിയത്. ബ്രിട്ടൻറെ പ്രധാനമന്ത്രിയായശേഷം ആദ്യമായാണ് റിഷി സുനക് ഇന്ത്യയിലെത്തിയത്. ജി 20 ക്കിടെ ഇന്ത്യയിലെ ചില ക്ഷേത്രങ്ങൾ സന്ദർശിക്കാൻ സമയം കണ്ടെത്തുമെന്ന് ഋഷി സുനക് നേരത്തെ പറഞ്ഞിരുന്നു. ഇതിൻറെ തുടർച്ചയായാണ് അദ്ദേഹം ഡൽഹിയിലെ പ്രശസ്തമായ അക്ഷർധാം ക്ഷേത്രത്തിലെത്തിയത്.

Advertisement