‘ഷോർട് മാര്യേജി’ന് വരനെ ആവശ്യമെന്ന് യുവതിയുടെ വിവാഹപരസ്യം; സോഷ്യൽ മീഡിയയിൽ പരിഹാസം

വിവാഹത്തെ കുറിച്ച് വിവാഹം കഴിക്കാൻ പോകുന്നവർക്കും അവരുടെ വീട്ടുകാർക്കും ചില സങ്കൽപങ്ങളൊക്കെ ഉണ്ടാകും. അതിനൊത്തായിരിക്കും അവർ വിവാഹാലോചനയുമായി ബന്ധപ്പെട്ട് പരസ്യം നൽകുക. ഇപ്പോഴിതാ വ്യത്യസ്തമായൊരു വിവാഹാലോചനയുമായി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഒരു യുവതിയുടെ വിവാഹ പരസ്യം. ‘ഷോർട് മാര്യേജ്’ എന്ന വാക്കാണ് ഈ പരസ്യം കയറിക്കൊളുത്താനുള്ള കാരണം.

മുബൈയിലെ ഒരു സമ്പന്ന കുടുംബത്തിലുളള യുവതിയുടേതാണ് വിവാഹ പരസ്യം. വിവാഹമോചിതയായ ഒരു സ്ത്രീയ്ക്ക് ഷോർട് മാര്യേജിനായി വരനെ ആവശ്യമുണ്ട് എന്നാണ് പരസ്യവാചകം. വിദ്യാസമ്പന്നയായ യുവതി, 1989ൽ ജനനം, അഞ്ചടി ഏഴിഞ്ച് നീളം, മുംബൈയിൽ സ്വന്തമായി ഹോസ്പിറ്റാലിറ്റി ബിസിനസ് നടത്തുന്നു എന്നിങ്ങനെയാണ് പരസ്യത്തിൽ പറയുന്നത്. ജാതി പ്രശ്‌നമല്ലെന്നും പരസ്യത്തിൽ എടുത്തു പറയുന്നുണ്ട്. അതേസമയം ഈ ഷോർട് മാര്യേജ് എന്ന് പറയുന്നത് കുറച്ചുകാലത്തേക്കുളള കല്യാണമാണെന്നാണോ ഉദ്ദേശിച്ചതെന്ന് ചോദിച്ച് വിവാഹ പരസ്യത്തെ കളിയാക്കികൊണ്ട് നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്. ഷോർട് മാര്യേജ് എന്നതുകൊണ്ട് വലിയ ചടങ്ങുകളില്ലാത്ത ചെറിയ കല്യാണമെന്നാണെന്ന് ചിലർ വാദിക്കുന്നുണ്ടെങ്കിലും പരസ്യം സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

തനിഷ്‌ക സോധി എന്ന യുസറുടെ ട്വിറ്റർ അക്കൗണ്ടിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. ഷോർട് മാര്യേജ് എന്ന് പറഞ്ഞ് ചോദ്യ ചിഹ്നമിട്ടാണ് തനിഷ്‌ക പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. പോസ്റ്റ് ഷെയർ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽതന്നെ നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തിയത്. തമാശയായിട്ടാണ് പരസ്യത്തെ എല്ലാവരും സ്വീകരിച്ചിരിക്കുന്നത്. പെൺകുട്ടിക്ക് ഉയരക്കുറവായതിനാലാണ് ഷോർട് മാര്യേജ് എന്ന് പറഞ്ഞിരിക്കുന്നതെന്നാണ് ഒരാളുടെ കമന്റ്. ചിലപ്പോൾ വിവാഹ ചടങ്ങുകളുടെ പകുതിമാത്രമായിരിക്കും നടത്തുക അതിനാലാവാം ഈ വാചകമെന്നും കമന്റുകൾ കാണാം. അതേസമയം ഇത് പരസ്യം അച്ചടിച്ചതിലെ പിശകാവാനാണ് സാധ്യതയെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

മേയ്ഡ് ഇൻ ഹെവൻ എന്ന പേരിൽ ഒരു ടിവി ഷോ നടക്കുന്നുണ്ട്. ഹ്രസ്വകാലം നിലനിൽക്കുന്ന വിവാഹബന്ധങ്ങളാണ് ഈ ഷോയുടെ പ്രമേയം. അത്തരത്തിൽ ഒരു മേയ്ഡ് ഇൻ ഹെവനാണ് ഈ പരസ്യത്തിലൂടെ യുവതി ഉദ്ദേശിക്കുന്നതെന്നും പരസ്യത്തിനെതിരെ എതിർപ്പുകൾ ഉയരുന്നുണ്ട്. ജാതി ഒരു പ്രശ്‌നമല്ലെന്ന് പരസ്യത്തിൽ എടുത്തു പറഞ്ഞതോടെ ഷോർട് മാര്യേജ് എന്നതും കാര്യമാക്കേണ്ടതില്ലെന്നാണ് ഒരു യൂസർ കമന്റിട്ടിരിക്കുന്നത്. അതേസമയം സോഫ്റ്റ്‌വെയർ എൻജിനീയർമാരുടെ വിവാഹാലോചനകൾ സ്വീകരിക്കില്ലെന്നും പരസ്യത്തിൽ എടുത്തു പറഞ്ഞിട്ടുണ്ട്.

Advertisement